ലാൽ ചന്ദ് ഫലക്ക് : ഹിന്ദു മുസ്ലിം ഐക്യത്തിന്റെ കാഹളമൂതിയ ഉർദു കവി

ഡോ : കെ പി ശംസുദ്ദീൻ തിരൂർക്കാട്


ഉർദു മതഭാഷ അല്ലെന്നും അത് ഇന്ത്യൻ തനിമയുള്ള ഭാഷയാണെന്നുമുള്ള പരമോന്നത നീതിപീഠത്തിന്റെ പുതിയ ഉത്തരവ് ചർച്ച ചെയ്യുന്ന ഈ സാഹചര്യത്തിൽ വർഗീയവാദികൾ ഭാഷയ്ക്കെതിരായി ഉയർത്തി വിട്ടിട്ടുള്ള അനേകം ആരോപണങ്ങളും വസ്തുതാ വിരുദ്ധതയും തുറന്നു കാണിക്കേണ്ടത് അനിവാര്യമാണ്.വർഗീയവിഷം ചീറ്റുന്ന ചില ആളുകളാണ് ലാൽ ചന്ദ് ഫലക്കിനെ പോലെയുള്ള കവികളെ കുറിച്ച് വ്യാപകമായി തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിച്ചിട്ടുള്ളത്. ലാൽ ചന്ദിനെ കുറിച്ചും അദ്ദേഹത്തിന്റെ കാവ്യലോകത്തെ കുറിച്ചും ഒട്ടേറെ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അദ്ദേഹം ഉർദു കവി മാത്രമല്ല സ്വാതന്ത്ര്യ സമര സേനാനിയും കൂടിയായിരുന്നു.

1887 ജനുവരി 13ന് ലാല ദേവി ചന്ദ് കപ്പൂരിന്റെയും പാർബത്തി ദേവിയുടെയും മകനായാണ് ചന്ദ് ജനിച്ചത് .ഗോജ്റാൻവാലയിലെ പലചരക്ക് കച്ചവടക്കാരനായിരുന്നു പിതാവ് ലാല ദേവി ചന്ദ്.മിടുക്കനായ ലാൽ ചന്ദ് സനാതന ധർമ്മ ഹൈസ്കൂളിൽ നിന്ന് ഉർദുവിലും സാമൂഹ്യ പഠനത്തിലും വൈദഗ്‌ദ്യം നേടി. ശേഷം ചീഫ് എൻജിനീയർ ഓഫീസിൽ ജോലി കരസ്ഥമാക്കുകയും ചെയ്തു. ബ്രിട്ടീഷുകാരോടുള്ള വിരോധത്താൽ ഈ ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്" ഉമ്മീദ് ബുക്ക് ഏജൻസി" എന്ന നാമത്തിൽ ഒരു പുസ്തകശാല ആരംഭിച്ചു . ലഖ്‌നൗവിൽ നിന്നായിരുന്നു ചന്ദ് വിവാഹം കഴിച്ചത്. ഈ കാലഘട്ടത്തിൽ തന്നെ അദ്ദേഹം ധാരാളം ഉർദു കവിതകൾ രചിക്കാൻ തുടങ്ങിയിരുന്നു.


ഫലക്ക് എന്നത് അദ്ദേഹം സ്വീകരിച്ച തൂലികാനാമമായിരുന്നു. കവിതയിൽ തന്റെ ഗുരു മുൻഷി ദ്വാരക പ്രസാദ് ഉഫ്ഖ് ലഖ്നവി ആയിരുന്നു. ഇരുപതാം വയസ്സിൽ കവിത രചിക്കാൻ തുടങ്ങിയ ചന്ദ് ഇരുപത്തിയേഴാം വയസ്സിൽ 1913 ൽ "കലാമെ ഫലഖ് "എന്ന ഉർദു കവിത സമാഹാരം പുറത്തിറക്കി. ലാഹോറിലെ വ്യാസ പുസ്തകാലയമാണ് ഇത് പ്രസിദ്ധീകരിച്ചത്. ദേശീയത രാജ്യസ്നേഹം പ്രാചീന ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണ് കവിതകൾ രചിച്ചിട്ടുള്ളത്. ദേശീയ ഗാനം ,രാജ്യ സ്നേഹം ,പ്രാചീന ഭാരതം ,ഭാരതീയരെ ഉണർത്തൽ , ഭാരതീയനായ കുട്ടിയുടെ ഗാനം ,ഇന്ത്യയുടെ ശബ്ദം , ദേശസ്നേഹികളുടെ ആഗ്രഹം ,ഹൈദരാബാദിലെ ആറാമത്തെ നിസാം ആയിരുന്ന മീർ മെഹബൂബ് അലിഖാന്റെ മരണത്തോടനുബന്ധിച്ച് എഴുതിയ വിലാപ കവിത ,ലാഹോറിലെ ജില്ലാ ജയിലിൽ വെച്ച് രചിച്ച കവിത ,ഈദ് ,സർ സയ്യിദ് അഹമ്മദ് ഖാന്റെ സുഹൃത്ത് നവാബ് മുഹ്സിനുൽ മുൽക്കിന്റെ മരണത്തോടനുബന്ധിച്ച് എഴുതിയ കവിത ,എന്നിങ്ങനെ 71 കവിതകളുടെ സമാഹാരമാണ് "കലാമേ ഫലഖ് ."പലയിടത്തും ഹിന്ദു മുസ്ലിം സാഹോദര്യവും ദേശീയതയുമാണ് ഇതിവൃത്തം. അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെയും മൗലാനാ സഫർ അലിഖാനെയും പോലെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ പലരും ഈ സമാഹാരത്തെ പ്രശംസിച്ചിട്ടുണ്ട് .

1914 ൽ പ്രസിദ്ധീകരിച്ച "പയാമെ ഫലഖ് "ഹിന്ദു മുസ്ലിം ഐക്യം മുസ്ലിമിന്റെ വിലാപം മദ്യത്തിനെതിരെ ഗാന്ധിയെ കുറിച്ച് തുടങ്ങിയ കവിതകൾ ഉൾപ്പെടുന്ന സമാഹാരമാണ്. എല്ലാം മതേതര കാഴ്ചപ്പാടോടെ രചിച്ചിട്ടുള്ളവയാണ് . ഈ കവിതകളെല്ലാം തന്നെ വളരെ പ്രാധാന്യത്തോടെ വ്യാഖ്യാനങ്ങൾക്ക് വിധേയമായി പുന:പ്രസിദ്ധീകരിക്കേണ്ടത് ഈ കാലഘട്ടത്തിലാണ് .അതുപോലെ വളരെ പ്രശസ്തമായ ലാൽ ചന്ദ് ന്റെ കവിതാ സമാഹാരമാണ് "ജാമെ ഫലഖ് ."ഇത് 1914 മുതൽ 1920 വരെയുള്ള തന്റെ ജയിൽവാസകാലത്ത് രചിച്ചവയാണ് .ഇതിൽ 72 കവിതകളാണുള്ളത്. ഒന്നാമത്തെ കവിത നമ്മുടെ രാഷ്ട്രീയ ഈമാൻ എന്ന പേരിലാണ്.ഈരടികളുടെ തുടക്കം ഇങ്ങനെയാണ് "മുസൽമാൻ സിഖ് ഹിന്ദു പാർസി കൃസ്ത്യൻ ഭാരതത്തിന്റെ മക്കളായ നാം ഹിന്ദുസ്താനിയാണ്. "മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു "രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നാം ഹിന്ദു മുസ്ലിം ഒരുമിച്ച് തന്ത്രം മെനയണം ."ഇതുപോലെയുള്ള ധാരാളം കവിതകൾ ഈ സമാഹാരത്തിലുണ്ട്.ഒരു സത്യസന്ധനായ ദേശസ്നേഹിയുടെ ഗീതം ,ഭാരതത്തിന്റെ പുത്രന്മാരോട് , മൗലാനാ അൽത്താഫ് ഹുസൈൻ ഹാലിയുടെ മരണത്തോടനുബന്ധിച്ച് ,യൂറോപ്പിലേക്ക് പോകുന്ന ഭാരതീയ സൈനികരോട് , ജീവിതത്തിന്റെ ഫിലോസഫി ,തൗഹീദ് ഇഷ്ടപ്പെട്ട മുഹമ്മദ് നബി , ഹിന്ദു മുസ്ലിം ഐക്യവും ആംഗ്ലോ ഇന്ത്യൻ പത്രവും , സ്വരാജ് ലഭിച്ച ശേഷമുള്ള ഹിന്ദുസ്താൻ , തുടങ്ങി 72 കവിതകളാണുള്ളത്. സ്വരാജ് ലഭിച്ച ഹിന്ദുസ്താനിൽ ഇങ്ങനെ പറയുന്നു "അസൂയയും അസഹിഷ്ണുതയും വൈരവും എല്ലാം ഭാരതത്തിൽ നിന്ന് മാഞ്ഞു പോകും.പിന്നീട് ഇവിടെ ഹിന്ദു മുസ്ലിം എന്ന വഴക്കും വാദവും ഉണ്ടാകില്ല ."



ലാൽ ചന്ദ് ഫലക്ക് ഉർദു സാഹിത്യ ലോകത്തിന് നൽകിയത് പത്തോളം കവിത സമാഹാരങ്ങളും നിരവധി ഗദ്യ സാഹിത്യങ്ങളുമാണ് .ഇതിൽ" സ്വദേശി പ്രസ്ഥാനം " എന്ന കൃതി വളരെ മഹത്വമുള്ളതാണ് .ഇതിൽ സ്വദേശി പ്രസ്ഥാനവും മുസ്ലിം സമുദായവും , ഇന്ത്യയിലെ വിദ്യാഭ്യാസം നശിപ്പിച്ച ഇംഗ്ലണ്ട് , സ്വദേശി പ്രസ്ഥാനവും ഇന്ത്യൻ മുസ്ലീങ്ങളും പോലെയുള്ള ധാരാളം ലേഖനങ്ങൾ ഉണ്ട് .

ലാൽ ചന്ദ് ഫലക്ക് നല്ലൊരു പത്രപ്രവർത്തകനും കൂടിയായിരുന്നു ."ബേസാർ " എന്ന നാമത്തിൽ ഒരു ഉർദു പത്രം ആരംഭിച്ചു .പത്രത്തിന്റെ അപരനാമം ഹിന്ദുസ്ഥാൻ ഗസറ്റ് ആയിരുന്നു .അന്നത്തെ മറ്റൊരു ഉർദു പത്രം ഹിന്ദുസ്താൻ എന്ന പേരിൽ ഉണ്ടായിരുന്നു .ഇതിന്റെ പത്രാധിപർ ലാലാ ദീനാനാഥ് ആയിരുന്നു .ഒരേ നാമത്തിലെ രണ്ട് പത്രങ്ങൾ വിവാദമായപ്പോൾ തന്റെ പത്രം നിർത്തുകയും പിന്നീട് സിയാൽ കോട്ടിലേക്ക് പോവുകയും ചെയ്തു .അവിടെ സർദാർ നാരായൺ സിംഗിന് തന്റെ ഉർദു പത്രം ആയ "ഗുൽനാർ " ന് ഒരു എഡിറ്ററെ ആവശ്യമുണ്ടായിരുന്നു .സർദാർ നാരായണൻ തന്റെ ഗുൽനാറിന്റെ പത്രാധിപരായി ലാൽ ചന്ദ് ഫലക്കിനെ നിയമിച്ചു.

ലാൽ ചന്ദ് ഫലക്കിനെ അല്ലാമ ഇഖ്ബാലും ഇഖ്ബാലിന്റെ കവിതയും വല്ലാതെ സ്വാധീനിച്ചിരുന്നു .അതുകൊണ്ടുതന്നെ സാരേ ജഹാൻ സെ അച്ഛാ എന്ന കവിതയിലെ" ഹിന്ദി " (ഇന്ത്യൻ)എന്ന പദം എടുത്ത് പത്രത്തിന് ഹിന്ദി എന്ന നാമം നൽകിക്കൊണ്ട് അതോടൊപ്പം ഇഖ്ബാലിന്റെ ഈരടി "ഹിന്ദി ഹൈ ഹം വത്തൻ ഹൈ ഹിന്ദു സിത്താൻ ഹമാരാ " എന്നും കൂടി കൂട്ടിച്ചേർത്തു."കലാമേ ഫലക്ക് " എന്ന ലാൽ ചന്ദിന്റെ കവിതാ സമാഹാരത്തിൽ "ഹമാര പ്യാരാ ദേശ് " എന്ന കവിത ഇഖ്ബാലിന്റെ" സാരേ ജഹാൻ സേ അച്ഛാ " എന്ന കവിതയുടെ സംയോജനമായിട്ടാണ് രചിച്ചത് .അത് ഇങ്ങനെയായിരുന്നു "സാരേ ജഹാൻ സെ അഛാ ഹിന്ദു സിത്താൻ ഹമാരാ ജാൻ വ ജിഗർ സെ പ്യാരാ ഏ ജാനേ ജാൻ ഹമാര ഹം ഹൈ മക്കീൻ ഇസ്ക്കെ ഏ ഹൈ മക്കാൻ ഹമാരാ

ഹം മഛലിയ ഹൈ ഏ ഹൈ ആബെ രവാ ഹമാരാ

ഹം ബുൽ ബുലേ ഹൈ ഇസ്ക്കി ഏ ഗുൽ സിത്താൻ ഹമാരാ "

ലാൽ ചന്ദിന്റെ ഹിന്ദി എന്ന ഉർദു പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ വിവാദമുണ്ടായപ്പോൾ അവിടെ നിന്ന് രാജി വെച്ച് ലാഹോറിലേക്ക് പോരുകയും പിന്നീട് "പൈസ "എന്ന ഉർദു പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ ആവുകയും ചെയ്തു .ശേഷം സ്വന്തമായി ഒരു പത്രം " അഖ്ബാർ ഹാത്ക്കാരി"ആരംഭിച്ച് സ്വതന്ത്രമായിട്ടുള്ള പത്രപ്രവർത്തനം ആരംഭിച്ചിരുന്നു .

ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായ ലാൽ ചന്ദ് പലപ്പോഴായി ജയിൽവാസം അനുഭവിച്ചു .1917 ജൂൺ 17 നും പിന്നീടും ശിക്ഷിക്കപ്പെട്ടു. കാലാപാനി(അന്തമാനിലേക്ക് നാടുകടത്തൽ) ശിക്ഷയാണ് ലഭിച്ചത് .ആജീവനാന്ത മായിരുന്ന ശിക്ഷ പിന്നീട് 14 വർഷത്തേതാക്കി മാറ്റി .അദ്ദേഹത്തിന്റെ കവിതകളെ ബ്രിട്ടീഷുകാർ വല്ലാതെ ഭയപ്പെട്ടിരുന്നു . ഭഗത് സിംഗിനെ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ ഫലക്കിന്റെ "ഫലക്ക് ഭജ്നാവലി " എന്ന കവിത സമാഹാരത്തിലെ "ഏക്ക് സച്ചെ വത്തൻ പരസ്ത് ക്കാ ഗീത്( ഒരു സത്യസന്ധനായ ദേശസ്നേഹിയുടെ ഗീതം ) എന്ന കവിതയിലെ

"ദിൽസേ നിക്കലേകി ന മർക്കർ ഭി വത്തൻ കീ ഉൽഫത്ത് 

മേരി മിട്ടി സെ ഭി ഖുശ്ബു യെ വഫ ആയെഗി (മരിച്ചാലും ഹൃദയത്തിൽ നിന്ന് രാജ്യത്തോടുള്ള സ്നേഹം പോകില്ല എന്റെ മണ്ണിൽ നിന്നും ദേശക്കൂറിന്റെ സുഗന്ധം വരും ).

ലാൽ ചന്ദ് ഫലക്ക് നെ 14 വർഷത്തേക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും നിയമവ്യവസ്ഥയിലെ ചില ഇളവുകൾ കാരണത്താൽ മൂന്നുവർഷം കഴിഞ്ഞപ്പോൾ 1920 ൽ ജയിൽ മോചിതനാവുകയുണ്ടായി.

ലാൽ ചന്ദ് ആര്യവൃത്ത് ഉറൂജ് വ സവാൽ , ഇൽഹാമെ ഫലക്ക് , മുസദ്ദസെ ഫലക്ക് , മുഖമസെ ഫലക്ക് , ആയിന യെ ഫലക്ക് , ഖയാലാത്തേ ലജ്പത്ത്, ഹിന്ദുസ്താൻ കി കഹാനി , ജയിൽ ഖാനെ കി കഹാനി തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ രചിച്ച് ഉർദു സാഹിത്യത്തെ സമ്പുഷ്ടമാക്കിയിരുന്നു . 1967 മാർച്ച് 26 ന് എൺപതാം വയസ്സിൽ ഉർദു സാഹിത്യ ലോകത്തെ ആ അതികായൻ ഡൽഹിയിൽ അന്തരിച്ചു.

(Chandrika Varaantha Pathippu 7/6/2025)




No comments:

Post a Comment