November 28, 2025

കെ.യു.ടിഎ കെ ടെറ്റ് പരിശീലനം നടത്തുന്നു

  _പ്രിയരേ...,_ 

 _കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ കെ ടെറ്റ് പരിശീലനം നടത്തുന്നു. ഓഫ് ലൈനായും ഓൺലൈനായും പരിശീലനം നടക്കും. സ്കൂൾ അവധി ദിവസങ്ങളിൽ ഓഫ് ലൈനായും മറ്റു ദിവസങ്ങളിൽ ഓൺ ലൈനായും പരിശീലനം നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്. മിതമായ ഫീസ് ഉണ്ടായിരിക്കുന്നതാണ്._

KUTA state committee 

Whatsapp

November 8, 2025

കെ.യു.ടി.എ സംസ്ഥാന സമ്മേളനം- ലോഗോ പ്രകാശനം ചെയ്തു

 മലപ്പുറം : ഉർദുവിൻ്റെ വെളിച്ചത്തിൽ ചരിത്രം തിളങ്ങട്ടെ എന്ന പ്രമേയത്തിൽ 2026 ജനുവരി 28, 29,30 തിയ്യതികളിൽ കൊല്ലത്ത് വച്ച് നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം കെ.യു.ടി.എ മുൻ സംസ്ഥാന പ്രസിഡണ്ട് പി. മൊയ്തീൻകുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

മുൻ സംസ്ഥാന ഭാരവാഹികളായ കള്ളിയത്ത് അബ്ദുറഹ്മാൻ കുട്ടി, ടി. മുഹമ്മദ്, പി.ടി ഹൈദറലി, പി. മുഹമ്മദ് കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ, ട്രഷറർ ടി.എ. റഷീദ് പന്തല്ലൂർ, സംസ്ഥാന ഭാരവാഹികളായ പി.സി. വാഹിദ് സമാൻ, എം.പി സലിം കാസർഗോഡ്, എം.കെ റഫീഖ് മായനാട് എന്നിവർ സംബന്ധിച്ചു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാറാണ് ലോഗോ രൂപകൽപന ചെയ്തത്.



November 4, 2025

ഉർദു അധ്യാപകർക്ക് സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാം

തിരുവനന്തപുരം:നവംബർ 9 ലോക ഉർദു ദിനത്തോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രൈമറി, എച്ച്.എസ്. എച്ച്.എസ്.എസ് വിഭാഗങ്ങളിലെ ഉർദു അധ്യാപകർക്കായി വിവിധ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

രചനകൾ ഉർദുവിൽ വൃത്തിയായി സ്വന്തം കൈപ്പടയിലോ ടൈപ്പ് ചെയ്തോ താഴെപ്പറയുന്നു അഡ്രസ്സിൽ OR ഈ മെയിലിൽ നവംബർ 11 ന് 5 മണിക്ക് മുമ്പായി കിട്ടുന്ന വിധത്തിൽ അയക്കേണ്ടതാണ്.


മത്സരങ്ങളും നിബന്ധനകളും ചുവടെ ചേർക്കുന്നു.

1) ഉർദു കവിതാരചന
വിഷയം: ഹുബ്ബെവതൻ( حب وطن )
രണ്ട് പുറത്തിൽ കവിയരുത്.
2)ഉർദു കഥാരചന
വിഷയം:ഇൻസാനിയത്ത് ( انسانیت )
4 പുറത്തിൽ കവിയരുത്.
3)ഉർദു ഉപന്യാസരചന
വിഷയം : മൗജൂദ ദൗർമെ ഉർദു സബാൻ കി അഹ്മിയത്ത് (موجودہ دور میں اردو زبان کی اہمیت )
നാല് പുറത്തിൽ കവിയരുത്.


രചaനകൾ അയക്കേണ്ട വിലാസം.
TP.Haris,
Arabic special officer,
Directorate of General Education,
Jagathi po
Thiruvananthapuram 14
Or
urduacademiccomplex@gmail.കോം

എന്ന്
ടി പി ഹാരിസ്
അറബിക് സ്പെഷൽ ഓഫീസർ
ഡി.ജി.ഇ,
തിരുവനന്തപുരം

അബ്ദു സലാം കെ കെ
സംസ്ഥാന കോർഡിനേറ്റർ 
ഉർദു ടീച്ചേർസ് അക്കാഡമിക് കോംപ്ലക്സ്
9447316851



August 17, 2025

യു.പി ക്ലാസുകളിലെ ഉർദു ചോദ്യപേപ്പർ മാതൃകകൾ പ്രസിദ്ധീകരിക്കാത്തതിൽ വൻ പ്രതിഷേധം

കോഴിക്കോട് :പാഠപുസ്തകങ്ങൾ മാറിയതിൻ്റെയും ഗുണമേന്മ ഉറപ്പാക്കുന്നതിന് വേണ്ടി മൂല്യനിർണയത്തിൽ വരുന്ന മാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ കുട്ടികൾ ആദ്യമായി അഭിമുഖീകരിക്കുന്ന പാദ വാർഷിക പരീക്ഷകൾക്ക് ഒരുങ്ങുന്നതിനു വേണ്ടി എസ്.സി.ഇ ആർ. ടി യുടെ സൈറ്റിൽ 5 , 6 ,7 ക്ലാസുകളിലെ ഉർദു ചോദ്യ മാതൃകകൾ പ്രസിദ്ധീകരിക്കാത്ത നടപടിയിൽ കെ.യു.ടി.എ പ്രതിഷേധിച്ചു.

മുല്യം നിർണയത്തിൽ വലിയ മാറ്റങ്ങൾ ഈ വർഷം മുതൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.

കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനുവേണ്ടി എസ്.സി.ഇ. ആർ.ടി ഒന്നു മുതൽ 10 വരെയുള്ള എല്ലാ വിഷയങ്ങളുടെയും ചോദ്യം മാതൃകകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിൽ നിന്നാണ് 5,6, 7 ക്ലാസുകളിലെ ഉർദു ചോദ്യപേപ്പറുകളുടെ മാതൃക പ്രസിദ്ധീകരിക്കാതെ പോയത്.

ഇത്തരം നടപടികൾ പ്രതിഷേധാർഹമാണ്.

ഇത്തരം അവഗണനകൾക്കെതിരെ സംഘടന ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. അഞ്ചാം ക്ലാസ് മുതലാണ് ഉർദു ഭാഷാ പഠനം ആരംഭിക്കുന്നത്.

ഈ കുട്ടികൾ ആദ്യമായി ഒരു മൂല്യനിർണയത്തെ പരിചയപ്പെടുമ്പോൾ അതിന് സഹായകമാകുന്ന തരത്തിൽ ചോദ്യപേപ്പറിന്റെ മാതൃകകൾ ലഭിക്കേണ്ടത് അനിവാര്യമാണ്.

ഈ കാര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് ഗുരുതരമായി വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

എത്രയും പെട്ടെന്ന് ചോദ്യ മാതൃകകൾ പ്രസിദ്ധീകരിച്ച് ഈ പ്രശ്നം ഉടൻ പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കെ യു ടി എ സംസ്ഥാന കമ്മിറ്റി

August 9, 2025

സ്വാതന്ത്ര്യദിന സെമിനാർ 2025 കെ യു ടി എ സംസ്ഥാന കമ്മിറ്റി



പ്രിയരേ.......
സാദരം ക്ഷണിക്കട്ടെ...

ഉർദു ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി 2025 ഓഗസ്റ്റ് 15 ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മലപ്പുറത്ത് വെച്ച് ഒരു വിപുലമായ സ്വാതന്ത്ര്യദിന സെമിനാർ നടത്തപ്പെടുകയാണ്.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
അതിനാൽ തന്നെ ഇത് വിജയിപ്പിക്കേണ്ടത് ഒരോ ഉർദു അധ്യാപകന്റെയും ഉർദു സ്നേഹികളുടെയും ബാധ്യതയാണ്.ഈ സെമിനാർ നമ്മുടെ ഭാഷയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.

പ്രിയരേ...
ഓഗസ്റ്റ് 15 ന് വെള്ളിയാഴ്ച ഉച്ചക്ക് 1.50 ന് തന്നെ എല്ലാവരും നിർബന്ധമായും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഓർക്കുക!
ഉർദുവിൻ്റെ വളർച്ചക്കും പ്രചരണത്തിനും നാം അല്ലാതെ മറ്റാരും ഉണ്ടാകില്ല.
ഇന്ന് തന്നെ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുക അന്നത്തെ മുഖ്യ പരിപാടികളിൽ ഈ സെമിനാറിന് മുഖ്യ ഇടം നൽകുക.

Register form

കെ.യു..ടി.എ
സംസ്ഥാന കമ്മിറ്റി

August 7, 2025

Reels Making Competition 2025 റീൽസ് നിർമ്മാണ മത്സരം

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി KUTA മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉർദു പഠിക്കുന്ന  വിദ്യാർത്ഥികൾക്കായി "ഹുബ്-എ-വതൻ" (രാജ്യസ്നേഹം) എന്ന വിഷയത്തിൽ റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു.

🎬 മത്സര നിബന്ധനകൾ:

▪️ഒരു മിനിറ്റിൽ കൂടാത്ത  വീഡിയോ (Reels) ആണ് തയ്യാറാക്കേണ്ടത്.

▪️ (Portrait ✓     Landscape ×)

▪️ഉർദു ഭാഷയിൽ ആയിരിക്കണം റീൽസ് തയ്യാറാക്കേണ്ടത്.

▪️ ഭാഷ, സംഗീതം, ദൃശ്യശൈലി മുതലായവയിൽ രാജ്യസ്നേഹത്തിന്റെ ആവേശവും ഉർദു ഭാഷയുടെ പ്രാധാന്യവും പ്രതിഫലിക്കണം.

▪️ഒരോ വിദ്യാലയത്തിൽ നിന്നും തിരഞ്ഞെടുത്ത ഒരു റീൽ വീഡിയോ ആണ്  അയക്കേണ്ടത്.

▪️വീഡിയോയുടെ കൂടെ വിദ്യാർത്ഥിയുടെ പേര്, സ്കൂളിൻ്റെ പേര്, ക്ലാസ്  എന്നിവ രേഖപ്പെടുത്തിയിരിക്കണം.

▪️ആഗസ്റ്റ് 12  വൈകിട്ട് 5 മണിക്ക് മുമ്പ് താഴെ കാണുന്ന ഏതെങ്കിലും ഒരു നമ്പറിലേക്ക് തയ്യാറാക്കിയ റീൽസ് അയക്കേണ്ടതാണ്.

9846555220

9946296929

9947502584

August 5, 2025

ഷബീർ രാരങ്ങോത്തിന്റെ വരിയാഴം യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തു


 ഏറ്റം പ്രിയപ്പെട്ടവരേ,

ഗസൽ എന്ന കാവ്യ ശാഖയുമായി യാദൃശ്ചികമായി പ്രണയത്തിലായ ഒരാളാണ്‌ ഞാൻ. ആ പ്രണയം ഉർദു എന്ന അത്രത്തോളം അന്യമായിരുന്ന ഭാഷയെ പ്രണയിക്കുന്നതിലേക്ക് എത്തിച്ചേരുകയായിരുന്നു. ഞാൻ മനസ്സിലാക്കിയതൊന്നുമായിരുന്നില്ല ഗസൽ എന്ന തിരിച്ചറിവാണ്‌ ഗസലിന്റെ വരികളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. ആദ്യ ഘട്ടത്തിലെ സഞ്ചാരങ്ങളിൽ പലതും വഴി തെറ്റി മറ്റെങ്ങോ പോയി. പിന്നെപ്പിന്നെ സുഹൃത്തുക്കളായ ഡോ.ഷാജി ആലുങ്ങൽ, ശിബി കുന്നത്ത്, അലി തൽവാർ എന്നിവരുടെ കൈപിടിക്കലുകൾ കൊണ്ട് ശരിയായി വന്നു. ഗസൽ തർജുമകൾ മുടങ്ങാതെ വന്നപ്പോൾ ഇതൊന്ന് വിഡിയോ ആക്കിക്കൂടെ എന്നു ചോദിച്ചവർ ധാരാളമുണ്ട്. എന്റെ ഫോട്ടോ പ്രെസൻസിനെക്കുറിച്ച ആത്മവിശ്വാസക്കുറവ് അതിൽ നിന്ന് പിന്നോട്ടു വലിക്കുകയാണ്‌ ചെയ്തത്. ഇപ്പോൾ അതൊന്ന് ചെയ്തുനോക്കിയാലോ എന്നൊരു തോന്നൽ വന്നു. അതിനു പ്രധാന കാരണക്കാരൻ ഷഫീഖ് ഭായിയാണ്‌.ഏറെ മോട്ടിവേറ്റ് ചെയ്ത് എന്നെ അത് ചെയ്യാമെന്ന മനസിലേക്കദ്ദേഹം എത്തിച്ചു. ഒരു പേരു കണ്ടെത്തിയ എനിക്ക് ലോഗോ ചെയ്ത് തന്ന് വീഡിയോ ചെയ്യാനുള്ള ത്വര അദ്ദേഹം ഏറ്റി. ആ ലോഗോയെ ആനിമേറ്റ് ചെയ്ത് സുഹൃത്ത് ഹാമിദ് എന്നെ നിർബന്ധിതാവസ്ഥയിൽ എത്തിച്ചു. ഹാമിദ് തന്നെ പകർന്നു തന്ന വീഡിയോ എഡിറ്റിംഗിന്റെ ബാലപാഠങ്ങൾ അത് യാഥാർഥ്യമാക്കുന്നതിൽ എത്തിച്ചിരിക്കുകയാണ്‌. സൽമാൻ ലോഗോ ആനിമേഷന്‌ ഒരു സംഗീത ചേരുവ കൂടി ഒരുക്കി നൽകിയതോടെ മുന്നിൽ വേറെ വഴികളില്ല എന്നു വന്നിരിക്കുന്നു. ഇനി നിങ്ങളുടെ പിന്തുണയാണാവശ്യം. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം പേജുകൾ ‘വരിയാഴം’ എന്ന പേരിൽ ഒരുക്കിയിട്ടുണ്ട്. ആദ്യ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആഴ്ചയിൽ രണ്ടു തവണ വിഡിയോകൾ വരും. കൂടെയുണ്ടാവുമല്ലോ. സോഷ്യൽ മീഡിയ ഹാന്റിലുകളുടെ വഴിസമവാക്യം കൂടെ നൽകാം. എല്ലാറ്റിലും നിങ്ങളുടെ പിന്തുണയറിയിക്കുമല്ലോ. 


പ്രതീക്ഷയോടെ,
ഷബീർ രാരങ്ങോത്ത്


August 2, 2025

MANUU യൂണിവേഴ്സിറ്റി - അഡ്മിഷൻ 2025-26 (Distance Education)

Markaz college of arts and science (MANUU LSC CALICUT-19031)

MANUU യൂണിവേഴ്സിറ്റി - അഡ്മിഷൻ 2025-26

മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി (MANUU), ഹൈദരാബാദ് 2025-26 അധ്യയന വർഷത്തേക്ക് M.A. Arabic, M.A. Islamic Studies, M.A. Urdu, M.A. English എന്നീ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു!

• കോഴ്സുകൾ:

o M.A. Arabic
M.A. Islamic Studies
o M.A. Urdu
o M.A. English

MANUU-ന്റെ പ്രത്യേകതകൾ:

• NAAC-ന്റെ 'A+' ഗ്രേഡ് ലഭിച്ച കേന്ദ്ര സർവകലാശാല.

• ഉറുദു മീഡിയത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം.

• ഗവേഷണത്തിനും തൊഴിൽ പ്ലേസ്മെന്റിനും മികച്ച സൗകര്യങ്ങൾ.




•Last date for submission of the online application form for programmes is 14th September, 2025.
•Last date for payment of admission fee is 15th September, 2025 on or before 23:59 hours.

Contact Numbers of Calicut LIC:
9846004858, 9447253658, 9446318814

ഉർദു KTET ക്ലാസ് - KUTA സ്റ്റേറ്റ് കമ്മറ്റി

 

കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി കോഴിക്കോട് ഉർദു സെൻ്ററിൽ 2025 Aug 9,10 തിയ്യതികളിൽ ഉർദു KTET ക്ലാസ് നടത്തുകയാണ്.

നേരത്തെ 500 രൂപ നൽകി രജിസ്റ്റർ ചെയ്തവർക്കും പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കുമാണ് ഓഫ് ലൈൻ ക്ലാസ് ലഭിക്കുക.

ഓൺലൈൻ ക്ലാസ് വിവരം അന്ന് അറിയിക്കും. 

 രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ നമ്പറിൽ Aug 5 നകം ബന്ധപ്പെടുക.

Whatsapp group


KUTA സ്റ്റേറ്റ് കമ്മറ്റി
Ph:9447410050 (wtsap only )
9745354039
9447316851

August 1, 2025

D.El.Ed ഉർദു,അറബി അപേക്ഷ ക്ഷണിച്ചു

അവസാന തീയ്യതി ആഗസ്റ്റ് 11

അപേക്ഷ തിരുവനന്തപുരത്തേക്ക് പോസ്റ്റൽ അയക്കണം.


⏩ അപേക്ഷ പൊതു കോട്ട എന്ന ഫോമിൽ ആണ് പൂരിപ്പിക്കേണ്ടത്.


⏩ അപേക്ഷാ ഫോമിലെ എല്ലാ കോളങ്ങളും പൂർത്തിയാക്കണം. ബാധകമല്ലാത്തത് ബാധകമല്ല എന്ന് രേഖപ്പെടുത്തണം.

ഫോൺ നമ്പർ, അവസാനം പേര്. ഒപ്പ് രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം.


⏩ അപേക്ഷയിൽ ഏത് സ്ഥാപനത്തിലേക്കാണ് അഡ്മിഷൻ കിട്ടേണ്ടത് എന്നത് മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തണം. ആദ്യം ലഭിക്കേണ്ട സ്ഥാപന പേര് എഴുതി അടിയിൽ മറ്റു സ്ഥാപനത്തിൻ്റെ പേരും രേഖപ്പെടുത്താം.


⏩ 10 രൂപ ഏതെങ്കിലും ട്രെഷറിയിൽ ഫീസ് അടച്ചതിൻ്റെ ഒറിജിനൽ ചലാൻ അപേക്ഷയുടെ കൂടെ വെക്കണം.

ഫീസ് അടക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് സർക്കുലറിൽ ഉണ്ട്.


⏩ മറ്റു രേഖകൾ

SSLC സർട്ടിഫിക്കറ്റ് കോപ്പി ( സ്വയം പേര് എഴുതി ഒപ്പിട്ടത് )

+ 2 സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് (സ്വയം പേര് എഴുതി ഒപ്പിട്ടത് )


⏩ +2 വിൻ്റെ മാർക്ക് ശതമാനം എത്രയെന്ന് +2 പഠിച്ച സ്ഥാപനത്തിലെ പ്രിൻസിപ്പൾ സാക്ഷ്യപ്പെടുത്തിയ പേപ്പർ. 


⏩ ഡിഗ്രി ഉണ്ടെങ്കിൽ അതിൻ്റെ സർട്ടിഫിക്കറ്റ് കോപ്പി വെക്കാം.


⏩ അപേക്ഷയും അനുബന്ധ രേഖകളും കവറിലിട്ട് ആഗസ്റ്റ് 11 ന് മുമ്പ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഡ്രസിൽ സ്പീഡ് പോസ്റ്റ് അയക്കണം. (അഡ്രസ് സർക്കുലറിൽ ഉണ്ട്) 

കവറിന് പുറത്ത് D.EI Ed ഉർദു അറബി എന്ന് രേഖപ്പെടുത്തുക.


GITE MALAPPURAM 

9846304045


Circular

July 31, 2025

നാളെ മലപ്പുറത്ത് ഗസൽ മഴ!




പ്രിയപ്പെട്ട ഉർദു പ്രേമികളെ, അധ്യാപക സുഹൃത്തുക്കളെ...

       നാളെയാണ് ( 02-08-25 ശനി) എസ് എം സർവ്വർ ഉർദു ഗവേഷണ കേന്ദ്രവും മലപ്പുറം മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തുന്ന ഗസൽ ആലാപന മത്സരം. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കുന്നു.

രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവർഅലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുയർ പരിപാടിയിൽ സംബന്ധിക്കും.

മലപ്പുറം കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക.

ആദ്യമായിട്ടാണ് ഒരു മുനിസിപ്പാലിറ്റി ഇങ്ങനെയൊരു പരിപാടിക്ക് തയ്യാറാവുന്നത് തീർച്ചയായിട്ടും ഇത് നമ്മുടെ ഭാഷയുടെ വളർച്ചയ്ക്ക് പിൽക്കാലത്ത് വലിയ ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ എല്ലാ സുഹൃത്തുക്കളും നാളെ പത്തു മണിയാകുമ്പോൾ പ്രസ്തുത ഓഡിറ്റോറിയത്തിൽ എത്തി ഈ പരിപാടിയുടെ വിജയത്തിനായി സഹകരിക്കണമെന്ന് വളരെ സ്നേഹപൂർവ്വം ആവശ്യപ്പെടുകയും ക്ഷണിക്കുകയും ചെയ്യുന്നു.

                        സംഘാടക സമിതി

July 17, 2025

എസ്.എം. സർവർ ക്വിസ് മത്സരം - മാന്വൽ

 


ആമുഖം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉർദു ഭാഷാ പഠനം ആരംഭിക്കുന്നതിന് വലിയ പങ്ക് വഹിക്കുകയും മലയാളിയായ ഉർദു കവിയും എഴുത്തുകാരനുമായിരുന്നു സയ്യിദ് മുഹമ്മദ് സർവർ എന്ന എസ്.എം. സർവർ.

കേരളത്തിൽ ഉർദു വിൻ്റെ പിതാവ് എന്ന പേരിലറിയപ്പെടുന്ന സർവറിൻ്റെ കവിതകൾ പൊതു വിദ്യാലയങ്ങളിലും യൂനിവേഴ്സിറ്റികളിലും പഠിപ്പിച്ച് വരുന്നുണ്ട്.

ഈ ഉർദു കവിയെ കൂടുതൽ പരിചയപ്പെടുത്തുന്നതിനും കുട്ടികളിൽ ഉർദു ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേരള ഉർദു ടീച്ചേഴ്സ് അസോസിയഷന് കീഴിൽ പ്രവർത്തിച്ച് വരുന്ന അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്താൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടി എസ്.എം. സർവർ ക്വിസ് മത്സരം നടത്തുകയാണ്.

ഇതിൻ്റെ വിജയത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ചുവടെ വിവരിക്കുന്നു.

സ്കൂൾ തലം

1) സ്കൂൾ തല മത്സരം നടത്തി യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 2 പേരെ മാത്രം സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.

സബ് ജില്ലാ തലം

♦️ 2025 ജൂലൈ 19 നാണ് സബ് ജില്ലാതല മത്സരം നടക്കുന്നത്.

രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ നടത്തുക. കുട്ടികൾക്കക്ക് നമ്പർ നൽകുക.

10.30 മുതൽ 10.45 വരെ നിർദ്ദേശങ്ങൾ നൽകലും ഒരുക്കങ്ങളും '11 ന് യു.പി മത്സരം ,

11.45 ന് എച്ച്. 

12.30 ന് സമ്മാനദാനം എന്ന രൂപത്തിൽ ക്രമീകരിക്കണം.

♦️ ഓരോ സ്കൂളിൽ നിന്നും യു.പി,എച്ച്. എസ് വിഭാഗങ്ങളിൽ നിന്ന് തെരെത്തെടുക്കപ്പെട്ട രണ്ട് പേരെ മാത്രം സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്♦️ ഹയർ സെക്കണ്ടറിക്ക് സ്കൂൾ തലം കഴിഞ്ഞാൽജില്ലാ തലത്തിൽ മാത്രമാണ് മത്സരം നടക്കുക.

♦️ ക്വിസ് മത്സരമായിട്ടാണ് നടക്കുക. എഴുത്തുപരീക്ഷയോ ഒ.എം.ആർ രൂപത്തിലോ അല്ല.

♦️ ഓരോ സബ്ജില്ലയും രണ്ടിൽ കുറയാത്ത പ്രഗൽഭരായ ക്വിസ് മാസ്റ്റർമാരെയും സഹായികളെയും നേരെത്തെ കണ്ടെത്തേണ്ടതാണ്. ഹയർ സെക്കണ്ടറി അധ്യാപകരെയോ വിരമിച്ച അധ്യാപകരെയോ ക്വിസ് മാസ്റ്റർമാരായി കണ്ടെത്താവുന്നതാണ്. അല്ലെങ്കിൽ യു.പി വിഭാഗഗത്തിൽ ഹൈസ്കൂൾ അധ്യാപകരെയും ഹൈസ്കൂൾ വിഭാഗത്തിൽ പ്രൈമറി അധ്യാപകരെയും ഉപയോഗപ്പെടുത്താം.

♦️ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.സർട്ടിഫിക്കറ്റിന്റെ മാതൃക സംസ്ഥാന കമ്മിറ്റി പി.ഡി.എഫ് രൂപത്തിൽ നൽകുന്നതാണ്.ഓരോ സബ്ജില്ലാ കമ്മിറ്റിയും സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്തു വിതരണം നടത്തേണ്ടതാണ്.

♦️യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് ജില്ലാതല മത്സരത്തിലേക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ രണ്ടുപേരെ തിരഞ്ഞെടുക്കേണ്ടതാണ്.ഏറ്റവും കൂടുതൽ മാർക്ക് നേടിയ രണ്ടുപേർക്ക് 250 രൂപയിൽകവിയാത്ത മൂല്യമുള്ള ഉപഹാരം നൽകേണ്ടതാണ്.

ജില്ലാതല മത്സരം

♦️ഓരോ സബ് ജില്ലയിൽ നിന്നും യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരെ മാത്രം ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.♦️ഹയർസെക്കൻഡറി വിഭാഗത്തിന് ജില്ലാതല മത്സരത്തിൽ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ടതാണ്♦️ജില്ലാതല മത്സരം നിശ്ചയിക്കുന്ന തീയതിക്ക് മുമ്പായി ഉചിതമായ സ്ഥലം ജില്ലാ കമ്മിറ്റി കണ്ടെത്തേണ്ടതാണ്.

♦️പ്രഗൽഭരായ ക്വിസ് മാസ്റ്റർമാരെയും സഹായികളെയും ജില്ലാ കോഡിനേറ്റർമാർ കൂട്ടി കണ്ടെത്തുക.

♦️ജില്ലാതലത്തിൽ യു.പി,ഹയർസെക്കൻഡറി മത്സരം ഒരേസമയത്തും ശേഷം ഹൈസ്കൂൾ വിഭാഗത്തിന്റെ മത്സരവും നടത്തേണ്ടതാണ്.

♦️ജില്ലാതലത്തിൽ 10.30 ന് രജിസ്ട്രേഷൻ നടത്തി, രജിസ്റ്റർ നമ്പറുകൾ നൽകിആവശ്യമായ നിർദ്ദേശങ്ങൾ നൽകി 11 മണിക്ക് മത്സരം ആരംഭിക്കേണ്ടതാണ്.

11 am 12 pm - യു .പി & HSS

12- 12.50 - HS

1- 1.30 സമാപന ചടങ്ങ്

♦️ജില്ലയിൽ നിന്ന് ഓരോ വിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 3വിജയികളെ കണ്ടെത്തി സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്

♦️എല്ലാ മത്സരാർത്ഥികൾക്കും സംസ്ഥാന കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്തു നൽകേണ്ടതാണ്.

♦️ഓരോ വിഭാഗത്തിൽ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് 300 രൂപയിൽ കഴിയാത്ത മൂല്യമുള്ള ഉപഹാരങ്ങൾ നൽകാവുന്നതാണ്.

♦️ജില്ലാ മത്സരത്തിന് നേതൃത്വം നൽകാൻ ഒരു കോഡിനേറ്ററും രണ്ട് ജോ.കോഡിനേറ്റർമാരെയും മുൻകൂട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകേണ്ടതാണ്.

സംസ്ഥാന തലം

♦️ജില്ലാതല മത്സരങ്ങളിൽ നിന്ന് യുപി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത മൂന്നു പേരെ സംസ്ഥാനതല പരിസരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്

♦️സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകുന്നതാണ്.

♦️ഓരോ വിഭാഗങ്ങളിൽ നിന്നും ഒന്ന്,രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രത്യേക എസ് എം സർവ്വർ സ്മാരക ക്യാഷ് അവാർഡ് നൽകുന്നതാണ്.


പൊതു നിർദ്ദേശങ്ങൾ

🔸കോഡിനേറ്റർമാർ ഓരോ തലങ്ങളിലെയും മത്സരങ്ങൾ സമയനിഷ്ട പാലിച്ചും കൃത്യതയോടെയും നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.

♦️പരാതികൾ ഇല്ലാത്ത രൂപത്തിൽ സുതാര്യമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

♦️എന്തെങ്കിലും പരാതികൾ വന്നാൽ മേൽസമിതിക്ക് നൽകി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണ്.

🔸ഉപഹാരങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നത് നന്നായിരിക്കും.

🔸സംസ്ഥാന കമ്മിറ്റിയുടെ അറിവോ നിർദ്ദേശമോ ഇല്ലാതെ ഒരുതലത്തിലും പ്രത്യേക ക്യാഷ് അവാർഡ് മറ്റോ നൽകരുത്.

🔸ഈ വർഷം ആദ്യമായി തുടങ്ങുന്ന മത്സരം ആയതിനാൽ മേൽഘടകം നിർദേശിക്കുന്ന കാര്യങ്ങൾ പ്രത്യേകം പാലിക്കാൻ ബാധ്യസ്ഥരാണ്.


എന്ന്
കേരള ഉർദു ടീച്ചേഴ്സ്
അക്കാദമി കൗൺസിൽ
(കെ.യു.ടി.എ സംസ്ഥാന കമ്മിറ്റി)

July 4, 2025

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ഉർദു സാഹിത്യത്തിൽ പി.എച്ച്.ഡി ഓപ്പൺ ഡിഫൻസ് വിജയകരമായി പൂർത്തിയാക്കി ഡോ. റസീന.

മലപ്പുറം ഗവ. കോളേജിൽ നിന്ന് ബിരുദം, മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം, ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് എം.ഫിൽ — എല്ലാം ഉർദു സാഹിത്യത്തിൽ തന്നെ പൂർത്തിയാക്കിയ ഡോ. റസീന, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ഉറുദു സാഹിത്യത്തിൽ പി.എച്ച്.ഡി നേടുന്ന ആദ്യ മലയാളിയെന്ന പ്രത്യേകത കൂടിയുണ്ട്.

തുടർച്ചയായ പരിശ്രമത്തിന്റെയും സാഹിത്യപ്രേമത്തിന്റെയും പ്രതിഫലനമായ ഈ നേട്ടത്തിന് ഹൃദയപൂർവം അഭിനന്ദിക്കുന്നു.

നിലവിൽ മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി വിഭാഗം ഉർദു അധ്യാപികയാണ്.

✨ HCU Malayali Urdu Students Collective ✨



July 2, 2025

സംസ്ഥാന തല ഗസൽ ആലാപന മത്സരം - സ്വാഗതസംഘം നിലവിൽ വന്നു

01-07-2025/മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ ഉർദു പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ *പി കെ അബ്ദുൽ ഹക്കീം* ഉദ്ഘാടനം ചെയ്തു.ഡോ: കെ.പി ശംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി.ആമിർ കോഡൂർ, സലാംമലയമ്മ,ടി അബ്ദുറഷീദ്,എം.പി.അബ്ദുസ്സത്താർ,ടി.എച്ച്.കരീം,പി.സി. വാഹിദ് സമാൻ,ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ,അഫ്സൽ റഹ്‌മാൻ,വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു.

  

സംസ്ഥാന തല ഗസൽ ആലാപന മത്സര സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ മലപ്പുറം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം ഉദ്ഘാടനം ചെയ്യുന്നു.


June 28, 2025

ഹം നശീൻ സംസ്ഥാന തല ഗസൽ ആലാപന മത്സരം

മലപ്പുറം നഗരസഭയും എസ്.എം സർവർ ഉർദു പഠന കേന്ദ്രവും സംയുക്തമായി "ഹം നശീൻ" 25 സംസ്ഥാന തല ഉർദു ഗസൽ ആലാപന മത്സരം സംഘടിപ്പിക്കുന്നു.

 14 വയസ്സു മുതൽ 24 വയസ്സ് വരെ ഉള്ളവർക്ക്  മത്സരത്തിൽ പങ്കെടുക്കാം.   

8 മിനിട്ടാണ് അനുവദിച്ചിട്ടുള്ളത്.

ഹാർമോണിയം,തബല മുതലായ സംഗീത ഉപകരണങ്ങൾ അനുവദനീയമല്ല.ശ്രുതിപ്പെട്ടി ഉപയോഗിക്കാം.

  റദീഫ്,ഖാഫിയ, മഖ്ത എന്നിവയോടു കൂടിയ ഗസലുകളാണ് ആലപിക്കേണ്ടത്.ഒന്നിൽ കൂടുതൽ ഗസലുകൾ മിക്സ് ചെയ്ത് പാടാവുന്നതല്ല.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന മത്സരാർത്ഥികൾക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ക്യാഷ് അവാർഡും എസ്.എം. സർവർ സ്മാരക അവാർഡും  നല്കപ്പെടുന്നതാണ്.

പങ്കെടുക്കുന്നവർക്ക് നഗരസഭ സർട്ടിഫിക്കറ്റും ഉപഹാരവും നൽകും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20000, 12000, 8000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. 


 മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കന്നവർ രജിസ്ട്രഷൻ ചെയ്യുക.

Link

 https://forms.gle/mdhoHowuzzpbykg68


കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക

9495325056
9947000403
9495490702

എന്ന്
പ്രോഗ്രാം കൺവീനർ

June 25, 2025

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ലഹരിവിരുദ്ധക്യാമ്പയിൻ

പുതിയ തലമുറക്കായ് ലഹരിയെ തുരത്താം"

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ
ലഹരിവിരുദ്ധക്യാമ്പയിൻ

2025 ജൂൺ 26 മുതൽ ജൂലൈ 26 വരെ.

താഴെ പറയുന്ന പരിപാടികൾ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുക.

ജാഗ്രതാ വലയം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ ഉർദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത വലയം സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യുക.

ഷൂട്ടൗട്ട് മത്സരം

'കളിയാണ് ലഹരി"എന്ന പ്രമേയത്തിൽ ഉർദു ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ ആദ്യവാരത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുക.

ഷോർട്ട് ഫിലിം പ്രദർശനം.

ജൂലൈ രണ്ടാം വാരത്തിൽ ലഹരിയുടെ വിപത്തുകൾ വ്യക്തമാക്കുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുക.

പോസ്റ്റർ നിർമാണം

ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന തരത്തിൽ ഉറുദു വിദ്യാർത്ഥികൾക്കായി ഉർദു പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിക്കുക.

ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരവും സംഘടിപ്പിക്കാവുന്നതാണ്.

ഈ പരിപാടികൾ ക്ലാസുകൾ നഷ്ടപ്പെടാത്ത രൂപത്തിൽ നമ്മുടെ വിദ്യാലയങ്ങളിൽ പരമാവധി ഉർദു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താൻ ശ്രമിക്കണമെന്ന് അറിയിക്കുന്നു.

എന്ന്
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ

June 17, 2025

ഉർദു വിശേഷാൽ പതിപ്പിലേക്ക് സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു.

മധ്യപ്രദേശിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇൻതെസാബ് എന്ന പ്രശസ്തമായ ഉർദു മാഗസിൻ കേരളത്തിലെ ഉർദു എഴുത്തുകാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മലയാളികളായ എഴുത്തുകാരുടെ ശ്രദ്ധേയമായ ഉർദു ലേഖനങ്ങളും കവിതകളുമാണ് ഇതിലേക്ക് ആവശ്യപ്പെടുന്നത്.

ഈ കൃതികൾ ശേഖരിച്ച് അയച്ചു കൊടുക്കാൻ എന്നെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ആയതിനാൽ താങ്കളുടെ കനപ്പെട്ട ഒരു കൃതി ലേഖനമോ കവിതയോ( കവിതയാണെങ്കിൽ രണ്ടെണ്ണം) വൈകാതെ എൻ്റെ താഴെ കാണുന്ന മെയിലിലോ വാട്സാപ്പിലോ തപാൽ അഡ്രസ്സിലോ അയച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

എന്ന്

ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട്
٘٘Dr.K.P.Shamsuddin Tirurkad
Urdu Teacher
A.M.High School
P.O.Tirurkad
(Via)Angadipuram
Malappuram(Dist)
Kerala: 679321
Phone: 09847422682,
Mail: shamsurdutkd@gmail.com

June 15, 2025

ഭാഷാ ഡി.ഇഎൽ.എഡ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കണം - കെ.യു.ടി.എ

കോഴിക്കോട് : പ്രൈമറി ഭാഷാധ്യാപക പരിശീലനമായ ഡിപ്ലോമ ഇൻ എലമെൻ്ററി എഡ്യുക്കേഷൻ (ഡി.ഇഎൽ.എഡ് ) പരീക്ഷ കഴിഞ്ഞ് എഴ് മാസമായിട്ടും അറബി, ഉർദു ഭാഷകളുടെ ഫലം പ്രസിദ്ധികരിക്കാത്ത പരീക്ഷാഭവൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും ഫലം ഉടൻ പ്രസിദ്ധീകരിച്ചു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെപ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽപ്രൈമറി വിഭാഗത്തിൽ ഉർദു അറബി പോലെയുള്ള ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപക പരിശീലനമാണ് ഡി.ഇഎൽ. എഡ്.

2024 നവംബർ മാസം പൂർത്തിയായ പരീക്ഷയുടെ ഫലമാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്തത്.ഇത് കാരണം നിരവധി ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുകയുണ്ടായി.പല ഉദ്യോഗാർത്ഥികൾക്കും പി.എസ്. സി പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നില്ല. നിരവധി ഭാഷാ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പോലും ഈ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാൻ അവസരമില്ല.

ഭാഷാ വിഷയങ്ങളോട് കടുത്ത അനാസ്ഥയാണ് പരീക്ഷാഭവൻ കൈ കൊള്ളുന്നത്.

മുൻ വർഷങ്ങളിലും ഇത്തരം അനാസ്ഥ ഉണ്ടായിരുന്നു.

ഉദ്യോഗാർത്ഥികളും കെ.യു.ടി.എ അടക്കമുള്ള അധ്യാപക സംഘടനകളും ജനപ്രതിനിധികളും പലതവണ നിവേദനങ്ങൾ നൽകിയിട്ടും ഈ വിഷയത്തിൽ പരിഹാരമുണ്ടായിട്ടില്ല.എന്നാൽ ഇതോടൊപ്പം നടന്നിരുന്ന ജനറൽ വിഭാഗത്തിന്റെ ഫലം വളരെ മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാഷാ ഡി.ഇഎൽ.എഡ് ഫലം ഉടൻ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ സംഘടന ശക്തമായ സമരങ്ങളിലേക്ക് പ്രവേശിക്കും.

കോഴിക്കോട് ചേർന്ന കെ യു ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസിഡണ്ട് ഡോ.കെപി ഷംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സലാം മലയമ്മ അധ്യക്ഷത വഹിച്ചു.ട്രഷറർ ടി.എ.റഷീദ് പന്തല്ലൂർ വിഷയാവതരണം നടത്തി.സംസ്ഥാന ഭാരവാഹികളായ സി.വി.കെ റിയാസ്,നജീബ് മണ്ണാർ, കെ.പി.സുരേഷ്,ടി.എച്ച്. കരീം, കെ.ജെ ജിജി ,ലഫ്.പി. ഹംസ,അബ്ദുൽ നാസർ കൊല്ലം,എംകെ അൻവർ സാദത്ത്,എം.പി. സത്താർ അരയൻകോട്,

പി.സി.വാഹിദ് സമാൻ,എം.കെ റഫീഖ്,യു.കെ. നാസർ,എൻ. പി. റഷീദ്,എം.പി സലീം,റസാക്ക് തൃശൂർ സംസാരിച്ചു.



June 14, 2025

എസ്.എം. സര്‍വറെ അനുസ്മരിച്ചു

 മലപ്പുറം : കേരളത്തില്‍ ഉര്‍ദു ഭാഷയുടെ പ്രചരണത്തിന് മുഖ്യ പങ്ക് വഹിച്ച എസ്.എം. സര്‍വറെ കേരള ഉര്‍ദു ടീച്ചേഴ്‌സ് അക്കാദമിക് കൗണ്‍സില്‍ അനുസ്മരിച്ചു.

ഇതിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന സംസ്ഥാന തല സര്‍വര്‍ ദിനം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഉര്‍ദു ഭാഷാ പഠനം ആരംഭിക്കുന്നതിനും ഭാഷയുടെ പ്രചരണത്തിനും ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു എസ്.എം. സര്‍വറെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ പറ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കിം മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി.ശംസുദ്ദീന്‍ തിരൂര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. സര്‍വറിന്റെ ശിഷ്യരില്‍ പ്രധാനിയും ഉര്‍ദു ഭാഷാ പ്രചാരകനും ദീര്‍ഘകാലം കെ.യു.ടി.എ പ്രസിഡണ്ടുമായിരുന്ന പി. മൊയ്തീന്‍ കുട്ടി മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ഉര്‍ദു അക്കാദമിക് കണ്‍വീനര്‍ സലാം മലയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍ ടി.എ റഷീദ് പന്തല്ലൂര്‍ പദ്ധതി അവതരണം നടത്തി.

 മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ഷാജു, ഹെഡ്മിസ്ട്രസ് കെ ടി ജസീല , എം.ടി.എ പ്രസിഡണ്ട് പി കെ ബാവ,സംസ്ഥാന അക്കാദമിക് കൗണ്‍സില്‍ ഭാരവാഹികളായ ടി.എച്ച്. കരിം, പി.സി വാഹിദ്‌സമാന്‍ ജില്ലാ ഉര്‍ദു അക്കാദമിക്ക് ഭാരവാഹികളായ വി അബ്ദുല്‍ മജീദ്, സാജിദ് മൊക്കന്‍, കെ.എം.ഷബീര്‍ പെരിമ്പലം, രമണി, ഹാദില്‍ നരയന്‍കുന്നന്‍,ഹംസ മാടമ്പി, കെ റസീന എന്നിവര്‍ സംസാരിച്ചു.

ഉര്‍ദു അക്കാദമിക് കൗണ്‍സിലിന്റെ അഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന സംസ്ഥാന തല സര്‍വര്‍ ദിനം ഉദ്ഘാടനം മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു.





സര്‍വറിന്റെ ശിഷ്യരില്‍ പ്രധാനിയും ഉര്‍ദു ഭാഷാ പ്രചാരകനും ദീര്‍ഘകാലം കെ.യു.ടി.എ പ്രസിഡണ്ടുമായിരുന്ന പി. മൊയ്തീന്‍ കുട്ടി മാസ്റ്ററെ ചടങ്ങില്‍ ആദരിക്കുന്നു.





സർവർ മെഗാ ക്വിസ്



പ്രിയരേ...
കേരള ഉർദു ടീച്ചേഴ്സ് അക്കാഡമി കൗൺസിലിന്റെ നേതൃത്വത്തിൽ 2025 ജൂൺ 13ന് എസ് എം സർവർ ജന്മദിനാഘോഷം അതിവിപുലമായി നടത്തപ്പെടുകയാണ്.
സ്കൂൾ തലങ്ങൾ ഉർദു ക്ലബ് രൂപീകരണവും സംസ്ഥാന തലം വരെ നടക്കുന്ന എസ് എം സർവർ മെഗാ ക്വിസ് മത്സരത്തിന്റെ സ്കൂൾതലവും 13ന് നടക്കുകയാണ്.ക്വിസ് മത്സരം UP, HS, HSS വിഭാഗങ്ങളിലാണ് നടത്തപ്പെടുന്നത്.മത്സരത്തിനുള്ള ചോദ്യങ്ങൾ സംസ്ഥാന അക്കാഡമിക് കൗൺസിൽ നൽകുന്നതാണ്.
ഓരോ വിഭാഗത്തിൽ നിന്നും 2 കുട്ടികളെ കണ്ടെത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.
സർവർ മെഗാ ക്വിസ് നിർദ്ദേശങ്ങൾ
1. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൂൺ 13 ന് തന്നെ ക്വിസ് മത്സരം നടത്തുക
2. യൂപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി എന്നി 3 കാറ്റഗറിയായിട്ടാണ് മത്സരങ്ങൾ നടത്തുക.
3. ഒരു സ്കൂളിൽ നിന്ന് ഓരോ (UP, HS, HSS) വിഭാഗത്തിൽ നിന്നും 2 വീതം വിജയികളെ സബ്ജില്ലാ തലത്തിലേക്ക് തിരെഞ്ഞെടുക്കുക.
4. ഹയർ സെകൻ്ററി ക്ക് സബ് ജില്ലാതല മത്സരം ഉണ്ടായിരിക്കുന്നതല്ല. ( ജില്ല, സംസ്ഥാന തലം മത്സരം )
5. സ്കൂൾ തല വിജയികളുടെ ലിസ്റ്റ് ജൂൺ 18-ാം തിയതിക്കുള്ളിൽ സബ്ജില്ലാ സെക്രട്ടറിക്ക് നൽകണം.
6. ക്വിസ് മത്സരത്തിൽ 20 ചോദ്യങ്ങളിൽ കൂടുതലും ജനറൽ ചോദ്യങ്ങളായിരിക്കും
7. സബ്ജില്ലാ, ജില്ലാ , സംസഥാന മത്സരങ്ങളുടെ തിയ്യതി പിന്നീട് അറിയിക്കും.
8. സ്കൂൾ തല മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ എല്ലാ ഉർദു വിദ്യാത്ഥികളെയും പങ്കെടുപ്പിച്ച് നടത്തേണ്ടതാണ്.
9. ക്വിസ് മത്സരത്തിൽ 1ഉം 2 ഉം സ്ഥാനത്തേക്ക് ഒന്നിൽ കൂടുതൽ പേർ വന്നാൽ ടൈ ബ്രേക്കർ ചെയ്യാനുള്ള ചേദ്യങ്ങൾ ക്വിസ് മാസ്റ്റർ തയ്യാറാക്കുക.



🔸♦️🔸♦️🔸♦️
കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ

June 5, 2025

പെരുന്നാൾ അവധി നിഷേധിച്ചത് പുന: പരിശോധിക്കണം : കെ യു ടി എ

 


കോഴിക്കോട്: പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ യു ടി എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച അറഫ നോമ്പനുഷ്ഠിക്കുന്നതിനും ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നതിന് വളരെ വിദൂരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അധ്യാപകർക്കും ദൂര സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും നാട്ടിലെത്തുന്നതിനും ആഘോഷത്തിനായി ഒരു ദിനം പോലും നൽകാത്ത സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല.

പെരുന്നാൾ ആഘോഷത്തിനായി വീട്ടിൽ പോകാൻ വെള്ളിയാഴ്ച ദിവസത്തിൽ യാത്ര ക്രമീകരണങ്ങൾ ചെയ്ത അദ്ധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളേയും പ്രതിസന്ധിയിലാക്കുന്ന തീരുമാനം തിരുത്തണമെന്നും വെള്ളിയാഴ്ചയും ശനിയാഴ്ചയും രണ്ട് ദിവസം അവധി പ്രഖ്യാപിക്കണമെന്നുo യോഗം ആവശ്യപ്പെട്ടു.സലാം മലയമ്മ (കെയു ടി എ സംസ്ഥാന ജനറൽസെക്രട്ടറി), അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻ്റ് ഡോ. ഷംസുദ്ധീൻ തിരൂർക്കാട് യോഗം ഉദ്ഘാടനം ചെയ്തു.ടി എ റഷീദ്,സുരേഷ് കെ പി,എം പി സത്താർ അരയങ്കോട്,സി വി കെ റിയാസ്,പിസി വാഹിദ് സമാൻ,ടി എച്ച് കരീം,ജിജി തൃശൂർ,എം പി സലീം,റഷീദ് തളിപ്പറമ്പ്,ലഫ്റ്റനൻ്റ് ഹംസ,അബ്ദുൽ നാസർ തലശേരി,നജീബ് മണ്ണാർ,അൻവർസാദത്ത്,റഫീഖ് മായനാട്,നാസർ കൊല്ലം,അബ്ദുറസാഖ് തൃശൂർ എന്നിവർ സംസാരിച്ചു.


KUTAസംസ്ഥാന കമ്മിറ്റി



May 31, 2025

പോസ്റ്റർ നിർമ്മിക്കാം

ഉർദു ; ലളിതം മധുരം
ഞാനും അഭിമാനപൂർവ്വം ഉർദു പഠിക്കുന്നു

പ്രവേശനോത്സവം ഫോട്ടോകൾ വെച്ച് പോസ്റ്റർ തയ്യാറാക്കാം.

 👉🏻 Name
 👉🏻Name of School
 👉🏻 Browse Photo
 👉🏻Crope Photo
 👉🏻 Download

ഫോട്ടോ അപ്‌ലോഡ് ചെയ്ത് പേരും സ്കൂളും ചേർത്താൽ നിമിഷങ്ങൾക്കകം ആകർഷകമായ പ്രവേശനോത്സവ പോസ്റ്റർ റെഡി

Link 


KUTA STATE IT WING

May 30, 2025

'ഖുശാംദീദ് നൗ നിഹാലോ' ഉർദു പ്രവേശനോൽസവ ഗാനം റിലീസ് ചെയ്തു

        29/05/2025 മലപ്പുറം : : പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ ഉർദു പ്രവേശനോൽസവഗാനം പുറത്തിറക്കി. കുട്ടികൾക്ക് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പൊതുവിദ്യാലയിലെത്തുന്ന കുട്ടികൾക്ക് പുത്തനുണർവ്വ് നൽകാൻ ഈ ഗാനം സഹായ കമാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു."
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് ഗാനം പുറത്തിറക്കുന്നത്. 'ഖുശാംദീദ് നൗ നിഹാലോ " എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചന നടത്തിയത് കെ.യു.ടി.എ കൊണ്ടോട്ടി സബ് ജില്ലാ സെക്രട്ടറിയും പി.എം.എസ്.എ പി.ടി എച്ച്.എസ്. എസ് കക്കോവ്ഉർദു അധ്യാപകനുമായ പ്രശസ്ത ഉർദു കവി അബ്ദുൽ മുനീർ പറശ്ശേരിയാണ്.




 പ്രശ്സ്ത സംഗീത സംവിധായകരായ അഷ്റഫ് മഞ്ചേരിയും സബാഹ് വണ്ടൂരൂമാണ് ഗാനത്തിന് ഈണം നൽകിയത്. പ്രശസ്ത ഗായിക ഇഷ്റത്ത് സബയാണ് ശബ്ദം നൽകിയത്.
പ്രകാശന ചടങ്ങിൽ കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി ശംസുദ്ദീൻ തിരൂർക്കാട്,ജനറൽ സെക്രട്ടറി സലാം മലയമ്മ,ട്രഷറർ ടി.എ. റഷീദ്,സംസ്ഥാന ഭാരവാഹികളായ എം.പി. സത്താർ അരയങ്കോട്,പി.സി. വാഹിദ് സമാൻ ജില്ലാ സെക്രട്ടറി സാജിദ് മൊക്കൻ,അബ്ദുൽ മുനീർ പറശ്ശേരി എന്നിവർ പങ്കെടുത്തു.


കെ.യു.ടി.എ സംസ്ഥാന കമ്മിറ്റി ഈ വർഷം പുറത്തിറക്കുന്ന ഉർദു പ്രവേശനോത്സവ ഗാനം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രകാശനം ചെയ്യുന്നു.



May 8, 2025

Rang E Sukhan ഗസൽ ശിൽപശാല

 കേരളത്തിലെ സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ പഠിക്കുന്ന ഗസൽ അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് ഗസൽ ഗായകർക്കും ഉർദു ഗസലിനെ കുറിച്ച് കൂടുതൽ അവഗാഹം നേടുവാൻ ഒരു സുവർണ്ണാവസരം.

2025 മെയ് 31 ശനി 10 AM to 4 PM കോഴിക്കോട് നടക്കാവ് ഗവ: ടി ടി ഐ ഓഡിറ്റോറിയം.

👉 പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം.

👉 2025 മെയ് 31 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 വരെ

👉സംഗീതം, സാഹിത്യം, തനത് ശൈലി, ഉച്ഛാരണം, ആശയ വ്യക്തത, ഭാവം തുടങ്ങിയ ഗസൽ ആലാപനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്ന സെഷനുകൾ.

👉ഗസലിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും ഗസൽ ആലാപനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ഒരു സുവർണ്ണാവസരം

👉 കേരള സംസ്ഥാന തലത്തിൽ ഗസൽ ആലാപന മൽസരത്തിൽ വിധി നിർണ്ണയം നടത്തി പരിചയമുള്ളവർ ഓരോ സെഷനിലും ക്ലാസുകൾ

👉 ഗസലിനെ കുറിച്ച് കൂടുതൽ അവഗാഹം നേടുന്നതിന് താൽപര്യമുള്ള ഏതൊരാൾക്കും ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്.

👉2025 മെയ് 15 വരെ പേര് രജിസ്റ്റർ ചെയ്യാം

👉 രജിസ്ട്രേഷൻ ഫീസ് അടച്ചതിന് ശേഷം താഴെ കൊടുത്ത ലിങ്കിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക

👉 ലിങ്ക് https://forms.gle/w2xDwpipK1sVJCeD8

👉 മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 300 രൂപ താഴെ നൽകിയ നമ്പറിലേക്ക് രജിസ്ട്രേഷൻ ഫീസ് നൽകണം. 9447452826 (Abdul Hameed P K- GPay for entry fee)

   👉 രജിസ്ട്രേഷൻ ഫീസ് അടച്ചവർ ആയതിൻ്റെ സ്ക്രീൻ ഷോട്ട് 9447452826 (Abdul Hameed P K) നമ്പറിലേക്ക് വാട്സപ്പ് അയക്കണo

👉 പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

👉 പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് :ഫോൺ നമ്പർ👇👇

9846259618
9947000403


എന്ന്
ജനറൽ സെക്രട്ടറി
അൻജുമൻ തർഖി ഉർദു (ഹിന്ദ് )
കേരള സംസ്ഥാന കമ്മിറ്റി



May 2, 2025

"ഉർദുവിൻ്റെ വളർച്ചക്ക് ഒരുമയുടെ കരുത്ത് "

കോഴിക്കോട് : ഉർദു ഇന്ത്യയിൽ ജനിച്ച് വളർന്ന് ഭാരത സംസ്കാരത്തിന് കരുത്ത് നൽകിയ ഭാഷയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഉർദുവും ഹിന്ദിയും ഇന്ത്യയുടെ ഭാഷയാണെന്ന സുപ്രീം കോടതി വിധി മനോഹരവും കാലോചിതവുമാണെന്നും ഭാഷകളോട് ഭരണഘടന പുലർത്തുന്ന നീതിപൂർവ്വമായ സമീപനത്തിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഉർദുവിൻ്റെ വളർച്ചക്ക് ഒരുമയുടെ കരുത്ത് " എന്ന പ്രമേയത്തിൽ
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ  മെമ്പർഷിപ്പ് കാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി ശംസുദ്ധീൻ തിരൂർക്കാട് ഇടി മുഹമ്മദ് ബഷീർ എം.പിയിൽ നിന്ന് ഈ വർഷത്തെ ആദ്യ അംഗമമായി മെമ്പർഷിപ്പ് ഏറ്റ് വാങ്ങി. കെ.യു.ടി എ സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ,ട്രഷറർ ടി.എ റഷീദ് പന്തല്ലൂർ, സംസ്ഥാന ഭാരവാഹികളായ ടി.എച്ച് കരീം, പി.സി വാഹിദ് സമാൻ, സി. അബ്ദുൽ റസാഖ്, മലപ്പുറം ജില്ലാ സെക്രട്ടറി സാജിദ് മൊക്കൻ, കൊണ്ടോട്ടി സബ്ജില്ലാ സെക്രട്ടറി മുനീർ പറശ്ശേരി എന്നിവർ പങ്കെടുത്തു.

കേരള ഉർദു അസോസിയേഷൻ സംസ്ഥാനതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിക്കുന്നു.


ഉർദുവിനൊപ്പം... സംഘടനയോടെപ്പം
_ഞാനും അണിചേർന്നു_

കെ.യു.ടി.എ അംഗത്വ പ്രചരണ കാംപയിനിൽ പങ്കാളിയാവാം …

2025 മെയ് 1 ജൂൺ 15

▶️👉🏻 Name
▶️ 👉🏻Name of School
▶️ 👉🏻Name of Subdist & Dist
▶️👉🏻 Browse Photo
▶️ 👉🏻Crope Photo
▶️👉🏻 Download

ഫോട്ടോ അപ്‌ലോഡ് ചെയ്ത് പേരും സ്കൂളും ചേർത്താൽ മനോഹരമായ അംഗത്വ പ്രചരണ പോസ്റ്റർ റെഡി

Link

KUTA STATE IT Wing

April 20, 2025

ഉർദു:ഭാഷാ വിരോധികൾക്ക് താക്കീതായ കോടതി വിധി

ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട്

ഇന്ത്യൻ സംസ്കാരത്തിൽ ഇഴുകിച്ചേർന്ന ഭാരതത്തിന്റെ മണ്ണിൽ പിറവിയെടുത്ത മതേതര ഇന്ത്യയുടെ ഭാഷയാണ് ഉർദു .എന്നാൽ ഈ ഭാഷ പലപ്പോഴും വർഗീയതയുടെ വക്താക്കളുടെ വിഷം ചീറ്റലിന്  വിധേയമായിട്ടുണ്ട് .കേരളം ഒഴികെ ഭൂരിഭാഗം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മുസ്ലിം സമുദായം മതപരമായ കാര്യങ്ങൾ പഠിക്കുന്നത് ഉർദു ഭാഷയിലൂടെയാണ് .കാരണം അവരുടെ മാതൃഭാഷ ഉർദു ആണ് .മറ്റൊന്ന് ഇന്ത്യാ രാജ്യം വിഭജനത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തപ്പോൾ പാക്കിസ്താൻ തങ്ങളുടെ രാഷ്ട്രഭാഷ ഉർദു ആയി പ്രഖ്യാപിച്ചു .സത്യത്തിൽ പാക്കിസ്താന് ഉർദു രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാൻ ഒരു അർഹതയും ഇല്ലായിരുന്നു .കാരണം അവിടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷ പശ്ത്തോ ,പഞ്ചാബി , സിന്ധി , എന്നിവയാണ് . അവിടെ നാലാം സ്ഥാനത്താണ് ഉർദു .  പാക്കിസ്താനിൽ ഉർദു സംസാരിക്കുന്നതിനേക്കാൾ ഉർദു സംസാരിക്കുന്നവരും ഉർദു സാഹിത്യകാരന്മാരും ഇന്ത്യയിലാണുള്ളത്.


വിഭജനാനന്തര ഇന്ത്യയിൽ ഉർദു ഭാഷയെ മഞ്ഞക്കണ്ണട വെച്ച് നോക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവർ അന്നു മുതൽ തന്നെ ഉർദുവിനെ ഒരു മുസ്ലിം ഭാഷയായി ചാപ്പ കുത്തിയിരുന്നു .കേരളത്തിൽ എസ് എം സർവർ സാഹിബ് ഉർദു ഭാഷയുടെ പുരോഗതിക്ക് വേണ്ടി പ്രചരണം നടത്തിവരുന്ന കാലത്ത് പാക്കിസ്താൻ ഭാഷക്ക് വേണ്ടി  വാദിക്കുന്നതെന്തിനെന്ന് ചോദിച്ചവർ ഉണ്ടായിരുന്നു .അദ്ദേഹം ഓൾ ഇന്ത്യ റേഡിയോ ഉർദു സർവീസിന്റെ വാർത്ത കേട്ടിരിക്കുമ്പോൾ പോലീസിൽ പരാതി കൊടുത്തവർ പോലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി, ഡോക്ടർ രാജേന്ദ്രപ്രസാദ് പോലെയുള്ള മുതിർന്ന രാഷ്ട്ര നേതാക്കന്മാർ  വാദിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. കൃഷൻ ചന്ദ് , രാജേന്ദ്ര സിംഗ് ബേദി ,ജഗന്നാഥ് ആസാദ് , ആനന്ദ് നാരായൺ മുല്ല ,മാലിക് റാം , ജംന പ്രശാദ് ,നരേഷ് കുമാർ ,ചന്ദ്ര ഭാൻ ഖയാൽ ,ഗോപി ചന്ദ്  നാരംഗ്, സോഹൻ രാഹി തുടങ്ങിയ ധാരാളം അമുസ്ലിം ഉർദു സാഹിത്യകാരന്മാർ തങ്ങളുടെ വ്യത്യസ്തമായ സാഹിത്യ രചന കളിലൂടെ വർഗീയവാദികൾക്കുള്ള മറുപടി നൽകിയിട്ടുണ്ട് .ഇന്ത്യയിലെ പരമോന്നത സാഹിത്യ അവാർഡായ ജ്ഞാനപീഠം പുരസ്കാരം നേടിയവരിൽ രഘുപതി സഹായ് , ഫിറാഖ് ഘോരഖ് പൂരി ,സമ്പൂർണ്ണ സിംഗ് ഗുൽസാറിനെ പോലെയുള്ള പ്രശസ്ത ഉർദു എഴുത്തുകാരുണ്ട് .


ഇങ്ങനെ മതഭേദമന്യേ ഇന്ത്യയിലെ അതിപ്രഗത്ഭരായിട്ടുള്ള എഴുത്തുകാരും ചിന്തകരും സാധാരണക്കാരായ ജനങ്ങളാകെയും ഉർദു ഭാഷയെ സ്നേഹിക്കുമ്പോഴാണ് ചിലർ കടുത്ത വർഗീയ വിദ്വേഷം ഉയർത്തി ഉർദുവിനെ എതിർക്കുന്നത് .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉർദു മീഡിയം സ്കൂളുകൾ ഉള്ള മഹാരാഷ്ട്രയിലെ ആക്കോല ജില്ലയിലെ പാത്തൂർ മുനിസിപ്പൽ കൗൺസിൽ തീരുമാനപ്രകാരം കെട്ടിടത്തിലും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ദിശാസൂചിക ബോർഡുകളിലും മറാഠിയോടൊപ്പം ഉർദുവിലും എഴുത്തുകളുണ്ട്. ഓഫീസിനു മുകളിൽ " ദഫ്ത്തരെ ബൽദിയ  പാത്തൂർ " എന്ന് എഴുതിയതാണ് അടിസ്ഥാന പ്രശ്നം. ഇതാണ് ഏറ്റവും പുതുതായി ഉർദുവിനെ കോടതിയിലേക്ക് വലിച്ചിഴക്കാൻ കാരണമായത്. 1956 മുതൽ പാത്തൂർ മുനിസിപ്പൽ കൗൺസിലിന്റെ കെട്ടിടത്തിലും ദിശ ബോർഡുകളിലും ഉർദു അക്ഷരത്തിൽ എഴുത്തുകളുണ്ട് .2014 വരെ ഇതേ ചൊല്ലി എന്തെങ്കിലും പ്രശ്നമോ എതിർപ്പോ ആരും ഉന്നയിച്ചിട്ടില്ല .2014ലെ ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ മറ്റെല്ലാതലങ്ങളിലും വർഗീയ വിദ്വേഷം വളർത്തിയത് പോലെ ഉർദുവിനെതിരെയും ആക്ഷേപങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ചിലർക്ക് പ്രചോദനമായി.2020 ൽ പാത്തൂർ മുനിസിപ്പൽ കൗൺസിലിന് പുതിയ കെട്ടിടം ഉണ്ടാക്കിയപ്പോൾ ഫെബ്രുവരി 14ന് നടന്ന മുനിസിപ്പൽ കൗൺസിലിന്റെ  തീരുമാനപ്രകാരം പുതിയ കെട്ടിടത്തിന് മറാഠിയിലും ഉർദുവിലും പേരെഴുതുന്നതിനു വേണ്ടി തീരുമാനിച്ചു എന്നാൽ ഈ തീരുമാനത്തിനെതിരായി അന്നത്തെ ബിജെപി കൗൺസിലർ വർഷാത്തായി സൻജെ ബാഗ്‌ഡെ ജില്ലാ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. അതിൻന്റെ അടിസ്ഥാനത്തിലായിരുന്നു  മറാഠിയിൽ മാത്രമേ എഴുതാവൂ എന്ന് ഉത്തരവിറക്കിയത്. അന്ന് അതിനെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതാവും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റുമായ സയ്യിദ് ബുർഹാൻ സയ്യിദ് നബിയാണ് നിയമ പോരാട്ടത്തിനിറങ്ങിയത്.


കളക്ടറുടെ ഏകപക്ഷീയമായ വിധിക്കെതിരായി സയ്യിദ് ബുർഹാൻ സയ്യിദ് നബിയും കൂട്ടരും അമരാവതി കമ്മീഷണർ കോടതിയിൽ അപ്പീൽ കൊടുത്തു. ഉർദുഭാഷക്ക് അനുകൂല വിധി വന്നു .ഇതിനെതിരായി വർഷാത്തായി തന്നെ നാഗ്പൂർ ഹൈക്കോടതിയിൽ ഹരജി നൽകിയെങ്കിലും അത് കോടതി തള്ളുകയായിരുന്നു.  പിന്നീടാണ് 2023 ൽ ഹൈക്കോടതി വിധിയ്ക്കെതിരായി സുപ്രീംകോടതിയിൽ കേസ് വരുന്നത്. ഇതിന്റെ അന്തിമ തീരുമാനമായാണ് ഇപ്പോൾ സുപ്രീംകോടതിയുടെ സുപ്രധാന വിധി  വന്നിട്ടുള്ളത് .ഭാഷ മതമല്ല സംസ്കാരമാണെന്നും ഉർദുഭാഷയെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്നുള്ള അവജ്ഞയർഹിക്കുന്ന വ്യതിചലനമാണെന്നും ഉർദു ഭാഷ ഈ മണ്ണിലാണ് ജനിച്ചതെന്നും തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി വിധിയിലെ വാചകങ്ങളിൽ കാണുന്നത്.


ഉർദുവിനെ ഒരു മുസ്ലിം ഭാഷയായി ചിത്രീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ബ്രിട്ടീഷുകാരായിരുന്നു .1947 നു ശേഷം ആ വിരോധം മറ്റു ചിലരുടെ മസ്തിഷ്കത്തിൽ കയറിക്കൂടി. അധികാരവും ചെങ്കോലും കയ്യിൽ വരുമ്പോൾ ന്യൂനപക്ഷത്തിനെതിരായി  അവരനുഭവിക്കുന്ന ഓരോ ആനുകൂല്യങ്ങളും ഇല്ലാതെയാക്കുന്ന പ്രവണതയ്ക്കെതിരായിരുന്നു സുപ്രീംകോടതിയുടെ വിധി .ബ്രിട്ടീഷുകാർ 1800 ൽ കൽക്കത്തയിലെ ഫോർട്ട് വില്യം കോളേജിൽ നിന്നാണ് ഹിന്ദി ഹിന്ദുക്കളുടെയും ഉർദു മുസ്ലിംകളുടെയും ഭാഷാ എന്ന വേർതിരിവ് ഉണ്ടാക്കി വച്ചത് .ഇന്ത്യയിൽ ഭാഷയുടെ പേരിൽ വർഗീയത ഉണ്ടാക്കിയതിൽ ബ്രിട്ടീഷുകാർക്ക് വലിയ പങ്കുണ്ട് . അവരുടെ ഭിന്നിപ്പിക്കൽ തന്ത്രമാണ് അവസാനമായി രാജ്യവിഭജനത്തിലേക്ക് വരെ എത്തിയത്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ വർഗീയതക്കും വിഭജനത്തിനുമെതിരെയാണ് സുപ്രീംകോടതിയുടെ പ്രഹരം ഏറ്റിരിക്കുന്നത്. ഭാഷകൾക്ക് മതത്തിന്റെ നിറം നൽകി ഇല്ലാതെയാക്കാനോ  പവിത്രമായ ഭരണഘടനയെ നിർവീര്യമാക്കാനോ അതിൽ വെള്ളം ചേർക്കാനോ പാർലമെന്റിലെ ഭൂരിപക്ഷം കൊണ്ട് മാത്രം കഴിയില്ല എന്ന പാഠമാണ് കോടതിയുടെ വിധി.പലതരത്തിലുള്ള നിയമനിർമ്മാണ ശ്രമങ്ങളാണ് നമ്മുടെ പാർലമെന്റിൽ നടന്നുകൊണ്ടിരിക്കുന്നത് .മഹാഭൂരിഭാഗം നിയമനിർമാണവും ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ പൊതുവിലും മുസ്ലീങ്ങളെ വിശേഷിച്ചും ലക്ഷ്യം വെച്ചുകൊണ്ടാണ് നടത്തിവരുന്നത് .ഒരു രാജ്യം ഒരു ഭാഷ എന്ന വർഗീയവാദികളുടെ മുദ്രാവാക്യം ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണ് ഉപകരിക്കുന്നത് .ഒരു ഇന്ത്യ ഒരു ഭാഷ എന്ന മുദ്രാവാക്യം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് .സംസ്ഥാനങ്ങളിൽ നിന്നാകെയും പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്ന് ഈ നിലപാടിനെതിരായി അതിശക്തമായ പ്രതിഷേധവും ചെറുത്തുനിൽക്കും ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ജനങ്ങൾക്ക് സംസാരിച്ചാൽ ഉൾക്കൊള്ളാൻ കഴിയുന്ന ഉർദു ഭാഷയെ ഇതോടെ ഇല്ലാതെയാക്കാൻ കഴിയും എന്നാണ് അവരുടെ നിരീക്ഷണം . ഉർദുവിലെ സംസാരത്തിന് ഹിന്ദി എന്ന പേര് കൊടുത്ത് ലിപി മാറ്റുന്നതോടെ  ഈ ഭാഷ ശവകുഴിയിലേക്ക് പോകും. അത് ഇന്ത്യൻ സംസ്കാരത്തിന്റെ കൂടി മരണമായിരിക്കും. ഇങ്ങനെയുള്ള മലിനമായ ചിന്തകൾക്കാണ് സത്യത്തിൽ സുപ്രീംകോടതി വിലങ്ങു വച്ചിരിക്കുന്നത്. സുപ്രീംകോടതി പറയുന്നത് ഹിന്ദു മുസ്ലിം സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഗംഗ യമുന തഹസീബിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഉർദു.


ഉർദു വാക്കുകളോ ഉർദുവിൽ നിന്ന്  ഉരുത്തിരിഞ്ഞ വാക്കുകളോ ഉപയോഗിക്കാതെ ഹിന്ദി സംസാരിക്കാൻ പറ്റില്ല . ഹിന്ദി എന്ന വാക്ക് തന്നെ ഹിന്ദവി എന്ന പേർഷ്യൻ പദത്തിൽ നിന്ന് ഉണ്ടായതാണെന്ന് ജഡ്ജിമാർ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ്മാരായ സുധാൻഷു ധൂലിയ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ വിധിയിലെ ഓരോ വരികളും നമ്മുടെ രാജ്യത്തിൻറെ മതേതര പാരമ്പര്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് .സിന്ധി ഹിന്ദുവിനെയോ ഉർദു മുസ്ലിമിനെയോ പ്രതിനിധീകരിക്കുന്നില്ല .ഭാഷ ഒരു സമൂഹത്തിന്റേതോ പ്രദേശത്തിന്റെതോ ജനതയുടെയോ സംസ്കാരത്തിന്റെയോ ഭാഗമാണ്.




ഭാഷകളെ സാമുദായികവത്കരിക്കരുത്

     ർദു ഭാഷയെക്കുറിച്ച് ബുധനാഴ്‌ച സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ അടിവരയിടേണ്ടതാണ്. “ഭാഷകൾക്ക് മതമില്ല. ഹിന്ദിക്കും ഉർദുവിനും . ഭരണഘടനാപരമായി തുല്യപരിഗണനയാണ്. ഒരു സംസ്‌കാരമാണ് ഭാഷ. ഒരു ജനതയുടെ നാഗരിക മുന്നേറ്റത്തെ അളക്കുന്നതിനുള്ള അളവുകോലുമാണ്. ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളുകയും ഹിന്ദി ഹിന്ദുവിൻ്റേതും ഉർദു മുസ്‌ലിമിന്റേതുമെന്ന വേർതിരിവ് ഉപേക്ഷിക്കുകയും വേണം” ജസ്റ്റിസുമാരായ സുധാൻഷൂ ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പാടൂർ മുനിസിപൽ കൗൺസിൽ കെട്ടിടത്തിന്റെ സൈൻ ബോർഡിൽ ഉർദു ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത്‌ത്‌ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഉർദു ഇന്ത്യക്ക് അന്യമല്ലെന്നും ഇന്ത്യയിലാണ് അത് ജനിച്ചതെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിന് കൊളോണിയൽ ശക്തികളാണ് ഹിന്ദിക്കും ഉർദുവിനും മതപരമായ വേർതിരിവ് നൽകിയതെന്നും വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.


മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചാപ്പകുത്തി ഉർദുവിനെ നിഷ്കാസനം ചെയ്യാൻ രാജ്യത്ത് ഭരണകൂടങ്ങളുടെ ഒത്താശയോടെ സംഘടിതമായ ശ്രമം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഈ നിരീക്ഷണം. ഉത്തരേന്ത്യയിൽ ബി.ജെ.പി ഭരണത്തിൽ ഔദ്യോഗിക മേഖലകളിൽ നിന്നെല്ലാം ഉർദുവിനെ തഴഞ്ഞു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിക്കുന്ന എല്ലാ ഭാഷകളെയും പരാമർശിച്ചപ്പോൾ ഉർദുവിനെ മാത്രം ഒഴിവാക്കി. കസ്തൂരിരംഗൻ കമ്മിറ്റി നേരത്തേ സമർപ്പിച്ച കരടു വിദ്യാഭ്യാസ നയത്തിലും ഇതുതന്നെ സംഭവിച്ചു. കമ്മിറ്റിയുടെ ആദ്യ കരട് നയത്തിൽ ഉർദുവുണ്ടായിരുന്നു. എന്നാൽ അന്തിമ കരടിൽ ഉർദു അപ്രത്യക്ഷമായി. ഇത് യാദ്യച്ഛികമല്ല. പൂർണമായും ഇന്ത്യയിൽ രൂപപ്പെടുകയും വളരുകയും വികാസം പ്രാപിക്കുകയും ചെയ്ത ഭാഷയാണ് ഉർദു. ഡൽഹിയാണ് ഉർദുവിൻ്റെ ജന്മദേശം. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിൽ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഈ ഭാഷ ജന്മമെടുക്കുന്നത്. പേർഷ്യയിൽ നിന്നെത്തിയ വ്യാപാരികളും കുടിയേറ്റക്കാരും സംസാരിച്ചിരുന്ന അറബി, തുർക്കി, പേർഷ്യൻ ഭാഷകളിൽ നിന്നുള്ള വാക്കുകൾ അന്നത്തെ ഉത്തരേന്ത്യൻ തദ്ദേശീയ സംസാര ഭാഷയുമായി കൂടിച്ചേർന്നാണ് ഉർദു ഉടലെടുത്തത്. ആഗോള തലത്തിൽ അമ്പത് കോടി പേർ സംസാരിക്കുന്ന ഉർദു, ഇന്ത്യയിൽ ഹിന്ദി കഴിച്ചാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയാണ്. ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷയും ഡൽഹി, ബിഹാർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയുമാണ് ഉർദു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട് ഉർദുവിനെ.


ഉർദുവിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു. ഉർദുവായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെ ഭാഷ. ലാഹോറുകാരി യായിരുന്ന നെഹ്റുവിൻ്റെ മാതാവ് സ്വരൂപ് റാണി ദേവി ഉർദു നന്നായി കൈകാര്യം ചെയ്യുമായിരുന്നു. പിതാവ് മോത്തിലാൽ നെഹ്റുവിനുമുണ്ടായിരുന്നു ഉർദുവിൽ അഗാധ ജ്ഞാനം. 1907ൽ യു.പി യിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മോത്തിലാലിൻ്റെ പ്രസംഗം ഉർദുവിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്ര ഭാഷയായി ഉർദുവിനെ അംഗീകരിക്കണമെന്നായിരുന്നു നെഹ്റുവിൻ്റെ താത്പര്യം. മറ്റു മിക്ക സ്വാതന്ത്ര്യ സമര നേതാക്കളും ഇതിനോട് അനുകൂലഭാവം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. 1947ലെ വിഭജനത്തെ തുടർന്ന് പാകിസ്താൻ നിലവിൽ വരികയും ഉർദുവിനെ ദേശീയ ഭാഷയായി പാകിസ്താൻ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇത് നടക്കാതെ പോയത്.


ഗാന്ധിജിയും അംഗീകരിച്ചിരുന്നു ഉർദുവിൻ്റെ പ്രാധാന്യം. 'ഉർദു ഇല്ലാത്ത ഇന്ത്യ അപൂർണമാണെ'ന്നാണ് 1918ൽ ഇൻഡോറിൽ സാഹിത്യ സമ്മേളനത്തിൽ സംസാരിക്കവെ ഗാന്ധിജി പറഞ്ഞത്. 1999 ജൂലൈ 29ന് നടന്ന അഖിലേന്ത്യാ ഉർദു എഡിറ്റേഴ്‌സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യവെ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ ഉർദുവിൻ്റെ പ്രാധാന്യവും ജനകീയതയും എടുത്തു പറയുകയുണ്ടായി. “മുസ്‌ലിം ഭാഷയല്ല ഉർദു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിന്ദുക്കളും മറ്റു മതസ്ഥരും ധാരാളമുണ്ട് ഉർദു സംസാരിക്കു ന്നവരിൽ. ഹൈന്ദവ ഭക്തകവി സന്ത് തുക്കുറാം ഉർദുവിലാണ് അദ്ദേഹത്തി ൻ്റെ ഒട്ടേറെ ഭക്തിഗാനങ്ങൾ എഴുതിയത്. പ്രമുഖ സാഹിത്യകാരനായിരുന്ന മുൻഷി പ്രേംചന്ദിൻ്റെ ആദ്യകാല കൃതികൾ ഉർദുവിലാണ് ” എന്നും കെ.ആർ നാരായണൻ ചൂണ്ടിക്കാട്ടി. ആശയ വിനിമയത്തിൻ്റെ മാത്രമല്ല, സാമുദായിക ഐക്യത്തിൻ്റെയും ദേശീയ അന്തർദേശീയ ഏകീകരണത്തിൻ്റെയും മാധ്യമമായാണ് ഉർദുവിനെ ആദ്യ കാല നേതാക്കളെല്ലാം കണ്ടത്.


സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ്‌ വിരുദ്ധ വികാരവും ദേശീയ ബോധവും ഉണർത്തുന്നതിൽ ഉർദു വലിയ പങ്കുവഹിച്ചു. അച്ചടി മാധ്യമങ്ങൾ രംഗത്തു വന്നിട്ടില്ലാത്ത കാലഘട്ടത്തിൽ ബ്രിട്ടീഷ്‌ വിരുദ്ധ വികാരം ധ്വനിപ്പിക്കുന്ന നിരവധി ഉർദു കൈയെഴുത്ത് പത്രങ്ങൾ ഡൽഹിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആളുകളെ ഒരുമിച്ചു കൂട്ടി ഉർദു പത്രങ്ങൾ ഉറക്കെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ രംഗത്തിറക്കുന്നതിൽ ഉർദു പത്രങ്ങൾ വലിയ പങ്കാണ് വഹിച്ചത്. ദില്ലി അഖ്ബാർ, സാദിഖുൽ അഖ്ബാർ തുടങ്ങിയ ഉർദു പത്രങ്ങൾ ദേശീയ സമരത്തിൻ്റെ തീച്ചൂളയിലേക്ക് എടുത്തുചാടാൻ ജനങ്ങൾക്ക് പ്രചോദനമേകി. ഈ പശ്ചാത്തലത്തിൽ, മുസ്‌ലിമേതരരെ ഉർദുവുമായി അകറ്റി രാജ്യത്ത് സാമൂഹിക വിഭജനം സൃഷ്ടിക്കുന്നതിന് ബ്രിട്ടീഷുകാരാണ് ഉർദു മുസ്‌ലിംകളുടെ ഭാഷയാണെന്ന പ്രചാരണത്തിന് തുടക്കമിട്ടത്. കൊളോണിയലിസത്തിൻ്റെ ഈ കുതന്ത്രത്തിൽ അകപ്പെടുകയായിരുന്നു ഹിന്ദുത്വർ. ഈ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് സുപ്രീം കോടതി നിരീക്ഷണം.

കടപ്പാട് : സിറാജ് എഡിറ്റോറിയൽ