ബാനൂ ഖുദ്സിയ ഹൃദയസ്പർശിയായ ഉർദുവിലെഴുതി;

സമ്പാ & വിവ : റമീസ് സുബൈർ

2️⃣

ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ അഷ്ഫാഖ് അഹമ്മദിനോട് ബാനു ഖുദ്സിയയെ വിവാഹം ചെയ്യാൻ ഉണ്ടായ കാരണത്തെ, സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ, 

 അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് വളരെ മനോഹരമായിതന്നെ പറഞ്ഞു : 

"എന്നിൽ ഇല്ലാത്ത എന്റെ എല്ലാ ഗുണങ്ങളും ഞാൻ ബാനുവിൽ കണ്ടു, പിന്നെ എന്ത് കൊണ്ട് ആ ഗുണങ്ങളെ വീട്ടിലേക്ക് കൊണ്ട് വന്നു കൂടാ " എന്ന് ഞാൻ ചിന്തിച്ചു....



1️⃣

"ഞാനെന്റെ അബ്ബയുടെ നിസ്സഹായത കണ്ടത് അദ്ദേഹം കാൻസറിനോട് പോരാടുമ്പോഴാണ്. തന്റെ രോഗത്തെക്കുറിച്ചോർത്ത് വിഷമിക്കുന്നതിനു പകരം, തൻ്റെ മക്കൾക്കുവേണ്ടി കരുതിവെച്ച പണം തൻ്റെ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടിവരുന്നതിനെക്കുറിച്ചോർത്ത് അദ്ദേഹം കൂടുതൽ വേവലാതിപ്പെട്ടപ്പോഴാണത് ബോധ്യപ്പെട്ടത്.

പുരുഷന്റെ ത്യാഗം ഞാൻ കണ്ടത് പെരുന്നാൾ തിരക്കിനിടയിൽ ഒരു കടയിൽവെച്ചാണ്. ഒരു കുടുംബം കൈയ്യിൽ നിറയെ ഷോപ്പിംഗ് ബാഗുകളുമായി നടക്കുന്നു. ഭാര്യ ഭർത്താവിനോട് പറയുന്നു: "എൻ്റെയും കുട്ടികളുടെയും സാധനങ്ങളെല്ലാം എടുത്തു കഴിഞ്ഞു. നിങ്ങൾക്കുള്ള കുർത്തയും ചെരുപ്പും വാങ്ങിക്കോളൂ". അതിന് മറുപടിയായി അദ്ദേഹം : "ഇപ്പോൾ എന്തിനാണ്, കഴിഞ്ഞ വർഷത്തെ ചെരുപ്പ് അത്രയൊന്നും ജീർണിച്ചില്ലല്ലോ. നിങ്ങൾക്ക് എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ നോക്കിക്കോളൂ. അവസാന ദിനങ്ങളിലെ തിരക്ക് കാരണം ഇനി ഒറ്റയ്ക്ക് വരേണ്ടിവരും."


 ഒരാണിൻ്റെ സ്നേഹം ഞാൻ കണ്ടത്, ഭാര്യയ്ക്കും മക്കൾക്കും സമ്മാനങ്ങൾ വാങ്ങിയതിനുശേഷം, തന്റെ ഉമ്മയ്ക്കും സഹോദരിക്കും കൂടി ചില സാധനങ്ങൾ വാങ്ങിവെച്ചപ്പോഴാണ്.

ഞാനൊരു ഗൃഹനാഥൻ്റെ സംരക്ഷണം കണ്ടത്, റോഡ് മുറിച്ചുകടക്കുമ്പോൾ, തന്റെ കുടുംബത്തെ പിന്നിലാക്കി, സ്വന്തം ജീവൻ അപകടത്തിലാക്കിക്കൊണ്ട് അവരെ സംരക്ഷിച്ചപ്പോഴാണ്.

ഒരു പിതാവിൻ്റെ സഹനം ഞാൻ കണ്ടത്, മകളുടെ വിവാഹം കഴിഞ്ഞു അവൾ പുതിയാപ്ലയുടെ വീട്ടിലേക്ക്

പോവുമ്പോൾ, ദുഃഖം ഉള്ളിലൊതുക്കി, അവളെ ചേർത്തുപിടിച്ച്

 "ഞാനിപ്പോഴും ജീവനോടെയുണ്ടെ"

ന്ന്പറഞ്ഞ് ആശ്വസിപ്പിച്ചപ്പോഴാണ്. പക്ഷേ, അദ്ദേഹത്തിൻ്റെ ചുവന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു :

 "മോളേ,ഞാനും തളർന്നുപോയിരിക്കുന്നു" . കരയണമെന്നുണ്ടെങ്കിലും "ആണുങ്ങൾ കരയാൻ പാടില്ല" എന്ന ചിന്ത അദ്ദേഹത്തെ അതിൽനിന്നും പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു."

(ബാനൂ ഖുദ്സിയ (ആപ്പ ) (1928-2017) പ്രശസ്ത ഉർദു സാഹിത്യകാരിയായിരുന്നു. "രാജ ഗിധ്" ആണ് പ്രധാന നോവൽ. നാൽപ്പതിലേറെ കൃതികൾ രചിച്ചു. ഫിറോസ്പൂരിൽ ജനിച്ചു, ലാഹോറിൽ അന്തരിച്ചു.)


No comments:

Post a Comment