ഒരു കൊടിയ നിഷേധി കാവ്യപ്രപഞ്ചം ഭരിച്ച കഥ

 


✍️ ഷബീര്‍ രാരങ്ങോത്ത്


കഹ്തെ ഹെ ജീതേ ഹെ ഉമീദ് പെ ലോഗ്

ഹം കൊ ജീനെ കി ഭി ഉമീദ് നഹീ

(ആളുകള്‍ പ്രതീക്ഷയിലാണ് ജീവിപ്പെന്ന് പറയപ്പെടുന്നു;

എനിക്കോ ജീവിക്കുന്നതില്‍ തന്നെ പ്രതീക്ഷ കാണുന്നില്ല)


ഗാലിബ് എന്ന പേര് കേള്‍ക്കാത്ത സാഹിത്യ കുതുകികള്‍ കുറവായിരിക്കും. അദ്ദേഹത്തിന്റെ പേനയില്‍ നിന്നുതിര്‍ന്നു വീണ തത്വചിന്താപരമായ കവിതകള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പുള്ള കവികള്‍ ഇന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. അത് നമ്മള്‍ മനസിലാക്കുന്നു എന്നതുപോലെ അദ്ദേഹവും തിരിച്ചറിയുകയും അതില്‍ മേനികൊള്ളുകയുമുണ്ടായിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തോളം മനസിലാക്കിയ മറ്റാരുമുണ്ടാവില്ല. അദ്ദേഹം ചോദിക്കുന്നുണ്ട്.

ഹോഗാ കൊയി ഐസാ ഭി കി ഗാലിബ് കൊ ന ജാനേ

ഷായര്‍ തൊ വൊ അച്ചാ ഹെ പെ ബദ്‌നാം ബഹുത് ഹെ

(ഗാലിബിനെ അറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ?!

നല്ല കവിയൊക്കെ തന്നെയാണ്, എന്നാല്‍, ദുഷ്‌പേര് വലുതാണ്).

ദിലെ നാദാന്‍ എന്ന ഗസലില്‍ അദ്ദേഹം പറയുന്നുണ്ട്.

മെ ഭി മുഹ് മെ സബാന്‍ രഖ്താ ഹൂ

കാശ് പൂചോ കി മുദ്ദആ ക്യാ ഹെ

(എന്റെ വായിലുമുണ്ട് നാക്ക്;

എനിക്കെന്തു വേണമെന്നെന്നോടാരാഞ്ഞാലും)

നിലപാടു പറച്ചിലിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം കൃത്യമായിരുന്നു.

ഗാലിബിന്റെ രചനകള്‍ ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലളിത പദങ്ങള്‍ക്കു പകരം ഗഹനമായ പദങ്ങളെ ഗാലിബ് അനായാസം ഉപയോഗിച്ചു. കടുത്ത വിമര്‍ശനങ്ങളും ഇതിനെത്തുടര്‍ന്ന് അദ്ദേഹം നേരിടുകയുണ്ടായി. ഒരു സാധാരണക്കാരന് ഒറ്റയടിക്ക് മനസിലാക്കാവുന്നതായിരുന്നില്ല ഗാലിബിന്റെ രചനകളില്‍ മിക്കതും. അതിനെത്തുടര്‍ന്ന് ഗാലിബ് വേദികളില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നു. ഗാലിബ് ഹാജറെന്നു കണ്ടാല്‍ കഠിന പദങ്ങള്‍ കോര്‍ത്തിണക്കി അസംബന്ധങ്ങള്‍ മുഷായറകളില്‍ മുഴക്കി ഗാലിബിനെ അപമാനിക്കാന്‍ ശ്രമിക്കുക പതിവായിരുന്നു.

ഒരിക്കല്‍ ഒരു മൗലവി വന്ന് ഗാലിബിന്റെ ഒരു ശേറിന്റെ അര്‍ഥം മനസിലായില്ലെന്ന് പറയുകയുണ്ടായി. ഗാലിബ് ഏതാണ് ഷേര്‍ എന്നാരാഞ്ഞു

പഹ് ലെ തൊ രൗഹന്‍ഗുല്‍ ഭേസ് കെ അണ്ഡേ സെ നിക് ലാ

ഫിര്‍ ദവാ ജിത്‌നാ ഹെ, കുല്‍ ഭേസ് കെ അണ്ഡേ സെ നിക് ലാ

(ആദ്യം എരുമമുട്ടയില്‍ നിന്ന് പനിനീര്‍ സത്ത് പുറത്തു വന്നു

പിന്നാലെ, മറ്റു മരുന്നുകളും ഓരോന്നായി പുറത്തു വന്നു)

അമ്പരന്ന ഗാലിബ് അത് തന്റേതല്ലെന്നു പറഞ്ഞു. മൗലവി പക്ഷേ, തറപ്പിച്ചു പറഞ്ഞു. ഗാലിബിന് കാര്യം മനസിലായത് പിന്നീടാണ്. മൗലവി അദ്ദേഹത്തെ അധിക്ഷേപിച്ചതായിരുന്നു.

ഗാലിബ് പിന്നീട് മറുപടിയായെഴുതി.

മുഷ്‌കില്‍ ഹെ സബ്‌സ് കലാം മെരാ ഏ ദില്‍

സുന്‍ സുന്‍ കെ ഉസേ സുഖ്വന്‍വരാനെ കാമില്‍

ആസാന്‍ കെഹ്നെ കി കര്‍തെ ഹെ ഫര്‍മയിഷ്

ഗൊയം മുഷ്‌കില്‍ വഗര്‍നാ ഗോയം മുഷ്‌കില്‍

(ഓ ഹൃദയമേ, ശരിയാണല്ലോ, എന്റെ രചനകള്‍ ദുര്‍ഗ്രാഹ്യമാണല്ലോ,

കാവ്യലോകം കീഴടക്കിയ മഹാകവികള്‍ അത് കേള്‍ക്കെ

ലളിതമായെഴുതാന്‍ പറയുന്നുവല്ലോ;

ഞാനെന്തു ചെയ്യാന്‍, പ്രയാസകരമായല്ലാതെയെഴുതുക എന്നത് എനിക്കേറെ പ്രയാസകരമാണല്ലോ)

ഗാലിബിന്റെ ഈ മറുപടി കുറിക്കു കൊള്ളുന്നതായിരുന്നു. 

അദ്ദേഹം ഇങ്ങനെ കൂടി കുറിച്ചിരുന്നു.

ന സതായിഷ് കി തമന്നാ ന സിലേ കി പര്‍വാ

ഗര്‍ നഹി ഹെ മെരെ അശ്ആര്‍ മെ മാനി ന സഹി

(പുകഴ്ത്തലിനായുള്ള കാത്തിരിപ്പല്ല, പുരസ്‌കാരങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല;

എന്റെ കവിതകള്‍ക്ക് അര്‍ഥമില്ലെങ്കില്‍ അങ്ങനെയാവട്ടെ)

അഞ്ഞൂറിലധികം കവികള്‍ ഉര്‍ദു കാവ്യ ശാഖയെ തരളിതമാക്കിയിരുന്ന കാലത്ത് ഗാലിബ് അസ്തിത്വം ഉയര്‍ത്തിപ്പിടിച്ചില്ലായിരുന്നെകില്‍ ശ്രദ്ധിക്കപ്പെടുമായിരുന്നില്ല എന്നു കരുതുന്നവരും ഉണ്ട്. മറ്റുള്ളവരോടൊപ്പം സഞ്ചരിക്കുക എന്നതില്‍ നിന്നു മാറി സ്വന്തമായ ഒരു വഴിവെട്ടി സഞ്ചരിക്കുകയായിരുന്നു അദ്ദേഹം.

ദില്‍ കൊ ഇസ്ഹാറെ സുഖന്‍ അന്ദാസെ ഫത്ഹുല്‍ ബാബ് ഹെ

യാ സരീരെ ഖാമ ഗൈര്‍ അസ് ഇസ്തികാകെ ദര്‍ നഹി

(ഹൃദയാവിഷ്‌കാരം വിജയത്തിലേക്കുള്ള വാതിലാണ്

എനിക്ക്, പേനയുരയുന്ന ശബ്ദം വാതില്‍ തുറക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നല്ല)

എന്ന് അദ്ദേഹം കുറിക്കുന്നുണ്ട്.

മറ്റൊരിടത്ത് അദ്ദേഹം പറയുന്നതിങ്ങനെയാണ്.

ആതെ ഹെ ഗൈബ് സെ യെ മസാമീന്‍ ഖയാല്‍ മെ

ഗാലിബ് സരീറെ ഖാമ നാവായെ സരോഷ് ഹെ

(നിഗൂഢമായ ചില ചിന്തകള്‍ മനസിലെത്തുന്നുണ്ട് ഗാലിബ് ;

പേനയുരയുന്ന ശബ്ദം മാലാഖമാരുടെ ശബ്ദമായി തോന്നുന്നു)

തന്റെ കവിതകള്‍ ദിവ്യമായ അനുഭൂതി സൃഷ്ടിക്കുന്നു എന്ന് ഗാലിബ് പറയുകയാണിവിടെ.

'ഇന്ത്യയില്‍ രൂപപ്പെട്ടതായ രണ്ടു ദിവ്യ പുസ്തകങ്ങളേയുള്ളൂ, വേദങ്ങളും ദീവാനെ ഗാലിബും' എന്ന അബ്ദുര്‍റഹ്‌മാന്‍ ബിജ്‌നോരിയുടെ പരാമര്‍ശവുമായി മേല്‍ ഈരടി കൂട്ടിവായിക്കാവുന്നതാണ്.

ഒടുക്കം എല്ലാ കവികളേയും പിണക്കുക അത്ര പന്തിയല്ലെന്നു കണ്ട് പേര്‍ഷ്യന്‍ ഭാഷയില്‍ കവിതയെഴുതുകയായിരുന്നു ഗാലിബ്. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഗാലിബ് വീണ്ടും ഉര്‍ദുവില്‍ എഴുതിയത്.

നിലപാടുകളുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഗാലിബ് തയ്യാറായിരുന്നില്ല.

ഗാലിബ് നിരവധി തവണ ജയിലറക്കുള്ളിലായിട്ടുണ്ട്. 1857 ലെ കലാപാനന്തരം ഗാലിബ് അറസ്റ്റ് ചെയ്യപ്പെട്ടു. കേണല്‍ ബ്രൂണിന്റെ മുന്നില്‍ ഹാജറാക്കപ്പെട്ട ഗാലിബിനോട് താങ്കള്‍ മുസ്ലിമാണോ എന്ന ചോദ്യമുയര്‍ന്നു. 'ഞാൻ ഒരു പാതി മുസ്ലിമാണ്, കാരണം ഞാന്‍ മദ്യപിക്കാറുണ്ട്, പക്ഷേ പന്നി മാംസം കഴിക്കാറില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അദ്ദേഹത്തിന്റെ തത്വചിന്തകളും സ്വയം വിമര്‍ശനങ്ങളും ബോധ്യങ്ങളും കവിതകളില്‍ കൃത്യമായി ഉള്‍ക്കൊള്ളിച്ചിരുന്നു.

ഒരു ഉദാഹരണം ശ്രദ്ധിക്കൂ.

ബസ് കി ദുഷ് വാര്‍ ഹെ ഹര്‍ കാം കാ ആസാ ഹോനാ

ആദ്മി കൊ ഭി മുയസ്സര്‍ നഹി ഇന്‍സാന്‍ ഹോനാ

(എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുക ദുഷ്‌കരമത്രെ;

ഒരാള്‍ക്ക് മനുഷ്യനാവുക പോലും പ്രയാസകരമത്രെ)


കൊയി ഉമീദ് ബര്‍ നഹി ആതി പോലുള്ള ഗസലുകള്‍ തത്വചിന്തകളുടെ വലിയ പ്രകാശനമാണ്.

അദ്ദേഹം സ്വയം വിലയിരുത്തി എഴുതുന്ന ഒരു ഈരടിയുണ്ട്

യെ മസാഇലെ തസവ്വുഫ് യെ തെരാ ബയാന്‍ ഗാലിബ്

തുഝെ ഹംവലി സമഝ്‌തെ ജൊ ന ബാദഖ്വാര്‍ ഹോതാ

(ഗാലിബ്, ഈ സൂഫീ ചര്‍ച്ചകളും താങ്കളുടെ പ്രഭാഷണങ്ങളും!

താങ്കളെ ഒരു ദിവ്യനായി പരിഗണിച്ചേനെ, താങ്കള്‍ ഒരു കുടിയനല്ലായിരുന്നെങ്കില്‍)

അത്രമേല്‍ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം സ്വന്തത്തെ കണ്ടിരുന്നത്. തന്റെ ചിന്തകള്‍ അത്രമേല്‍ വലുതാണ് എന്ന് അദ്ദേഹം മനസിലാക്കുകയും അത് പറയുകയും ചെയ്തു.

അസദ്, ഗാലിബ് എന്നീ തൂലികാ നാമങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ദബീറുല്‍ മുല്ക്, നജ്മുദ്ദൗല എന്നീ പേരുകള്‍ അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ഥം അദ്ദേഹത്തിന് ചാര്‍ത്തി നല്കിയിരുന്നു. 'മുഗള്‍ ഭരണം ഭാരതത്തിനു നല്കിയ അമൂല്യ നിധികള്‍ മൂന്നാണ്. താജ്മഹല്‍, ഉര്‍ദു, ഗാലിബ് എന്നിവയാണ് അവ.' എന്ന് എഴുതപ്പെട്ടിട്ടുണ്ട്. ലളിത വാക്കുകള്‍ കൊണ്ടും ലളിതാര്‍ഥങ്ങള്‍ കൊണ്ടും നിറഞ്ഞു നിന്നിരുന്ന ഗസല്‍ കാവ്യ ശാഖയിലേക്ക് അല്പം ഗഹനമായ ചിന്തകളും വാക്കുകളും സമ്മാനിച്ചാണ് ഗാലിബിന്റെ കടന്നു വരവ്.

1797 ഡിസംബര്‍ 27 നാണ് ഗാലിബിന്റെ ജനനം. ബാല്യകാലത്തു തന്നെ ഗാലിബിനു പിതാവിനെ നഷ്ടമായിരുന്നു. പതിമൂന്നാം വയസില്‍ തന്നെ വിവാഹിതനാവുകയും ഡല്‍ഹിയില്‍ താമസമാക്കുകയുമായിരുന്നു. പതിനൊന്നാം വയസില്‍ തന്നെ ഗാലിബ് കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി ഗാലിബിന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. എല്ലാ കാര്യങ്ങളിലും സ്വന്തം ബോധ്യങ്ങള്‍ ഗാലിബിനുണ്ടായിരുന്നു. അമീര്‍ ഖുസ്രോവിനെ മാത്രമാണ് ഗാലിബ് തന്റെ നിലവാരത്തിലുള്ള പേര്‍ഷ്യന്‍ പണ്ഡിതനായി അംഗീകരിച്ചിരുന്നത്. കവിതയിലാകട്ടെ തന്നോളമൊപ്പമെത്താന്‍ മറ്റാര്‍ക്കുമാവില്ലെന്ന് ഗാലിബ് വിശ്വസിച്ചിരുന്നു. കാവ്യ ലോകത്ത് ഇബ്രാഹിം സൗഖുമായി അദ്ദേഹം തുടര്‍ന്നു പോന്നിരുന്ന കലഹം ഏറെ പ്രസിദ്ധവുമാണ്. ബഹദൂര്‍ ഷാ സഫറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു ഗാലിബ്. 1837 ല്‍ ബഹദൂര്‍ ഷാ സഫര്‍ തന്റെ ഗുരുവായിരുന്ന ഇബ്രാഹിം സൗഖിനെ കൊട്ടാരം ആസ്ഥാന കവിയായി നിയമിച്ചതിലുള്ള നീരസം അദ്ദേഹം മറച്ചു വെച്ചിരുന്നില്ല. സൗഖിന്റെ മരണശേഷമാണ് പിന്നീട് ഗാലിബ് ആസ്ഥാന കവിയായി അവരോധിക്കപ്പെടുന്നത്.

വായനയും എഴുത്തുമായി കഴിഞ്ഞിരുന്ന ഗാലിബ് പക്ഷെ പുസ്തകങ്ങള്‍ ഒന്നും തന്നെ വാങ്ങിയിരുന്നില്ല എന്നാണ് വിവരം. ലൈബ്രറികളായിരുന്നു അദ്ദേഹത്തിന്റെ വായനയെ മുന്നോട്ടു നടത്തിയത്. 

പരലോകത്തെ തെറ്റിന് ഇഹലോകത്ത് ശിക്ഷ ലഭിച്ചതാണ് തന്റെ ജീവിതമെന്നാണ് ഗാലിബ് പറഞ്ഞിരുന്നത്. 1212 റജബ് 8 തന്റെ കോടതിയിലേക്കുള്ള വരവായും(ജനനം), 1225 റജബ് 7 ന് തനിക്ക് ജീവപര്യന്തം ശിക്ഷ(വിവാഹം) ലഭിച്ചതായും അദ്ദേഹം എഴുതിയിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് തന്റെ വീട്ടിലേക്ക് (പരലോകം) തന്നെയല്ലാതെ മറ്റെവിടെ പോകാന്‍ എന്നും അദ്ദേഹം ചോദിക്കുന്നു.

ഗാലിബിന്റെ വ്യക്തിജീവിതം വളരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. മദ്യപാനവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരില്‍ അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങള്‍ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം.

ഗസലിനു പുറമെ മസ്‌നവികളും ഖസീദകളും ഗാലിബിന്റെ തൂലികയില്‍ നിന്ന് പിറവി കൊണ്ടിരുന്നു. ഗസലിലാകട്ടെ പരമ്പരാഗതമായ പ്രണയമെന്ന വിഷയത്തിനു പുറമെ തത്വ ചിന്തകളെക്കൂടി ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ചത് ഗാലിബാണ്. മികച്ച ഒരു കത്തെഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കത്തെഴുത്ത് സംസാരം പോലെയായിരുന്നു. അകലം കുറക്കാന്‍ പേന കൊണ്ട് സംസാരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ കത്തുകള്‍ ഖുതൂതെ ഗാലിബ് എന്ന പേരില്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 

ഉര്‍ദു കാവ്യ പാരമ്പര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഗാലിബ് എന്ന പേര് ഏറെ പ്രധാനമാകുന്നത് അദ്ദേഹത്തിന്റെ കവിതകളുടെ കാലാതിവര്‍ത്തിത്തം കൊണ്ടു തന്നെയാണ്. ഗൂഡാര്‍ഥ പ്രദാനമായ ആ രചനാ ശൈലി ഇന്നും വെല്ലുവിളി നേരിടാതെ കിടപ്പുണ്ട്.

നിരന്തരമായി പൗരോഹിത്യവുമായി കലഹിച്ചിരുന്ന അദ്ദേഹം വിശ്വാസ കാര്യത്തില്‍ വിവിധ നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്.

ഒരിക്കല്‍ അദ്ദേഹം എഴുതി

'ഹം കൊ മാലൂം ഹെ ജന്നത് കി ഹഖീഖത് ലേകിന്‍

ദില്‍ കെ ഖുഷ് രഖ്‌നെ കൊ ഗാലിബ് യെ ഖയാല്‍ അച്ചാ ഹെ'

(സ്വര്‍ഗത്തിന്റെ യാഥാര്‍ഥ്യമൊക്കെ എനിക്കറിയാം;

പക്ഷേ, ഹൃദയത്തെ സന്തോഷത്തില്‍ നിര്‍ത്താന്‍ ഈ ആശയം നല്ലതാണ് ഗാലിബ്)

ഇതേ ഗാലിബ് ദൈവത്തെ കുറിക്കാന്‍ ഉപയോഗിച്ചതിങ്ങനെയാണ്.

'ന ഥാ കുച്ച് തൊ ഖുദാ ഥാ, കുച്ച് ന ഹോതാ തൊ ഖുദാ ഹോതാ'

(ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവമുണ്ടായിരുന്നു, ഒന്നുമില്ലായെങ്കിലും ദൈവമുണ്ടാകും)

മരണത്തെക്കുറിച്ച ചിന്തകള്‍ നിറഞ്ഞ കൊയി ഉമീദ് ബര്‍ നഹി എന്ന ഗസലിന്റെ മക്തയില്‍ അദ്ദേഹം സ്വയം ചോദിക്കുന്നതിങ്ങനെ:

'കാബ കിസ് മുഹ് സെ ജാഓഗെ ഗാലിബ്

ഷര്‍മ് തും കൊ മഗര്‍ നഹി ആതി'

(കഅ്ബക്കു നേരെ നീയേതു മുഖമുയര്‍ത്തും ഗാലിബ്;

നിനക്കു പക്ഷേ ഒരു നാണവുമില്ലല്ലോ)

ചിന്തകളില്‍ അദ്ദേഹം സഞ്ചരിച്ച വഴികളാണ് ഈ കവിതാ ശകലങ്ങള്‍ സൂചന നല്‍കുന്നത്.

1869 ഫെബ്രുവരി 15 ന് ആ മഹാ കവി വിടവാങ്ങി.


പൂച്‌തെ ഹെ വൊ കി ഗാലിബ് കോന്‍ ഹെ

കൊയി ബത്‌ലാവൊ കി ഹം ബത്‌ലായേ ക്യാ

(ഗാലിബ് ആരാണെന്ന് അവര്‍ ചോദിക്കുന്നു

ആരെങ്കിലുമൊന്നു പറയൂ, ഞാനെന്തുപറയാനാണ്)

No comments:

Post a Comment