ഉർദു ഹിന്ദിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണോ? അങ്ങനെ കരുതുന്നവർ അനവധിയാണ്. ചരിത്രം പരിശോധിച്ച് പല ധാരണകളും തിരുത്തേണ്ടിയിരിക്കുന്നു. ഉർദു ഭാഷയുടെ മറ്റൊരു പേരായിരുന്നു 'ഹിന്ദി' എന്ന യാഥാർഥ്യം മനസ്സിലാക്കാൻ ഈ വായന തുടരുക.
അതിനുമുമ്പ് ചില കാര്യങ്ങൾ പറയാം.
ഇന്ന് ദേവനാഗരി ലിപിയിൽ എഴുതപ്പെടുന്ന ഹിന്ദി ഭാഷ രണ്ടു തരത്തിലുണ്ട്, ആധുനിക ഹിന്ദിയും പഴയ ഹിന്ദിയും. ഇന്ന് നമ്മൾ ചില അച്ചടികളിലും സിലബസുകളിലും കാണുന്ന 'ആധുനിക ഹിന്ദി' ഉർദുവിനും ഏറെ കാലശേഷം ബോധപൂർവ്വം രൂപപ്പെടുത്തിയെടുത്ത ഒന്നാണ്.
ഒന്നുകൂടെ പറഞ്ഞാൽ 'ആധുനിക ഹിന്ദി' പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉർദുവിൽ നിന്ന് അല്ലെങ്കിൽ പഴയ ഹിന്ദിയിൽ നിന്ന് പേർഷ്യൻ, അറബിക് വാക്കുകൾ ബോധപൂർവ്വം നീക്കം ചെയ്ത്, പകരം സംസ്കൃത പദങ്ങൾ കൂടുതൽ ചേർത്ത് ഉണ്ടാക്കിയതാണ്.അതിനാൽ കൃത്രിമ ഭാഷയായി സമ്മതിക്കപ്പെട്ട 'ആധുനിക ഹിന്ദി' നമ്മുടെ ചർച്ചയേ അല്ല.
സാധാരണ ഉത്തരേന്ത്യൻ ജനങ്ങൾ സംസാരിക്കുന്ന പഴയ ഹിന്ദിയാണ് നമ്മുടെ ചർച്ച. ഈ പഴയ ഹിന്ദി തന്നെയാണ് ഉർദുവും!
പഴയ ഹിന്ദിയും ഉർദുവും ഏറെക്കുറെ ഒന്നാണ് എന്നാണ് നാം ഇപ്പോൾ സമർത്ഥിക്കുന്നത്.
പഴയ ഹിന്ദിയും ഉർദുവും ഒന്നിച്ച് ഹിന്ദുസ്താനി എന്ന പേരിൽ 17,18 നൂറ്റാണ്ടുകളിൽ അറിയപ്പെട്ടിരുന്നു. ഈ ഹിന്ദുസ്താനി എന്ന സംസാരഭാഷ രണ്ട് രൂപത്തിൽ വ്യാപകമായി എഴുതപ്പെട്ടിരുന്നു, നസ്താലീഖ് എന്ന പേർഷ്യൻ ലിപിയിലും ദേവനാഗരി ലിപിയിലും. ഇതാണ് ഈ രണ്ട് ഭാഷകളും തമ്മിലുള്ള അന്നത്തെ പ്രധാന വ്യത്യാസം. പക്ഷേ അന്ന് രണ്ട് ഭാഷയായി ഇതിനെ കണ്ടിരുന്നില്ല. അന്ന് ലിപി എന്നത് ഒരു ഭാഷയെ രേഖപ്പെടുത്താനുള്ള ഉപാധി മാത്രമായിരുന്നല്ലോ. ലിപിയിലെ ഈ വ്യത്യാസം മാറ്റിനിർത്തിയാൽ ഹിന്ദിയും ഉർദുവും ഒരു സംസ്കാരത്തിന്റെ രണ്ട് രൂപങ്ങൾ മാത്രമാണ് എന്ന് പറയാം.
പഴയ ഹിന്ദിയെയും ഉർദുവിനെയും വേർതിരിച്ചു കാണുന്നത് ചരിത്രപരമായ അറിവില്ലായ്മയാണ് എന്നാണ് പറഞ്ഞു വരുന്നത്. വിദേശ ഭാഷയായി മുദ്ര കുത്താൻ ചിലരാൽ വിധിക്കപ്പെടുന്ന ഉർദു, ഇന്ത്യയുടെ മണ്ണിൽ ജനിച്ച്, പേർഷ്യൻ ഭംഗിയും സംസ്കൃതത്തിന്റെ കരുത്തും ആവാഹിച്ച് വളർന്ന മനോഹരമായ ഒരു ഭാഷയാണ് എന്ന കാര്യത്തിൽ പണ്ഡിതലോകത്ത് ഒരു തർക്കവും ഇല്ല. ഒരേ ഭാഷ രണ്ട് ലിപിയിലെഴുത്തുമ്പോൾ ഒന്ന് സ്വദേശിയും മറ്റൊന്ന് വിദേശിയും ആയി ചിലരാൽ മുദ്രകുത്തപ്പെടുകയായിരുന്നു!
ചരിത്രം നോക്കിയാൽ ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും നാട്ടുമൊഴിയായിരുന്ന 'ഖഡി ബോലി'യാണ് ഉർദു-ഹിന്ദി ഭാഷകളുടെ മാതാവ്. ഉർദുവും ഹിന്ദിയും ഒരേ വ്യാകരണ വ്യവസ്ഥ പങ്കുവെക്കുന്നതിന്റെ പിന്നിലെ കാരണം 'ഖഡി ബോലി'യെന്ന 'സംസ്‌കൃത'ത്തിൽ നിന്നുണ്ടായ 'പ്രാകൃത'മൊഴിയാണ്.
ഒന്നുകൂടെ വ്യക്തമാക്കിയാൽ നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ, പണ്ഡിതന്മാരുടെ ഭാഷയായ സംസ്‌കൃതത്തിൽ നിന്നും നിയമങ്ങളില്ലാത്ത, സാധാരണ ജനങ്ങൾ സംസാരിച്ചിരുന്ന 'നാട്ടുഭാഷകളുടെ കൂട്ടം' അഥവാ 'പ്രാകൃത ഭാഷ'കൾ ഉണ്ടായി. വിവിധ തരം പ്രാകൃത ഭാഷകളിലൊന്നായ ശൗരസേനി പ്രാകൃതത്തിൽ നിന്ന് 'ശൗരസേനി അപഭ്രംശം' ഉണ്ടായി. ഈ അപഭ്രംശത്തിൽ നിന്നാണ് 'ഖഡി ബോലി' ഉണ്ടായത്. 'ഖഡി ബോലി'യിൽ നിന്ന് ഉർദു-ഹിന്ദിയുടെ മാതാവായ ഹിന്ദുസ്താനിയും!
ഉർദുവിലും ഹിന്ദിയിലും ഒരുപോലെ ആദരിക്കപ്പെടുന്ന കവിയായ അമീർ ഖുസ്രുവിന്റെയും പിൽക്കാലത്തെ സൂഫി വര്യന്മാരുടെയും ഭക്തിപ്രസ്ഥാന കവികളുടെയും കാലത്ത് (13–17 നൂറ്റാണ്ടുകൾ) ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷയിൽ അറബിക്, സംസ്‌കൃത, പേർഷ്യൻ, പ്രാകൃത പദങ്ങൾ വളരെ സ്വാഭാവികമായി കലർന്നിരുന്നു. ഇതിനെയാണ് നമ്മൾ ഹിന്ദി/ഹിന്ദവി എന്ന് അന്നും ഹിന്ദുസ്താനി എന്ന് പിന്നീടും വിളിച്ചത്.
രണ്ട് ലിപികളിൽ എഴുതപ്പെട്ടിരുന്ന ഹിന്ദുസ്താനി, പേർഷ്യൻ-അറബിക് പദങ്ങളുടെ സ്വാധീനമുള്ള ഭാഷയായും സംസ്‌കൃതപദ സ്വാധീനമുള്ള ഭാഷയായും പൊതുവെ സംസാരിക്കപ്പെട്ടിരുന്നു. ഇതൊരു യഥാർഥ്യമാണ് .പക്ഷേ അന്ന് ലിപി ഏതെന്നു നോക്കിയല്ല, മറിച്ച് ആരാണ് സംസാരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പദങ്ങളുടെ അളവ് മാറിയിരുന്നത്. പേർഷ്യൻ വിദ്യാഭ്യാസം ലഭിച്ച വരേണ്യവർഗവും ഭരണാധികാരികളും സംസാരിക്കുമ്പോൾ പേർഷ്യൻ പദങ്ങൾ അല്പം കൂടുതലായിരുന്നു.
ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർക്കിടയിൽ സംസ്‌കൃതത്തിൽ നിന്ന് വന്ന തദ്ഭവ് പദങ്ങൾ കൂടുതലായിരുന്നു. അപ്പോഴും രണ്ട് ഭാഷയായി പറയപ്പെട്ടിരുന്നില്ല! പിന്നീട് ബ്രിട്ടീഷ് കാലം വന്നപ്പോൾ രണ്ട് ഭാഷകളായി മാറി!
അതിനെ കുറിച്ച് വൈകാതെ കൂടുതൽ പറയാം.
ചരിത്രപരമായി ഉർദു ഭാഷക്ക് ഏകദേശം 800 മുതൽ 900 വർഷം വരെ പഴക്കമുണ്ടെന്ന് പണ്ഡിതന്മാർ കണക്കാക്കുന്നു.എന്നാൽ ഉർദു എന്ന പേരിന് ഈ പഴക്കം ഇല്ല. അതാണ് ഉർദു പുതിയ ഒരു ഭാഷയാണ് എന്ന് പലരും തെറ്റിദ്ധരിക്കാൻ കാരണം.
12-13 നൂറ്റാണ്ടുകൾ ഉർദുവിന്റെ രൂപീകരണകാലയളവാണ്.അന്ന് അമീർ ഖുസ്രു ആ ഭാഷയെ വിളിച്ചത് ഹിന്ദവി എന്നായിരുന്നു. 13 -19 വരെയുള്ള നൂറ്റാണ്ടുകളിൽ ഹിന്ദി എന്ന് വിളിക്കപ്പെട്ടു. 14-17 നൂറ്റാണ്ടുകളിൽ ദക്ഷിണ ഭാരതിലേക്ക് വ്യാപിച്ചപ്പോൾ അവിടെ അതിന്റെ പേര് 'ദഖ്നി'യും 'ഗുജരി'യും ആയിരുന്നു. 16th നൂറ്റാണ്ടിൽ കൂടുതൽ പ്രചാരത്തിൽ വന്ന പേരായിരുന്നു ഹിന്ദുസ്താനി. 17-19 നൂറ്റാണ്ടുകളിൽ 'രേഖ്ത' എന്ന പേര് കവിതകളിൽ ഉപയോഗിച്ചു. 18-19 നൂറ്റാണ്ടകളിൽ 'ഉർദു-ഇ-മുഅല്ല' എന്ന പേരും 18th നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉർദു എന്ന പേരും സർവത്രികമായി. ചുരുക്കത്തിൽ, ഉർദു എന്ന പേര് വന്നിട്ട് ഏകദേശം 250 വർഷത്തോളമേ ആയിട്ടുള്ളൂവെങ്കിലും, ആ ഭാഷ 800 വർഷങ്ങൾക്ക് മുന്നേ ജനമനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്.
ഉർദു എന്ന പേര് വന്നത് രസകരമാണ്.
മുഗൾ കാലഘട്ടത്തിൽ ചക്രവർത്തി എവിടെയാണോ താമസിക്കുന്നത്, ആ സ്ഥലത്തെ അല്ലെങ്കിൽ നഗരത്തെ 'ഉർദു' എന്ന് ബഹുമാനത്തോടെ വിളിക്കുന്ന പതിവുണ്ടായിരുന്നു. ഉർദു എന്ന വാക്കിന് നഗരം, രാജധാനി, ക്യാമ്പ്, സൈന്യം തുടങ്ങിയ അർഥങ്ങൾ ഉണ്ട്.
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ തലസ്ഥാനം ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയും അവിടെ 'ഷാജഹാനാബാദ്' (ഇന്നത്തെ പഴയ ഡൽഹി) എന്ന പുതിയ നഗരം പണിയുകയും ചെയ്തു. ഈ നഗരത്തെയും അവിടുത്തെ ചക്രവർത്തിയുടെ കൊട്ടാരത്തെയും വിളിച്ചിരുന്ന പേരായിരുന്നു 'ഉർദു-ഇ-മുഅല്ല' (Urdu-e-Mualla) എന്നത്.
മുഅല്ല' എന്നാൽ 'ഉന്നതമായ' അല്ലെങ്കിൽ 'ബഹുമാനിക്കപ്പെടുന്ന' എന്നാണർത്ഥം. 'ഉർദു ഇ മുഅല്ല' എന്നാൽ 'ഉന്നതമായ നഗരം' എന്നർത്ഥം. അവിടെ സംസാരിക്കപ്പെടുന്ന ഹിന്ദുസ്താനി ഭാഷയെ സബാൻ-ഇ-ഉർദു-ഇ-മുഅല്ല' (ഉന്നതമായ രാജധാനിയിലെ ഭാഷ) എന്ന് വിളിച്ചു തുടങ്ങി. കൊട്ടാരത്തിലെയും നഗരത്തിലെയും വരേണ്യവർഗത്തിന്റെ ഇടയിൽ അത് പ്രചരിച്ചപ്പോൾ അതിന് സവിശേഷമായ ചില സ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചു.രാജധാനിയിൽ വെച്ച് അതിലെ നാട്ടുപദങ്ങൾക്ക് പകരം കൂടുതൽ പേർഷ്യൻ അറബിക് പദങ്ങൾ കടന്നുവന്നു. നാട്ടുപദങ്ങൾ എന്ന് പറയുമ്പോൾ മുമ്പുണ്ടായിരുന്ന പേർഷ്യൻ പദങ്ങൾ അടക്കം പരിഷ്കരിക്കപ്പെട്ടിരുന്നു. അല്ലാതെ സംസ്‌കൃത പദങ്ങളെ മാത്രം മാറ്റി എന്നല്ല. മാത്രമല്ല കൊട്ടാരത്തിലെ സ്വാഭാവിക പരിഷ്കരണം മാത്രമായിരുന്നു ഇത്. മുമ്പ് പേർഷ്യൻ ഭാഷക്ക് ഉണ്ടായിരുന്ന പേരും പ്രതാപവും ഹിന്ദുസ്താനിക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നു.
അക്കാലത്ത് ഒരു ഭാഷ 'മാന്യത' കൈവരിക്കണമെങ്കിൽ അതിൽ പേർഷ്യൻ സ്വാധീനം വേണമെന്നൊരു പൊതുബോധം ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് നമ്മൾ മലയാളത്തിലോ മറ്റ് പ്രാദേശിക ഭാഷകളിലോ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നത് ഒരു 'മോഡേൺ' അല്ലെങ്കിൽ 'സ്റ്റാൻഡേർഡ്' ലുക്ക് കിട്ടാനാണല്ലോ, അതുപോലെ ഒരു ശ്രമമായിരുന്നു അത്. ഉർദുവിനെ പേർഷ്യൻ ഭാഷയ്ക്ക് തുല്യമായി ഉയർത്തുക എന്നതായിരുന്നു കവികളുടെ പ്രധാന ലക്ഷ്യം.
സൂരജിന് ആഫ്താബും ചാന്ദ്ന് മെഹ്ത്താബും പാനിക്ക് ആബും അവർ ഉപയോഗിച്ചു. ഈ പരിഷ്കൃത രൂപത്തെയാണ് അവർ 'സബാൻ-ഇ-ഉർദു-ഇ-മുഅല്ല' എന്ന് വിളിച്ചത്. ഇത് പിന്നീട് ലോപിച്ച് 'സബാൻ ഇ ഉർദു' എന്നാവുകയും പിന്നീട് ഉർദു എന്ന് മാത്രമാവുകയും ചെയ്തു. പക്ഷേ രാജധാനിയിൽ പരിഷ്കരിക്കപ്പെട്ട ഹിന്ദുസ്താനി, 'സാഹിത്യ ഉർദു'വിൽ ആണ് ഇന്ന് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ഈ പരിഷ്കരണ സംഭവത്തിനു ശേഷം സാധാരണ ഹിന്ദുസ്താനിക്കും 'ഉർദു' എന്ന പേര് വന്നു.
രാജധാനിയിലെ പരിഷ്കാരം പ്രധാനമായും ഒരു 'വരേണ്യ ശൈലി' ആയിരുന്നു. ഇത് കവിതകളിലും പ്രസംഗങ്ങളിലും ഔദ്യോഗിക സദസ്സുകളിലും പ്രൗഢിയായി നിലനിന്നു. അവിടെ അവർ സംസാരിക്കുക പോലും ഈ വരേണ്യ ശൈലിയിലായിരുന്നു. എന്നാൽ ഈ പണ്ഡിതന്മാരും പ്രഭുക്കന്മാരും പോലും അവരുടെ വീടുകളിലും ചന്തകളിലും സംസാരിക്കുമ്പോൾ പഴയ ഹിന്ദുസ്താനിയിലെ ലളിതമായ പദങ്ങൾ (സൂരജ്, പാനി, ചാന്ദ്) തന്നെയാണ് ഉപയോഗിച്ചിരുന്നത്.
ഉദാഹരണത്തിന്
മുഗളിന് മുമ്പുള്ള ഹിന്ദുസ്താനിയിൽ (സുൽത്താനത്ത് കാലത്തെ സംസാര ഉർദുവിൽ)
Shah ke shahr me aaj khushi hai
(രാജാവിന്റെ പട്ടണത്തിൽ ഇന്ന് സന്തോഷമാണ്) എന്ന് പറയുമ്പോൾ മുഗൾ കാലത്ത് ഇതേ വാക്ക് Darul saltanat me aaj farhat-o-masarrat ka saman hai എന്ന് പറയും.
മറ്റൊരു ഉദാഹരണം
Main tum se bahut mohabbat karta hu
(ഞാൻ നിന്നെ വളരെ ഇഷ്ടപ്പെടുന്നു) എന്ന് മുഗളിന് മുമ്പ് പറയുമ്പോൾ മുഗൾ കാലത്ത്
Dil-e-nadan tumhari ulfat me giriftar hai എന്ന് പറയും
ഈ ഉദാഹരണങ്ങളിൽ നിന്ന് തന്നെ മുഗളിന് മുമ്പ് സാധാരണ ഉർദുവും മുഗൾ കാലത്ത് സാഹിത്യ ഉർദുവും ആണെന്ന് മനസ്സിലാക്കാം.
വരേണ്യ ശൈലിക്ക് പറഞ്ഞ 'ഉർദു' എന്ന പേരാണ് നസ്താലീഖ് ലിപിയിൽ എഴുതുന്ന ഹിന്ദുസ്താനിക്ക് പിന്നീട് ബ്രിട്ടീഷുകാർ നൽകിയത്.
ഇന്നത്തെ 'സാധാരണ ഉർദു' എന്നത് പഴയ ഹിന്ദുസ്താനിയിൽ ചില 'മുഗൾകാല പദങ്ങൾ' കൂടി ചേർന്നിട്ടുള്ളതാണ്. ഇതൊഴിച്ചാൽ രാജധാനിയിൽ നടന്നത് ഉർദുവിന്റെ മനോഹരമായ സാഹിത്യ ഭാഷ രൂപപ്പെട്ടു എന്നത് മാത്രമാണ്.
പേര് വന്നതിന് മറ്റൊരു ചരിത്രവും വാദിക്കാറുണ്ട്. ഉർദു എന്ന വാക്കിന് സൈന്യം എന്നും സൈനിക ക്യാമ്പ് എന്നും അർത്ഥമുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. മുഗൾ ഭരണകാലത്ത് സൈനിക താവളങ്ങളിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള സൈനികർ ഉണ്ടായിരുന്നു. പേർഷ്യക്കാരും അറബികളും തുർക്കികളും ഇന്ത്യക്കാരുമെല്ലാം ഒരുമിച്ച് കഴിഞ്ഞിരുന്ന ഈ താവളങ്ങളിൽ ആശയവിനിമയത്തിനായി രൂപപ്പെട്ട മിശ്രഭാഷയെ 'സബാൻ-ഇ-ഉർദു-ഇ-മുഅല്ല' എന്നു വിളിച്ചു എന്നാണ് പറയുന്നത്. ഉർദുവിന് 'ലഷ്‌കർ സബാൻ' എന്ന പേരും ഈ ചരിത്രം വഴി വന്ന പേരാണ്.
ആധുനിക ഉർദു ഭാഷാശാസ്ത്രജ്ഞരും പണ്ഡിതന്മാരും "ഉർദു ഒരു സൈനിക ക്യാമ്പ് ഭാഷയാണ്" (Camp Language) എന്ന വാദത്തെ ശക്തമായി എതിർക്കുന്നുണ്ട്.
പട്ടാളക്കാർക്കിടയിൽ രൂപപ്പെട്ട പരുക്കൻ ഭാഷയല്ല, മറിച്ച് ഡൽഹിയിലെ നഗരസംസ്കാരത്തിലും കൊട്ടാരങ്ങളിലും വളർന്നുവന്ന ഭാഷക്കാണ് ഈ പേര് വന്നതെന്ന് അവർ പറയുന്നു. ഒരു ഭാഷയും പെട്ടെന്ന് ഒരു ക്യാമ്പിലോ പട്ടാള ബാരക്കിലോ ജനിക്കുന്നതല്ല. ഉർദു എന്നത് ഡൽഹിയുടെയും പരിസരപ്രദേശങ്ങളുടെയും നാട്ടുമൊഴിയായ 'ഖഡി ബോലി'യിൽ നിന്ന് നൂറ്റാണ്ടുകൾ കൊണ്ട് സ്വാഭാവികമായി വികസിച്ച് വന്നതാണ്. അത് വെറുമൊരു മിശ്രഭാഷയല്ല, മറിച്ച് വ്യക്തമായ വ്യാകരണമുള്ള ഒരു പരിണാമ പ്രക്രിയയുടെ ഫലമാണെന്ന് അവർ സമർത്ഥിക്കുന്നു.
പേര് ഇപ്പോൾ വന്നത് കൊണ്ട് ഭാഷ പുതിയത് ആകുമോ?
എങ്കിൽ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു ചരിത്രം പറയാം.
ഉർദുവിന് ആ പേര് വന്നത് 18th നൂറ്റാണ്ടിന്റെ അവസാനം ആണെന്ന് പറഞ്ഞല്ലോ.
'ഹിന്ദി' എന്ന പേര് ഒരു പ്രത്യേക ഭാഷക്ക് പറയാൻ തുടങ്ങിയത് ഇതേ കാലത്ത് മാത്രമാണ്! 13 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ ഈ പേര് ഇന്ത്യൻ ഭാഷകൾക്ക് പറഞ്ഞ ഒരു പൊതുലേബൽ ആയിരുന്നു! ഹിന്ദി എന്ന പദം സത്യത്തിൽ അറബി ശൈലിയിലുള്ള ഒരു പേർഷ്യൻ വാക്കാണ്! ഇന്ത്യൻ എന്നാണർത്ഥം. പതിമൂന്നാം നൂറ്റാണ്ടിലും അതിനുശേഷവും മധ്യേഷ്യയിൽ നിന്നും പേർഷ്യയിൽ നിന്നും വന്നവർ സിന്ധു നദിക്ക് ഇപ്പുറമുള്ള (ഇന്ത്യയിലുള്ള) എന്തിനെയും 'ഹിന്ദി' എന്നാണ് വിളിച്ചിരുന്നത്.
അതുകൊണ്ട് ഇവിടെ സംസാരിച്ചിരുന്ന ഭാഷകളെയും അവർ പൊതുവായി 'സബാൻ-ഇ-ഹിന്ദി' (ഇന്ത്യയിലെ ഭാഷ) എന്ന് വിളിച്ചു. അതൊരു പ്രത്യേക ഭാഷയുടെ പേരല്ല, മറിച്ച് ഒരു 'ഭൂമിശാസ്ത്രപരമായ ലേബൽ' മാത്രമായിരുന്നു. പതിനെട്ടാം നൂറ്റാണ്ട് വരെ 'ഹിന്ദി' എന്ന് പറഞ്ഞാൽ "ഇന്ത്യക്കാരൻ സംസാരിക്കുന്ന ഭാഷ" (അത് ഉർദുവോ, അവധിയോ, ബ്രജോ എന്തുമാകാം) എന്നേ അർത്ഥമുണ്ടായിരുന്നുള്ളൂ. 19-ാം നൂറ്റാണ്ടിലെ രാഷ്ട്രീയവും ബ്രിട്ടീഷ് ഭരണവുമാണ് 'ഹിന്ദി'യെ ഇന്നത്തെ അർത്ഥത്തിലുള്ള ഒരു പ്രത്യേക ഭാഷയാക്കി മാറ്റിയത്.
വിദേശ രാജ്യങ്ങളിലെ ആളുകൾ ഇപ്പോഴും ഇന്ത്യക്കാർ സംസാരിക്കുന്ന ഭാഷയെ 'ഹിന്ദി' എന്ന് വിളിക്കുന്നത് 'ഇന്ത്യൻ' എന്ന അർത്ഥത്തിലാണ്. ഗൾഫിൽ ഇന്ത്യക്കാരനെ 'ഏ ഹിന്ദീ' എന്ന് വിളിക്കാറുണ്ട്. ഇന്ത്യക്കാരുടെ സംസാര ഭാഷ ശുദ്ധ ഉർദു പദങ്ങൾ കലർന്ന ഹിന്ദുസ്താനിയാണ് ഇന്നും!
ഏറ്റവും രസകരമായ വസ്തുത ഇന്ന് നമ്മൾ 'ഉർദു' എന്ന് വിളിക്കുന്ന ഭാഷയെ പണ്ട് 'ഹിന്ദി' എന്നാണ് ഉർദു കവികളൊക്കെ വിളിച്ചിരുന്നത് എന്നതാണ്! 18-ാം നൂറ്റാണ്ടിലെ ഉർദു ഗസലുകളുടെ രാജാവായ മീർ തഖി മീർ തന്റെ കവിതകളെ വിശേഷിപ്പിച്ചത് 'ഹിന്ദി കവിതകൾ' എന്നായിരുന്നു.
ഉർദു സാഹിത്യത്തിലെ ഏറ്റവും വലിയ പേരായ ഗാലിബ്, 1850-കളിൽ പോലും തന്റെ സുഹൃത്തുക്കൾക്ക് എഴുതിയ കത്തുകളിൽ പറഞ്ഞിരുന്നത് "ഞാൻ ഹിന്ദിയിൽ കവിത എഴുതുന്നു" എന്നായിരുന്നു.
ഗാലിബ് എഴുതിയത് പേർഷ്യൻ ലിപിയിലുള്ള ഇന്നത്തെ ഉർദു ഭാഷയിലാണ്. പക്ഷേ അദ്ദേഹം അതിനെ വിളിച്ചത് 'ഹിന്ദി' എന്നാണ്. ഇവരാരും ഉർദു എന്ന പേര് ഉപയോഗിച്ചതേയില്ല.
നസ്താലീഖ് ലിപിയിൽ (പേർഷ്യൻ ലിപിയിൽ) എഴുതുന്നതിന് ഉർദു എന്ന പേര് വന്നപ്പോഴും ഹിന്ദി എന്ന പേര് അതിന് നഷ്ടമായിരുന്നില്ല.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ആ പേര് ഉർദുവിന് നഷ്ടമാകുന്നത്. ബ്രിട്ടീഷുകാർ ഭാഷയെ മതത്തിന്റെ ചിഹ്നങ്ങളായി മാറ്റാൻ തുടങ്ങിയപ്പോൾ, പേർഷ്യൻ ലിപിയിലുള്ള ഭാഷയ്ക്ക് വരേണ്യ ഭാഷയുടെ പേരായ 'ഉർദു' എന്ന് മാത്രമായി നിശ്ചയിച്ചു.ദേവനാഗരി ലിപിയിലുള്ള ഭാഷയ്ക്ക് 'ഹിന്ദി' എന്ന പേരും നൽകി.
അതായത് അതുവരെ 'ഹിന്ദി' എന്നത് ഉർദുവിന്റെയും ഒരു വിളിപ്പേരായിരുന്നു!
ആ പേര് നഷ്ടമാവലോടു കൂടി ഉർദു പുതിയ ഭാഷയും ഹിന്ദി പഴയ ഭാഷയും ആയി മാറി!
ബ്രിട്ടീഷുകാർ വരുന്നതുവരെ ഈ ഭാഷ ഒരു പുഴപോലെ ഒഴുകുകയായിരുന്നു. 1800-ൽ ഫോർട്ട് വില്യം കോളേജിലെ ഭാഷാവിഭാഗം മേധാവി ജോൺ ഗിൽക്രിസ്റ്റ് ഒരു പുതിയ പരീക്ഷണം നടത്തി. അദ്ദേഹം രണ്ട് തരം ഗദ്യരൂപങ്ങൾ പ്രോത്സാഹിപ്പിച്ചു.
ഹിന്ദുസ്താനിക്ക് പണ്ടുമുതലേ പേർഷ്യൻ- അറബിക് സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും
കൂടുതൽ പേർഷ്യൻ-അറബിക് സ്വാധീനമുള്ള വരേണ്യ ശൈലിയെ അവർ പ്രോത്സാഹിപ്പിക്കുകയും അതിനെ അവർ 'ഉർദു' എന്ന് വിളിക്കുകയും ചെയ്തു.
ഒപ്പം സംസ്‌കൃത സ്വാധീനമുള്ള പുതിയ ശൈലിയെ അവർ ഹിന്ദി എന്ന പഴയ പേര് വിളിക്കുകയും അതിനേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇവിടെയാണ് സംസ്‌കൃതവൽക്കരണം എന്ന പ്രക്രിയ തുടങ്ങുന്നത്. ലല്ലു ലാൽ എന്ന എഴുത്തുകാരനോട് പേർഷ്യൻ പദങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒരു പുസ്തകം (പ്രേം സാഗർ) എഴുതാൻ ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു. സാധാരണ സംസാരഭാഷയിൽ ഇല്ലാത്ത വിധം കഠിനമായ സംസ്കൃത പദങ്ങൾ ബോധപൂർവ്വം തിരുകിക്കയറ്റിയത് അക്കാലത്താണ്.
1880-കൾക്ക് ശേഷം 'ഹിന്ദി-ഉർദു തർക്കം' രൂക്ഷമായപ്പോൾ രണ്ട് വിഭാഗം പണ്ഡിതന്മാരും വാശിയോടെ പ്രവർത്തിച്ചു.
ഹിന്ദി പണ്ഡിതന്മാർ സാധാരണ സംസാരത്തിലുള്ള പേർഷ്യൻ പദങ്ങൾ പോലും നീക്കം ചെയ്ത് പകരം കഠിനമായ സംസ്കൃത പദങ്ങൾ ചേർത്ത് 'ശുദ്ധ ഹിന്ദി' (Shuddh Hindi) നിർമ്മിച്ചപ്പോൾ ഉർദു പണ്ഡിതന്മാർ കൂടുതൽ കഠിനമായ പേർഷ്യൻ, അറബിക് പദങ്ങൾ ചേർത്ത് ഉർദുവിനെ സാധാരണക്കാരന്റെ ഭാഷയിൽ നിന്ന് മാറ്റി 'ഉന്നത ഭാഷ'യാക്കാൻ ശ്രമിച്ചു.
പണ്ട് മുതൽക്കേ പദങ്ങളുടെ ഉപയോഗത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ആധുനിക ഹിന്ദിയിലെ അമിതമായ സംസ്‌കൃതവൽക്കരണവും ഉർദുവിലെ അമിതമായ പേർഷ്യൻവൽക്കരണവും പിൽക്കാലത്ത് (പ്രത്യേകിച്ച് 19-ാം നൂറ്റാണ്ടിൽ) ബോധപൂർവ്വം രൂപപ്പെടുത്തിയെടുത്തതാണ്.
ഈ പ്രക്രിയയിലൂടെയാണ് ഒരേ മണ്ണിൽ ജനിച്ച 'ഹിന്ദുസ്താനി' എന്ന സഹോദരിമാർ പരസ്പരം തിരിച്ചറിയാൻ കഴിയാത്ത വിധം അകന്നുപോയത്.
ഇനിയാണ് അതിലും രസകരമായ കാര്യം.
അമീർ ഖുസ്രു അന്ന് 'പേർഷ്യൻ ശൈലിയിലുള്ള അറബിക് ലിപി'യിൽ (ഉർദുവിന്റെ ലിപിയിൽ) എഴുതിയ ഭാഷയെ ഇന്ത്യൻ എന്നർത്ഥത്തിൽ 'ഹിന്ദി' എന്ന് വിളിച്ചു! ലിപിയാണ് ഈ രണ്ട് ഭാഷകളെ രൂപപ്പെടുത്തിയത് എന്ന് പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഉർദു ഹിന്ദിയിൽ നിന്നാണ് ഉണ്ടായത് എന്ന് പറയുക?!
ഖഡി ബോലി ആദ്യമായി ഒരു സാഹിത്യരൂപം പ്രാപിക്കുന്നത് അമീർ ഖുസ്രുവിലൂടെ പേർഷ്യൻ ലിപിയിലാണ്. അതായത്, ഖഡി ബോലിയുടെ ആദ്യത്തെ എഴുത്തുരൂപം ഇന്നത്തെ ഉർദുവിന്റേതാണ്! ദേവനാഗരിയിലുള്ള ഖഡി ബോലി സാഹിത്യം നൂറ്റാണ്ടുകൾക്ക് ശേഷം മാത്രം ഉണ്ടായതാണ്.
ഹിന്ദി സാഹിത്യചരിത്രം അമീർ ഖുസ്രുവിനെ തങ്ങളുടെ 'ആദ്യത്തെ കവി'യായി കൊണ്ടാടുന്നുണ്ട്. എന്നാൽ അവിടെ അവർ സൗകര്യപൂർവ്വം മറച്ചുപിടിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്
ഒന്ന് അദ്ദേഹം അത് എഴുതിയത് പേർഷ്യൻ (ഉർദു) ലിപിയിലായിരുന്നു.
രണ്ട് അദ്ദേഹത്തിന്റെ വരികളിൽ പേർഷ്യൻ, അറബിക് പദങ്ങൾ ധാരാളമായി ഉണ്ടായിരുന്നു.
ഭാഷയുടെ 'വേര്' (ഖഡി ബോലി) മാത്രം നോക്കി അദ്ദേഹത്തെ ഹിന്ദി കവിയാക്കുന്നവർ, അദ്ദേഹം ഉപയോഗിച്ച ലിപിയും പദസമ്പത്തും നോക്കിയാൽ അത് ഉർദുവാണെന്ന് അംഗീകരിക്കാൻ തയ്യാറാകുന്നില്ല!
 |
| അമീർ ഖുസ്രുവിന്റെ ഒരു കവിതയുടെ ചിത്രാലങ്കരിച്ച കൈയെഴുത്തു പ്രതി |
ഹിന്ദിയാണോ ആദ്യം ഉണ്ടായത് എന്ന സംശയത്തേക്കാൾ ശരി ഉർദുവാണോ ആദ്യം ഉണ്ടായത് എന്ന സംശയമാണ്! കാരണം ഖുസ്രുവാണല്ലോ ഇരുഭാഷകളുടെയും ആദ്യ കവി. ലിപിയും ഭാഷയും നോക്കുമ്പോൾ അമീർ ഖുസ്രു ഉർദുവിലാണ് എഴുതിയത് എന്ന് വ്യക്തം. ഭാഷ മാത്രം നോക്കിയാണ് 'ആദ്യ ഹിന്ദി കവി' എന്ന് അദ്ദേഹത്തെ പറയുന്നത്. ഒപ്പം അദ്ദേഹം പേർഷ്യക്കാരെ ബോധ്യപ്പെടുത്താൻ അന്ന് പേര് പറഞ്ഞത് ഹിന്ദി(ഇന്ത്യൻ) എന്നും.
ഖഡി ബോലി ഒരു സംസാരഭാഷ എന്ന നിലയിൽ നിന്ന് എഴുത്തുഭാഷയിലേക്ക് മാറിയപ്പോൾ ദേവനാഗരി ലിപി അന്ന് പ്രാപല്യത്തിൽ ഉണ്ടായിട്ടും പേർഷ്യൻ ലിപിയിലാണ് (Perso-Arabic script) അത് വ്യാപകമായി രേഖപ്പെടുത്തപ്പെട്ടത്.
കാരണം ഖഡി ബോലി രൂപപ്പെട്ട ഡൽഹി സുൽത്താനേറ്റ്, മുഗൾ കാലഘട്ടങ്ങളിൽ ഭരണഭാഷ പേർഷ്യൻ ആയിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്തെ കവികളും പണ്ഡിതന്മാരും (അമീർ ഖുസ്രു അടക്കം) പ്രാദേശിക ഭാഷയായ ഖഡി ബോലിയെ പേർഷ്യൻ ലിപിയിലാണ് എഴുതിയിരുന്നത്.
സാധാരണക്കാർക്കിടയിലും മതപരമായ ആവശ്യങ്ങൾക്കും ദേവനാഗരി ലിപി ഉപയോഗത്തിലുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായോ സാഹിത്യപരമായോ ഉള്ള ആദ്യകാല രേഖകളിൽ പേർഷ്യൻ ലിപിക്കായിരുന്നു മുൻതൂക്കം. പതിനെട്ടാം നൂറ്റാണ്ട് വരെയും പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെയും പേർഷ്യൻ ലിപിയിലായിരുന്നു (നസ്താലിഖ് ശൈലി) ഖഡി ബോലി കൂടുതൽ എഴുതപ്പെട്ടത്. ഉത്തരേന്ത്യയിലെ മിക്കവാറും എല്ലാ മതേതര സാഹിത്യങ്ങളും കവിതകളും ഈ ലിപിയിലാണ് പുറത്തുവന്നത്. മുഗൾ ഭരണകൂടവും പിന്നീട് വന്ന പ്രാദേശിക നവാബുമാരും ഈ ലിപിക്കാണ് ഔദ്യോഗിക പദവി നൽകിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 'ഹിന്ദി-ഉർദു തർക്കം' ഉടലെടുക്കുകയും ഹിന്ദുത്വ സംഘടനകൾ ദേവനാഗരി ലിപിക്കായി വാദിക്കുകയും ചെയ്തതോടെയാണ് ദേവനാഗരിയിൽ എഴുതുന്ന രീതി വ്യാപകമായത്.
ഈ ഭാഷയിലെ ആദ്യത്തെ ഡിക്ഷണറി ഉർദു ലിപിയിലാണ് പുറത്ത് വന്നത് എന്നറിയുമ്പോൾ ഉർദുവായിരുന്നു അന്നത്തെ ഇന്ത്യയിലെ ജനകീയ ഭാഷ എന്ന് ബോധ്യമാവുന്നു. 1787-90 കാലഘട്ടത്തിൽ കൊൽക്കത്തയിലെ ഫോർട്ട് വില്യം കോളേജിൽ വെച്ച് ജോൺ ഗിൽക്രിസ്റ്റ് തയ്യാറാക്കിയ 'A Dictionary, English and Hindoostanee' ആണ് ഈ ഗണത്തിൽ ഏറ്റവും പ്രശസ്ത ഡിക്ഷണറി. ഇതിൽ വാക്കുകൾ ഉർദു ലിപിയിലും അതോടൊപ്പം ഇംഗ്ലീഷ് അക്ഷരങ്ങളിലും ആണ് നൽകിയിരുന്നത്. അന്ന് ദേവനാഗരി ലിപിക്ക് അത്രത്തോളം പ്രാധാന്യം ഡിക്ഷണറികളിൽ നൽകിയിരുന്നില്ല.
 |
| ഹിന്ദുസ്താനി ഭാഷയിൽ ജോൺ ഗിൽക്രിസ്റ്റ് തയ്യാറാക്കിയ ഡിക്ഷണറിയിലെ ഉർദു - ഇംഗ്ലീഷ് പദങ്ങൾ |
ദേവനാഗരി ലിപിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഹിന്ദി ഡിക്ഷണറികൾ (ഉദാഹരണത്തിന് 'ഹിന്ദി ശബ്ദസാഗർ') പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് പുറത്തിറങ്ങിയത്.
പല ഹിന്ദുസ്താനി ശബ്ദങ്ങളെയും ഉൾക്കൊള്ളാനുള്ള അക്ഷരങ്ങൾ ദേവനാഗരിയിൽ ഇല്ലാതിരുന്നപ്പോൾ താഴെ കുത്തിടുന്ന രീതി (നുഖ്‌ത സിസ്റ്റം - നുഖ്ത എന്ന വാക്ക് ഉർദു വഴി വന്നതാണ്) കൊണ്ടുവന്നു. ജ (ज) യുടെ താഴെ നുഖ്ത ഇട്ട് za (ज़) ആക്കി. (ഉദാ: ബാസാർ - बाज़ार).
ഫ (फ) യുടെ താഴെ നുഖ്ത ഇട്ട് fa (फ़) ഉണ്ടാക്കി. (ഉദാ: ഫർഖ് - फ़र्क़).
മറ്റ് ഉദാഹരണങ്ങൾ :
ق = क़ - क़ीमत വില, क़ानून നിയമം
خ = ख़ - ख़रगोश മുയൽ, ख़राब ചീത്ത
غ = ग़ - ग़म ദുഃഖം, मुर्ग़ी കോഴി, ग़लत തെറ്റ്
ഈ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വാക്കുകളൊക്കെയും പേർഷ്യനോ അറബിയോ ടർക്കിഷോ ആയതിനാൽ ഉർദുവിന് അക്ഷരങ്ങൾക്ക് ക്ഷാമം ഉണ്ടായില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് 1837 വരെ 'പേർഷ്യൻ' ആയിരുന്നു കോടതികളിലും ഭരണകാര്യങ്ങളിലും ഉപയോഗിച്ചിരുന്ന ഭാഷ.
ഇന്ത്യയുടെ ചരിത്രത്തിൽ ഏകദേശം 600 വർഷത്തോളം (മുഗൾ/സുൽത്താനേറ്റ് കാലഘട്ടം) രാജസദസ്സുകളിലെയും (ദർബാർ), കോടതികളിലെയും, റവന്യൂ വകുപ്പിലെയും ഔദ്യോഗിക ഭാഷ പേർഷ്യൻ ആയിരുന്നു. അതുകൊണ്ട് തന്നെ നിയമവുമായി ബന്ധപ്പെട്ട മുഴുവൻ പദസമ്പത്തും പേർഷ്യനിൽ രൂപപ്പെട്ടു.
നമ്മൾ ഇന്നും കോടതികളിലും പോലീസിലും ഉപയോഗിക്കുന്ന ഈ വാക്കുകൾ ശ്രദ്ധിക്കുക. ഇവയെല്ലാം ആ പേർഷ്യൻ ഭരണകാലത്ത് വേരുറച്ചതാണ്:
അദാലത്ത് - കോടതി
വക്കീൽ - അഭിഭാഷകൻ
ജാമ്യം / സമാനത്ത് - ജാമ്യം
ഗവാഹ് - സാക്ഷി
ഫൈസ്‌ല - വിധി
മുദ്ദയി - പരാതിക്കാരൻ
മുജ്രിം - കുറ്റവാളി
ഹാസിർ - ഹാജരാകുക
ഇതിൽ പല വാക്കുകളും അറബിയാണ്. എന്നാൽ അറേബ്യയിൽ നിന്ന് കച്ചവടത്തിനോ മതപ്രചാരണത്തിനോ വന്ന അറബികളല്ല ഇന്ത്യൻ കോടതികളിൽ ഈ വാക്കുകൾ എത്തിച്ചത്. ഇന്ത്യ ഭരിച്ചിരുന്ന ഡൽഹി സുൽത്താൻമാരും മുഗളന്മാരും മധ്യേഷ്യയിൽ നിന്നും വന്നവരായിരുന്നു. അവരുടെ ഔദ്യോഗിക ഭാഷ പേർഷ്യൻ ആയിരുന്നു. ഇസ്‌ലാം മതത്തിന്റെ സ്വാധീനം കാരണം പേർഷ്യൻ ഭാഷയിൽ നേരത്തെ തന്നെ പകുതിയോളം അറബിക് വാക്കുകൾ കലർന്നിരുന്നു. അങ്ങനെ പേർഷ്യൻ ഭാഷയിലൂടെയാണ് അറബി പദങ്ങൾ ഇന്ത്യൻ ഭരണസിരാകേന്ദ്രങ്ങളിൽ എത്തുന്നത്. അതായത്, കോടതികളിലെ അറബി പദങ്ങൾ അറേബ്യൻ അറബിയല്ല, മറിച്ച് 'പേർഷ്യൻ-അറബിക്' പദങ്ങളാണ്.
എന്നാൽ 1837-ൽ ബ്രിട്ടീഷുകാർ പേർഷ്യന് പകരം പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വടക്കൻ ഇന്ത്യയിൽ ഉർദു ഔദ്യോഗിക ഭരണഭാഷയായി മാറി. ഹിന്ദിയേക്കാൾ മുന്നേ ഉർദുവായിരുന്നു ഔദ്യോഗിക ഭാഷ!
ബ്രിട്ടീഷുകാർ പേർഷ്യൻ ഭാഷയെ കോടതികളിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഒരു വലിയ പ്രതിസന്ധി ഉണ്ടായി. നൂറ്റാണ്ടുകളായി പേർഷ്യൻ ഭാഷയിൽ നിയമം കൈകാര്യം ചെയ്തിരുന്ന മുൻഷിമാർക്കും (ക്ലർക്കുമാർ) വക്കീലന്മാർക്കും പെട്ടെന്നൊരു ദിവസം പുതിയൊരു ഭാഷയിലേക്ക് മാറാൻ കഴിയുമായിരുന്നില്ല.
അവിടെയാണ് പ്രാദേശിക ഭാഷയായ ഉർദു രക്ഷക്കെത്തിയത്. ഉർദുവിന്റെ വ്യാകരണം ഇന്ത്യൻ പ്രാദേശിക ഭാഷയുടേത് (ഹിന്ദുസ്താനി/ഖഡിബോലി) ആയിരുന്നെങ്കിലും, അത് എഴുതിയിരുന്നത് പേർഷ്യൻ ലിപിയിലും, അതിലെ വാക്കുകൾ മുഴുവൻ പേർഷ്യൻ-അറബിക് പദങ്ങളുമായിരുന്നു. അതുകൊണ്ട് ബ്രിട്ടീഷുകാർ ഉർദുവിനെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ, പഴയ പേർഷ്യൻ നിയമ പദങ്ങളെയൊന്നും ആർക്കും മാറ്റേണ്ടി വന്നില്ല.
ചുരുക്കത്തിൽ പേർഷ്യൻ ഭാഷ മരിച്ചുപോയപ്പോഴും, അതിലെ നിയമപദങ്ങളെ യാതൊരു പോറലുമേൽക്കാതെ സംരക്ഷിച്ച് ഇന്നത്തെ കാലം വരെ എത്തിച്ചത് ഉർദു ഭാഷയാണ്. ഉർദു ഇല്ലായിരുന്നെങ്കിൽ 1837-ൽ തന്നെ ആ വാക്കുകളെല്ലാം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായേനെ.
ഭരണഭാഷ ഉർദുവായതോടെ സ്വാഭാവികമായും സർക്കാർ ജോലികൾക്കും നിയമകാര്യങ്ങൾക്കും ഉർദു പഠനം അനിവാര്യമായി. ഇത് ഉർദു മീഡിയം സ്കൂളുകളുടെ വളർച്ചയ്ക്ക് കാരണമായി. ഹിന്ദി മീഡിയം സ്‌കൂളുകൾക്ക് മുന്നേ ഇന്ത്യയിൽ ഉർദു മീഡിയം സ്കൂളുകൾ നിലവിൽ വന്നിരുന്നു!
1800-കളിൽ കൊൽക്കത്തയിലെ ഫോർട്ട് വില്യം കോളേജിൽ വെച്ച് ഉർദു ഭാഷയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർക്ക് ജനങ്ങളിൽ ഇറങ്ങിച്ചെല്ലാൻ ഉർദു പഠിക്കൽ അനിവാര്യമായിത്തീർന്നു. എന്ന് പറയുമ്പോൾ അന്നത്തെ മതഭേതമന്യേ ജനങ്ങളുടെ ഭാഷ ഉർദുവായിരുന്നു എന്ന് വ്യക്തം.
അതിനായി ഫോർട്ട് വില്യം കോളേജിൽ (അന്ന് അവിടെ ഹിന്ദുസ്താനി വിഭാഗത്തിന്റെ പ്രൊഫസറായിരുന്നു ജോൺ ഗിൽക്രിസ്റ്റ്) ലളിതമായ ഉർദു ഗദ്യത്തിന് വേണ്ടി ബ്രിട്ടീഷുകാർ പ്രോത്സാഹനം നൽകി.
ഇത് ഉർദുവിനെ ഒരു വിദ്യാഭ്യാസ മാധ്യമമായി വളരാൻ സഹായിച്ചു. ആ സമയത്ത് ഹിന്ദിയുടെ ദേവനാഗരി ലിപി ഒരു വിദ്യാഭ്യാസ മാധ്യമമായി വികസിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
1918-ൽ ഹൈദരാബാദിൽ സ്ഥാപിതമായ ഉസ്മാനിയ സർവ്വകലാശാല ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലായിരുന്നു. മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ വിഷയങ്ങൾ പോലും ഉർദു മാധ്യമത്തിൽ പഠിപ്പിച്ച ആദ്യത്തെ സർവ്വകലാശാലയായിരുന്നു ഇത്. ഇതിന്റെ ഫലമായി ദക്ഷിണേന്ത്യയിൽ പോലും ഉർദു മീഡിയം സ്കൂളുകൾക്ക് വലിയ പ്രചാരം ലഭിച്ചു.
19-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയോടെയാണ് (ഏകദേശം 1890-കൾക്ക് ശേഷം) ദേവനാഗരി ലിപിയിലുള്ള ഭാഷക്ക് (ഹിന്ദിക്ക്) വേണ്ടി ശക്തമായ വാദങ്ങൾ ഉയർന്നു വന്നത്. 'നാഗരി പ്രചാരിണി സഭ' പോലുള്ള സംഘടനകളുടെ പ്രവർത്തനഫലമായി 1900-ൽ ഉത്തർപ്രദേശിലെ (അന്ന് യുണൈറ്റഡ് പ്രോവിൻസ്) കോടതികളിൽ ഹിന്ദിക്കും അനുമതി ലഭിച്ചു. ഇതിനുശേഷമാണ് ഹിന്ദി മീഡിയം സ്കൂളുകൾ ഔദ്യോഗിക തലത്തിൽ ഉർദു സ്കൂളുകൾക്കൊപ്പം ശക്തി പ്രാപിച്ചു തുടങ്ങിയത്.
പറഞ്ഞു വരുന്നത് ഇന്ത്യയിൽ ഹിന്ദിക്ക് മുന്നേ ഉർദുവായിരുന്നു ഔദ്യോഗിക ഭാഷ എന്നാണ്. ഇതറിയുന്ന എത്ര പേർ നമുക്കിടയിൽ ഉണ്ട്?! മതേതര സമൂഹത്തിൽ തന്നെ ഇത്തരം ചില ചരിത്രങ്ങളൊക്കെ ആരും അറിയാതെ തമസ്കരിക്കപ്പെടുന്നു എന്നതാണ് ഏറെ ഖേദകരമായ കാര്യം.
അന്ന് ഉർദു മുസ്ലിമിന്റെ മാത്രം ഭാഷയായിരുന്നോ? ഒരിക്കലും അല്ല. 19-ാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ (പ്രത്യേകിച്ച് ലഖ്‌നൗവിലും ഡൽഹിയിലും) വിദ്യാസമ്പന്നരായ ജനങ്ങളുടെ - അത് ഹിന്ദുവായാലും മുസ്‌ലിം ആയാലും - പ്രധാന വായനാ ലിപി ഉർദു (പേർഷ്യൻ ലിപി) ആയിരുന്നു. 1858-ൽ ലഖ്‌നൗവിൽ നാവൽ കിഷോർ പ്രസ് സ്ഥാപിതമായപ്പോൾ, അവർ രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഹൈന്ദവ ഗ്രന്ഥങ്ങൾ ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ചത് ഉർദു ലിപിയിലായിരുന്നു! ഇതിന് കാരണം, അന്നത്തെ ഉത്തരേന്ത്യൻ ഹിന്ദുക്കൾക്ക് തങ്ങളുടെ സ്വന്തം ഇതിഹാസങ്ങൾ വായിക്കാൻ ഏറ്റവും എളുപ്പമുള്ളതും അവർ പഠിച്ചതുമായ ലിപി ഉർദുവായിരുന്നു എന്നതാണ്. ദേവനാഗരി ലിപിയിലുള്ള അച്ചടിയും അന്ന് സമാന്തരമായി നടന്നിരുന്നുവെങ്കിലും, ഉർദു പതിപ്പുകൾക്ക് വലിയ ഡിമാൻഡ് ആയിരുന്നു. ഇന്ത്യയിൽ അച്ചടിയന്ത്രങ്ങൾ വ്യാപകമായ കാലത്ത് രാമായണത്തിന്റെ ഏറ്റവും ജനകീയമായ അച്ചടിപ്പതിപ്പുകൾ ഇറങ്ങിയിരുന്നത് ഉർദു ലിപിയിലായിരുന്നു!
 |
"രാമായൺ ബഹ്‌ർ-ഇ-നസ്മ് ഉർദു" (ഉർദു പദ്യത്തിലുള്ള രാമായണം) "ഹർഫ് ബ ഹർഫ് മുതാബിഖ് തുളസി കൃത്" (തുളസീദാസൻ എഴുതിയതുമായി അക്ഷരംപ്രതി യോജിക്കുന്നത്) എന്ന് താഴെ എഴുതിയിരിക്കുന്നു. |
ജവഹർലാൽ നെഹ്‌റുവിന്റെ മാതൃഭാഷ ഉർദുവായിരുന്നു. കാരണം അക്കാലത്തെ കാശ്മീരി പണ്ഡിറ്റുകളുടെയും വരേണ്യ വർഗത്തിന്റെയും സംസ്കാരിക ഭാഷ ഉർദുവായിരുന്നു.
.jpg) |
| 1916ൽ മോത്തിലാല്‍ നെഹ്‌റു തയ്യാറാക്കിയ ജവഹർ ലാൽ നെഹ്‌റുവിന്റെ വിവാഹ ക്ഷണക്കത്ത്. |
മഹാത്മാഗാന്ധി ഉർദു പഠിക്കുകയും അത് എഴുതാൻ പരിശീലിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ 'ഹിന്ദുസ്താനി' (ഉർദുവും ഹിന്ദിയും കലർന്ന രൂപം) ആയിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതും ഈ സ്വാധീനം കൊണ്ടാണ്.
 |
| ഗാന്ധിജിയുടെ ഉർദു കയ്യെഴുത്ത് |
എന്തിനധികം പറയണം. അന്തരിച്ച മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് നോക്കി വായിക്കാൻ ഉർദു ലിപിയാണ് എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് എന്ന് കാണാം!
ചരിത്രങ്ങൾ ഇനിയുമുണ്ട്.
ഇംഗ്ലീഷിലെ 'Red Salute' എന്ന കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം ഇന്ത്യയിൽ എത്തിയപ്പോൾ 'ലാൽ സലാം' എന്ന ഉർദു വാക്യം ആയത് അന്നത്തെ ജനകീയ ഭാഷ ഉർദു ആയത് കൊണ്ട് മാത്രമാണ്. 1920-കളിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട കാലത്ത്, റഷ്യൻ വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ ഇന്ത്യൻ തൊഴിലാളികളിലേക്ക് എത്തിക്കേണ്ടതുണ്ടായിരുന്നു. റെഡ് സെല്യൂട്ടോ റഷ്യൻ ഭാഷയിലെ അഭിവാദ്യങ്ങളോ പറഞ്ഞാൽ ഇന്ത്യയിലെ സാധാരണ കർഷകർക്കും (കിസാൻ) തൊഴിലാളികൾക്കും (മസ്ദൂർ) അത് മനസ്സിലാകുമായിരുന്നില്ല.
അക്കാലത്ത് ഉത്തരേന്ത്യൻ തെരുവുകളിലെയും ചന്തകളിലെയും സാധാരണക്കാരുടെ സംസാരഭാഷ ഹിന്ദുസ്താനി (ഉർദു) ആയിരുന്നു. അവർ പരസ്പരം കണ്ടുമുട്ടുമ്പോൾ നൽകിയിരുന്ന ഏറ്റവും സാധാരണമായ അഭിവാദ്യമായിരുന്നു 'സലാം' എന്നത്. അതുകൊണ്ട്, ആ ജനകീയമായ അഭിവാദ്യത്തോടൊപ്പം വിപ്ലവത്തിന്റെ നിറമായ 'ലാൽ' കൂടി ചേർത്തപ്പോൾ ജനങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന "ലാൽ സലാം" പിറവിയെടുത്തു. പ്രസിദ്ധനായ ഫൈസ് അഹ്‌മദ് ഫൈസ് എന്ന ഉർദു കവി അടക്കമുള്ള ഒരുപാട് പേർ അന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഉണ്ടായിരുന്നു
മലയാളത്തിൽ ഇന്ന് കേൾക്കുന്ന 'പുരോഗമന കലാസാഹിത്യ സംഘം' എന്ന ഇടത് സംഘടനയുടെ ആശയപരമായ മാതൃസംഘടന 'തർഖീ പസന്ദ് തഹ്രീക് ' എന്ന സംഘമാണ്. ഉർദുവിൽ 'തർഖീ' എന്നാൽ പുരോഗതി എന്നും 'പസന്ദ് തഹ്‌രീക്' എന്നാൽ 'ഇഷ്ടപ്പെടുന്ന/അനുകൂലിക്കുന്ന സംഘടന' എന്നുമാണ് അർഥം. അതായത്, 'തർഖി പസന്ദ് തഹ്‌രീക്' എന്നതിന്റെ അക്ഷരാർത്ഥത്തിലുള്ള മലയാള പരിഭാഷയാണ് 'പുരോഗമന പ്രസ്ഥാനം' എന്നത്! ഉർദു സാഹിത്യത്തിൽ രൂപംകൊണ്ട ഈ ആശയമാണ് പിന്നീട് മലയാളത്തിലേക്ക് അതേപടി വിവർത്തനം ചെയ്യപ്പെട്ടത്.
ഉർദു സാഹിത്യത്തിൽ 'തർഖി പസന്ദ് തഹ്രീക്' എന്ന ആശയം ഉദിച്ചപ്പോൾ 1935-1936 ൽ സജ്ജാദ് സഹീർ, ഫൈസ് അഹമ്മദ് ഫൈസ്, മഖ്ദൂം മൊഹിയുദ്ദീൻ തുടങ്ങിയ വിപ്ലവകാരികളായ ഉർദു എഴുത്തുകാരുടെ നേതൃത്വത്തിൽ 'അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘം' (All India Progressive Writers' Association - AIPWA) രൂപീകരിക്കപ്പെട്ടു. അവർ ഉർദുവിൽ ഇതിനെ 'അഞ്ചുമൻ തർഖി പസന്ദ് മുസന്നിഫീൻ' (പുരോഗമന എഴുത്തുകാരുടെ സംഘടന) എന്നും ആ വലിയ മാറ്റത്തെ 'തർഖി പസന്ദ് തഹ്‌രീക്' എന്നും വിളിച്ചു.
സ്വാതന്ത്ര്യത്തിന് മുൻപ് (1942 മുതൽ) ഇന്ത്യൻ സൈന്യത്തിൽ പരേഡ് കമാൻഡുകൾ നൽകിയിരുന്നത് ജനകീയമായ ഉർദു വിലായിരുന്നു!
Attention ന് അന്ന് ഉപയോഗിച്ചിരുന്നത് പേർഷ്യൻ വാക്കായ 'ഹോഷിയാർ' (ജാഗ്രത), ചിലയിടങ്ങളിൽ ഖബർദാർ, എന്നായിരുന്നു. Stand at ease ന് 'ആരാം സേ' എന്നും Stand ease ന് 'ഖുലേ ആരാം സേ' എന്നിവയുമായിരുന്നു.
ഇന്നും സൈന്യത്തിൽ ഉപയോഗിക്കുന്ന ഫൗജ്, ജവാൻ, സലാമി, ഹംല, ശഹീദ്, ഥം, തേജ് ചൽ, ദാഹിനേ/ബായേ മൂഡ് എന്നീ വാക്കുകളും സ്കൗട്ട്സിലെ 'തയ്യാർ രഹോ' എന്ന മുദ്രാവാക്യവുമെല്ലാം ഉർദു പദങ്ങളാണ്.
ഐ.എൻ.എയ്ക്ക് മുൻപുതന്നെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഇന്ത്യക്കാരായ പട്ടാളക്കാർക്കിടയിൽ പരിശീലനത്തിനും ആശയവിനിമയത്തിനും ഇതേ ഹിന്ദുസ്താനി (ഉർദു) കമാൻഡുകളായിരുന്നു പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നത്.
സുഭാഷ് ചന്ദ്രബോസ് തന്റെ ആസാദ് ഹിന്ദ് ഫൗജിൽ ഈ ഹിന്ദുസ്താനി കമാൻഡുകൾ ബോധപൂർവ്വമാണ് ഉപയോഗിച്ചത്. ഇന്ത്യയിലെ എല്ലാ സാധാരണക്കാർക്കും, എല്ലാ മതസ്ഥർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഭാഷ അതായിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 'ജയ് ഹിന്ദ്' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ മുദ്രാവാക്യത്തിലെ 'ഹിന്ദ്' എന്ന വാക്കുപോലും ആ പാരമ്പര്യത്തിൽ നിന്നുള്ളതാണല്ലോ.
ഇന്ന് Attention നും Stand at ease ഉം അടക്കം പലതും സംസ്‌കൃതവത്കരിച്ച് സാവധാൻ', 'വിശ്രാം' എന്നിങ്ങനെയാക്കി. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒറ്റയടിക്ക് ഈ കമാൻഡുകൾ മാറിയിരുന്നില്ല. 1950-ൽ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുകയും ഹിന്ദിക്ക് ഔദ്യോഗിക ഭാഷാപദവി ലഭിക്കുകയും ചെയ്തതോടെയാണ് സൈനിക പദങ്ങളുടെ സംസ്‌കൃതവൽക്കരണം ആരംഭിക്കുന്നത്. 1950-കളുടെ ആദ്യ പകുതിയിലാണ് സൈനിക കമാൻഡുകൾ 'സാവധാൻ', 'വിശ്രാം' എന്നിങ്ങനെ മാറ്റി ഔദ്യോഗികമായി ചിട്ടപ്പെടുത്തിയത്.
ചരിത്രം ഇങ്ങനെയൊക്കെ ആണ് എന്നിരിക്കെ ഇപ്പോഴും 'ഹിന്ദിയിൽ നിന്നാണ് ഉർദു ഉണ്ടായത്' എന്നൊക്കെ കരുതുന്നത് ചരിത്രം അറിയാത്തത് കൊണ്ട് മാത്രമല്ല, അതൊന്നും ആരും അറിയരുത് എന്ന് കരുതുന്നവരുടെ ഇടയിലാണ് നമ്മൾ ഉള്ളത് എന്നത് കൊണ്ടുകൂടിയാണ്.
സ്വാതന്ത്രസമരത്തിന്റെ ആദ്യ ഘട്ടത്തിൽ ഉർദുവായിരുന്നു ഭാഷാമാധ്യമം, അന്ന് ദേവനാഗരി ലിപിയിലുള്ള ഹിന്ദി സാഹിത്യം പിച്ചവെച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഉർദു വഹിച്ച പങ്ക് വാക്കുകളിൽ ഒതുക്കാൻ കഴിയാത്തത്ര വലുതാണ്. തോക്കുകളെക്കാളും പീരങ്കികളെക്കാളും ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയത് ഉർദു കവിതകളിലെയും മുദ്രാവാക്യങ്ങളിലെയും തീപ്പൊരികളായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.ജാതിമത ഭേദമന്യേ സാധാരണക്കാരിലേക്ക് ദേശീയബോധം എത്തിക്കാൻ ഉർദുവിന് കഴിഞ്ഞു.അന്ന് സാധാരണക്കാരുടെ ഭാഷ ഉർദുവായിരുന്നു, ഹിന്ദിയായിരുന്നില്ല!
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പര്യായമായി മാറിയ "ഇൻക്വിലാബ് സിന്ദാബാദ് " (വിപ്ലവം നീണാൾ വാഴട്ടെ) എന്ന മുദ്രാവാക്യം ഉർദുവാണ്. 1921-ൽ ഉർദു കവിയായ മൗലാന ഹസ്രത്ത് മോഹാനിയാണ് ഇത് ആദ്യമായി മുഴക്കിയത്. പിന്നീട് ഭഗത് സിംഗും കൂട്ടരും ഇത് ഏറ്റെടുത്തതോടെ ഈ ഉർദു വാചകം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തി.
സർഫരോശി കി തമന്നാ അബ് ഹമാരേ ദിൽ മേം ഹൈ..." (ഞങ്ങളുടെ ഹൃദയങ്ങളിൽ ഇപ്പോൾ രക്തസാക്ഷിത്വത്തിനായുള്ള ആഗ്രഹമാണ്) - ബിസ്മിൽ അസിമാബാദി എഴുതിയ ഈ ഉർദു ഗാനം രാം പ്രസാദ് ബിസ്മിലിനെപ്പോലുള്ള വിപ്ലവകാരികൾ തൂക്കുമരത്തിലേക്ക് നടന്നുപോകുമ്പോൾ നെഞ്ചോട് ചേർത്ത വരികളാണ്.
സാരേ ജഹാൻ സേ അച്ഛാ ഹിന്ദുസ്താൻ ഹമാരാ" - അല്ലാമാ ഇഖ്ബാലിന്റെ ഈ ഗാനം ഇന്നും ഇന്ത്യയുടെ ദേശസ്നേഹത്തിന്റെ അടയാളമാണല്ലോ.
സാധാരണക്കാരിൽ ദേശീയബോധം വളർത്തുന്നതിൽ ഉർദു പത്രങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.
മൗലാന അബുൽ കലാം ആസാദ് പുറത്തിറക്കിയ 'അൽ-ഹിലാൽ' ബ്രിട്ടീഷുകാർ നിരോധിച്ച പത്രമാണ്.
പഞ്ചാബിൽ ലാലാ ലജ്പത് റായ് തുടങ്ങിയ പത്രത്തിന്റെ പേര് തന്നെ 'വന്ദേമാതരം' എന്നായിരുന്നു. അത് പ്രസിദ്ധീകരിച്ചിരുന്നത് ഉർദു ഭാഷയിലുമാണ്!
ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, അഷ്ഫാഖുള്ള ഖാൻ തുടങ്ങിയ വിപ്ലവകാരികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നതും ജനങ്ങൾക്കായി ലഘുലേഖകൾ തയ്യാറാക്കിയിരുന്നതും പ്രധാനമായും ഉർദുവിലായിരുന്നു. ഭഗത് സിംഗിന്റെ ജയിലിലെ ഡയറിക്കുറിപ്പുകൾ പോലും ഉർദു ഭാഷയിലായിരുന്നു എന്നത് ചരിത്രസത്യമാണ്.
 |
1931 മാർച്ച് 3ന് സർദാർ ഭഗത് സിംഗ് തന്റെ സഹോദരൻ കുൽദാർ സിംഗിന് ജയിലിൽ വെച്ച് എഴുതിയ ഉർദുവിലുള്ള കത്ത്
Azeez Kultar Aaj Tumhari Ankhon Mein Ansu Dekh Kar Bahut Ranj Hua Aaj Tumhari Baat Mein Bahut Dard Tha Tumhare Ansu Mujhse Bardasht Nahi Hote. Barkhurdar, Himmat Se Taalim Haasil Karte Jaana, Aur Sehat Ka Khyal Rakhna. Hausla Rakhna (Bhagat Singh quotes) "Unhe Yeh Fikr Hai Har Dam Nayi Tarz-e-Jafa Kya Hai, Humein Yeh Shouq Hai Dekhein Sitam Ki Inteha Kya Hai." "Dahar Se Kyun Khafa Rahen, Charkh Ka Kya Gila Kare Humara Jahan Adoo Sahi, Aao! Muqabla Karein!" "Koi Dum Ka Mehman Hun Aye Ahl-e-Mehfil, Chiragh-e-Seher Hun Bujha Chahta Hun" "Mere Hawa Mein Rahegi Khayal Ki Bijli, Yeh Musht-e-Khaak Hai Faani, Rahe Rahe, Na Rahe" Achha Rukhsat! "Khush Raho Ahl e Watan Hum Toh Safar Karte Hain" Hausle se Rehna, Namaste. Tumhara Bhai, Bhagat Singh. |
ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ ഹിന്ദു, മുസ്ലീം, സിഖ് എന്നിങ്ങനെ വിഭജിക്കാൻ ശ്രമിച്ചപ്പോൾ, അവരെയെല്ലാം ഒന്നിപ്പിച്ചു നിർത്തിയ ചരടായിരുന്നു ഉർദു. പഞ്ചാബിലെയും യു.പിയിലെയും ബിഹാറിലെയുമെല്ലാം സാധാരണക്കാരുടെ പൊതുവായ വികാരപ്രകടനത്തിന്റെ ഭാഷ അന്നത്തെ ഹിന്ദുസ്താനി (ഉർദു) ആയിരുന്നു.
ചുരുക്കത്തിൽ, ഉർദു വെറുമൊരു ആശയവിനിമയ ഉപാധി മാത്രമായിരുന്നില്ല, അതായിരുന്നു അവിഭക്ത ഇന്ത്യയുടെ വിമോചന സ്വപ്നങ്ങളുടെ ശബ്ദം.
ഇന്ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിലുള്ള സംസ്കൃതവൽകൃത ഹിന്ദിയാണ്. അതിനു പിന്നിലെ ചരിത്രം എത്രപേർക്കറിയാം.
1949 ഓഗസ്റ്റ് 26-ന് ഡൽഹിയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി മീറ്റിംഗിൽ അന്നൊരു വോട്ടെടുപ്പ് നടന്നു.ഭരണഘടനാ നിർമ്മാണ സഭയിൽ ഔദ്യോഗിക ഭാഷാ പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ ഒരു ധാരണയിലെത്താനായിരുന്നു ഈ യോഗം വിളിച്ചുചേർത്തത്.
ഹിന്ദുസ്താനി വേണോ ഹിന്ദി വേണോ എന്നതായിരുന്നു അന്നത്തെ ചർച്ച. ഗാന്ധിജി,സെത്ത് ഗോവിന്ദ് ദാസ്, നെഹ്‌റു, ആസാദ് തുടങ്ങിയവർ ഹിന്ദുസ്താനിയെ അനുകൂലിച്ചു. ഗ്രാമങ്ങളിലെ സാധാരണക്കാർ സംസാരിക്കുന്നത് സംസ്കൃതനിഷ്ഠമായ ഹിന്ദിയോ അറബിക്/പേർഷ്യൻ പദങ്ങൾ കൂടുതൽ നിറഞ്ഞ രാജാഥാനിയിലെ വരേണ്യ ഉർദുവോ അല്ല, മറിച്ച് ഇവ രണ്ടും ചേർന്ന ലളിതമായ 'ഹിന്ദുസ്താനി' (സംസാരത്തിൽ ഇന്നത്തെ ഉർദു) ആണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ ഹിന്ദുസ്താനിയെ ഉർദു ലിപിയിലും ഹിന്ദി ലിപിയിലും എഴുതാം എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. ഈ ലളിത ഹിന്ദുസ്താനിയിൽ കുറേ പേർഷ്യൻ അറബിക് പദങ്ങൾ വളരെ നേരത്തേ തന്നെ ഉണ്ടെന്ന് നമ്മൾ മുമ്പ് പറഞ്ഞുവല്ലോ. ഇതാണ് സംസ്‌കൃതവൽകൃതഹിന്ദി വാദക്കാരെ പ്രകോപിപ്പിച്ചിരുന്നത്. പക്ഷേ അത് സാധാരണക്കാരുടെ ഭാഷയായിരുന്നു!സ്വഭാവികമായി വളർന്ന് വന്നതായിരുന്നു. പാരമ്പര്യവും ലിപിയും പറഞ്ഞ് സംസ്‌കൃതഹിന്ദി വേണമെന്ന് പറഞ്ഞവർക്ക് ഇന്ത്യ-പാക് വിഭജനം വലിയ ഊർജം നൽകി. പാകിസ്താൻ ഔദ്യോഗിക ഭാഷയായി ഉർദുവിനെ തെരഞ്ഞെടുത്തത്തോടെ ഇന്ത്യയിൽ ഉർദുവിന് അപരവത്കരണം നേരിടേണ്ടി വന്നു. ഇന്ത്യയിൽ തുടക്കത്തിൽ ഹിന്ദുസ്താനിക്ക് ഒപ്പം നിന്ന പലരും വിഭജനം കാരണം കളം മാറി. എന്നിട്ടും കേവലം ഒരു വോട്ടിനാണ് ഹിന്ദി വിജയിച്ചത്. ഹിന്ദിക്ക് 78 ഉം ഹിന്ദുസ്താനിക്ക് 77 ഉം വോട്ടുകൾ ലഭിച്ചു. പിന്നീട് സെപ്റ്റംബർ 15 ന് ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രമേയം പാസാക്കി.
എന്റെ പ്രസംഗങ്ങൾ എനിക്ക് തന്നെ മനസ്സിലാവുന്നില്ല എന്ന നെഹ്‌റുവിന്റെ പ്രസ്താവന ഈ പശ്ചാത്തലത്തിൽ നിന്ന് വന്നതാണ്.സാധാരണക്കാർ സംസാരിക്കുന്ന ഭാഷയ്ക്ക് പകരം കഠിനമായ സംസ്കൃത പദങ്ങൾ നിറഞ്ഞ 'ശുദ്ധ ഹിന്ദി' ഉപയോഗിക്കണമെന്ന് ചിലർ നിർബന്ധം പിടിച്ച അക്കാലത്ത് ആകാശവാണി വാർത്തകളിൽ ഉപയോഗിച്ചിരുന്ന ഹിന്ദി വളരെ സങ്കീർണ്ണമായിരുന്നു. സാധാരണക്കാർക്കോ ഉന്നത വിദ്യാഭ്യാസമുള്ളവർക്കോ പോലും അത് പെട്ടെന്ന് മനസ്സിലാകുമായിരുന്നില്ല.തന്റെ ഹിന്ദുസ്താനി പ്രസംഗങ്ങൾ ഇത്തരത്തിൽ കഠിനമായ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്ത് ആകാശവാണിയിലൂടെ സംപ്രേക്ഷണം ചെയ്തപ്പോൾ, അത് കേട്ട നെഹ്‌റു പരിഹാസത്തോടെ പറഞ്ഞു: "എന്റെ പ്രസംഗങ്ങൾ അവർ ഹിന്ദിയിലേക്ക് മാറ്റിയത് കേൾക്കുമ്പോൾ എനിക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നില്ല".
ആധുനിക ഹിന്ദിയുടെ വരവോടെ ഇന്ന് പഴയ ഹിന്ദുസ്താനിയുടെ പാരമ്പര്യം ഉർദുവിന് സ്വന്തമായി. അതിനാൽ ഇന്ന് ഉർദുവിനെ പഴയ ഹിന്ദുസ്താനി എന്നും വിശേഷിപ്പിക്കുന്നു.
പാരമ്പര്യം വെച്ച് നോക്കുമ്പോൾ ഉർദുവാണ് യഥാർത്ഥ ഹിന്ദി! പഴയ പേരാണല്ലോ ഹിന്ദി.
പക്ഷെ പഴയ ഭാഷയിൽ മനപ്പൂർവം കൈകടത്തൽ നടത്തി കൃത്രിമമായി സൃഷ്‌ടിച്ച ഒന്നാണ് ഇന്ന് 'ഹിന്ദി' എന്ന പേരിൽ അറിയപ്പെടുന്നത്.
എന്നാൽ ഇന്നും സംസ്‌കൃതവത്കരിക്കപ്പെടാത്ത പഴയ ഭാഷയെ ഉർദു എന്ന് സമ്മതിക്കുമോ? ഇല്ല! പോകട്ടെ :പഴയ ഹിന്ദി' എന്നെങ്കിലും സമ്മതിക്കുമോ? അതും ഇല്ല! എല്ലാം ഹിന്ദി!
അതിന് ഉദാഹരണമാണ് ഇന്നത്തെ ബൊളീവുഡ് സിനിമാഗാനങ്ങൾ. മുഴുവനും പേർഷ്യൻ-അറബിക് പദങ്ങളാൽ ഭംഗിയാക്കപ്പെട്ട അസ്സൽ ഉർദു ഗാനം! പറയപ്പെടുന്നത് ഹിന്ദി ഗാനം എന്നും!
ദേവനാഗരി ലിപി കാണുമ്പോൾ ജനങ്ങൾ അതിനെ ഹിന്ദി എന്ന് വിളിക്കുന്നു, അത്രമാത്രം.
ഇന്ന് ദേവനാഗരി ലിപി സംസ്‌കൃതത്തിന്റേതും 'ഹിന്ദി'യുടേതും മാത്രമായി. അന്ന് ആ ലിപി ദീർഘകാലം പേർഷ്യൻ വാക്കുകൾ നിറഞ്ഞ 'ഹിന്ദുസ്താനി' എഴുതാൻ ഉപയോഗിച്ചിരുന്നു.
പിൽക്കാലത്ത് ഉണ്ടായ ദേശീയതാ പ്രസ്ഥാനങ്ങളും ലിപി രാഷ്ട്രീയവുമാണ് ദേവനാഗരിയെ സംസ്‌കൃതവൽക്കരണത്തിന്റെ പര്യായമാക്കി മാറ്റിയത്.
ഇന്നത്തെ പൊതുബോധത്തിൽ, ഹിന്ദിയെന്നാൽ (പഴയ ഹിന്ദി) സംസ്‌കൃത പദങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഭാഷയും ഉർദു എന്നാൽ പേർഷ്യൻ-അറബിക് പദങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഭാഷയും ആണ് എന്ന ധാരണയാണ്. ആധുനിക ഹിന്ദി സംസ്കൃത വത്കൃതമാണ് എന്നതിൽ തർക്കമില്ല. പക്ഷേ സംസാരിക്കുന്ന ഹിന്ദി സംസ്‌കൃത വത്കൃതമാണോ? പൂർണമായും അങ്ങനെയല്ല എന്നാണ് ഉത്തരം. ഇന്നും ഉർദു, സംസ്‌കൃതമുക്തമോ പഴയ ഹിന്ദി, അറബിക്- പേർഷ്യൻ മുക്തമോ അല്ല. അങ്ങനെ കരുതുന്നത് തെറ്റിദ്ധാരണയാണ്.
ഉർദുവിലെ 'ആനാ' (വരിക), 'ജാനാ' (പോവുക), 'ഖാനാ' (കഴിക്കുക) തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പല ക്രിയകളും പദങ്ങളും സംസ്കൃതത്തിൽ നിന്ന് വന്നവയാണ്.
അതുപോലെ തന്നെ, നമ്മളിന്ന് 'ശുദ്ധ ഹിന്ദി' എന്ന് കരുതുന്ന പല വാക്കുകളും യഥാർത്ഥത്തിൽ പേർഷ്യൻ അല്ലെങ്കിൽ അറബിക് വേരുകളുള്ളവയാണ്. ചില ഉദാഹരണങ്ങളും അവയുടെ ഉറവിടവും നോക്കാം.
സർക്കാർ - ഗവൺമെന്റ് - പേർഷ്യൻ
കാഗസ് - കടലാസ് - പേർഷ്യൻ
വഖ്‌ത് - സമയം - അറബിക്
ഖബർ - വാർത്ത - അറബിക്
കോശിശ്- പരിശ്രമം - പേർഷ്യൻ
ദുനിയ -ലോകം- അറബിക്
കുർസി - കസേര - അറബിക്
ബാസാർ - ചന്ത - പേർഷ്യൻ
ദീവാർ -ചുമർ - പേർഷ്യൻ
ആസ്മാൻ - ആകാശം - പേർഷ്യൻ
സവാൽ - ചോദ്യം - അറബിക്
ജവാബ് - ഉത്തരം- അറബിക്
ജവാൻ - യുവാവ് - പേർഷ്യൻ
ഹേരാൻ - അത്ഭുതം - പേർഷ്യൻ
മൗസം - കാലാവസ്ഥ - അറബിക്
ശായദ് - ഒരുപക്ഷേ - പേർഷ്യൻ
ഇൻതിസാർ - പ്രതീക്ഷ - അറബിക്
ആദത്ത് - ശീലം - അറബിക്
ദർവാസ - വാതിൽ- പേർഷ്യൻ
ഗരീബ് - പാവപ്പെട്ടവൻ - അറബിക്
സബ്‌സി - പച്ചക്കറി - പേർഷ്യൻ
ഖുദ് - സ്വയം - പേർഷ്യൻ
ബദൽ - പകരം - അറബിക്
ഗുലാബ് - റോസാപ്പൂവ് - പേർഷ്യൻ
എന്തിനേറെ പറയണം,
ഹിന്ദിയിൽ സാധാരണ സംസാരിക്കുന്ന 'മാലൂം/നഹീ മാലൂം' ലെ 'മാലൂം' എന്ന വാക്ക് പോലും അറബിയാണ്. അറബിയിൽ 'മഅ്ലൂം' എന്നാൽ 'അറിയപ്പെട്ടത്' എന്നർത്ഥം. ആധുനിക ഹിന്ദിയിൽ 'ജ്ഞാൻ' എന്ന സംസ്കൃത പദം ഇതിന് പകരം ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ സംസാരത്തിൽ ഇത് ആളുകൾ ഉപയോഗിക്കുന്നുമില്ല.
മറ്റൊരു വാക്ക് നോക്കാം. 'ഖാനെ കെ ബാദ്' ലെ 'ബാദ്' എന്നാൽ 'ശേഷം' എന്നർത്ഥം. ഇത് അറബിയിലെ 'ബഅ്ദ്' എന്ന വാക്കാണ്. ആധുനിക ഹിന്ദിയിൽ ഇതിന് പകരം ഉപയോഗിക്കുന്ന 'പശ്ചാത്' എന്ന വാക്ക് ആളുകൾ സംസാരങ്ങളിൽ ഉപയോഗിക്കാറില്ല.പക്ഷേ നമ്മളിന്ന് ഒരാളെ ഫോൺ വിളിച്ച് കിട്ടിയില്ലെങ്കിൽ 'അല്പ സമയം കഴിഞ്ഞ് പരിശ്രമിക്കൂ' എന്ന അറിയിപ്പിന്റെ ഹിന്ദിയിൽ 'കുച്ച് സമയ് പശ്ചാത് പ്രയാസ് കരേ' എന്ന് നമ്മെ കേൾപ്പിച്ച് പഠിപ്പിക്കുന്നു. മുമ്പൊക്കെ 'കുച്ച് ദേർ/വഖ്‌ത് കെ ബാദ് കോശിശ് കരേ' എന്നായിരുന്നു ഉണ്ടായിരുന്നത്.
യെ തഅജ്ജുബ് കി ബാത്ത് ഹേ, കോയി ഫർഖ് നഹി- ഇതിലുള്ള തഅജ്ജുബ്, ഫർഖ് ഇതൊക്കെ അറബിക് വാക്കുകൾ ആണ്. ചുരുക്കിപ്പറഞ്ഞാൽ ഹിന്ദി ഒരിക്കലും ഇപ്പോഴും അറബിമുക്തമല്ല. പക്ഷേ ആളുകൾ 'ഉർദുവിൽ മാത്രമാണ് അറബി പദങ്ങൾ' എന്ന് ധരിച്ചിരിക്കുന്നു.
ഖുബ് സൂറത്ത്, സറൂറത്ത് ഇതൊക്കെ ഹിന്ദിയിൽ ലയിച്ചു ചേർന്ന പേർഷ്യൻ, അറബിക് പദങ്ങൾ ആണ്.മുകളിൽ പറഞ്ഞ എല്ലാ പദങ്ങളും ഇപ്പോഴും ഹിന്ദി-ഉർദു സംസാരിക്കുന്നവർ ഉപയോഗിക്കുന്നു.
ഹിന്ദിയിൽ ഈ പദങ്ങൾ ഉപയോഗിക്കുന്ന പലർക്കും ഇവ ഉർദു വഴി വന്ന അറബിയോ പേർഷ്യനോ ആണ് എന്ന കാര്യം അറിയില്ല! ഹിന്ദിയിലെ പദങ്ങൾ ഒക്കെ സംസ്‌കൃതവത്കരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പദങ്ങളൊക്കെയും ഉർദുവാണ് എന്ന് പലർക്കും അറിയുകയുമില്ല!
ഉർദു അതിന്റെ വ്യാകരണത്തിലും പദസമ്പത്തിലും സംസ്‌കൃതത്തോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നത് അത്ഭുതകരമാണ്.
ഉർദു പദവും അർത്ഥവും സംസ്കൃത പദവും:
ആഗ് - തീ - അഗ്നി
പാനി - വെള്ളം - പാനിയ
ധർതി - ഭൂമി - ധരിത്രി
സോന - സ്വർണ്ണം - സ്വർണ്ണ
കാം - ജോലി - കർമ്മ
ഹാഥ് - കൈ - ഹസ്ത
മാത - അമ്മ - മാതൃ
ചാന്ദ് - ചന്ദ്രൻ - ചന്ദ്ര
സൂരജ് - സൂര്യൻ - സൂര്യ
പിന്നീട് ഉണ്ടായ ഹിന്ദിയിലെ സംസ്‌കൃതവത്കരത്തിൽ പല പേർഷ്യൻ, അറബിക് വാക്കുകളും മനപ്പൂർവം നീക്കം ചെയ്തു. ഇപ്പോഴും പല സ്ഥലനാമങ്ങളും മാറ്റുന്നത് ഈയൊരു ലക്ഷ്യത്തിന് കൂടിയാണ്.ബാദ് എന്ന പേർഷ്യൻ പദം മാറ്റി നഗർ, പൂർ, രാജ് എന്നൊക്കെ ഇടുന്നത് ഇങ്ങനെയാണ്.
പക്ഷേ പേർഷ്യൻ-അറബിക് പദങ്ങൾ മാറ്റുമ്പോൾ അഥവാ ഉർദുവിനെ വധിക്കുമ്പോൾ ഭാഷയുടെ പഴയ സൗന്ദര്യം നഷ്ടപ്പെടുന്നുണ്ട് എന്നതിനാൽ ഇത്തരം വാക്കുകൾ നീക്കം ചെയ്യാത്ത മേഖലകളും ഉണ്ട്. ബോളിവുഡ് ഗാനങ്ങൾ ശ്രദ്ധിച്ചാൽ ഇത് ബോധ്യമാവും.ഇന്ന് ലോകമെമ്പാടും ആസ്വദിക്കപ്പെടുന്ന 'ഹിന്ദി സിനിമാ ഗാനങ്ങൾ' യഥാർത്ഥത്തിൽ ഉർദു ഗാനങ്ങളാണ് എന്ന് എത്രപേർക്കറിയാം! പഴയ സൗന്ദര്യവും ഈണവും നിലനിർത്താൻ ബോളിവുഡ് ഗാനങ്ങളിൽ ഇപ്പോഴും ഉർദു പദങ്ങൾ നിലനിർത്തുന്നു.ആധുനിക ഹിന്ദിയിലെ കഠിനമായ സംസ്കൃത പദങ്ങൾ സംഗീതത്തിന് അത്ര ഇണങ്ങുന്നതല്ല. അതുകൊണ്ടാണ് ഗാനരചയിതാക്കൾ ഇന്നും ഉർദുവിനെ ആശ്രയിക്കുന്നത്.
ദിൽ, ഇഷ്ഖ്, മൊഹബ്ബത്ത് ഇവയൊക്കെയാണ് പ്രണയഗാനങ്ങളുടെ ജീവൻ. പകരം 'ഹൃദയ്', 'പ്രേം' തുടങ്ങിയ വാക്കുകൾ ഈ ഗാനങ്ങൾക്ക് ആ ഭംഗി നൽകില്ല.
ഖ്വാബ്, ഖുദാ, നസർ, ഇൻതിസാർ തുടങ്ങിയ വാക്കുകൾ ഒഴിവാക്കി ഒരു ബോളിവുഡ് ഗാനവും സങ്കല്പിക്കാൻ പോലും സാധിക്കില്ല!
ഗാനങ്ങളിലെ ചില ഉർദു പദവും അർത്ഥവും അതിന്റെ ആധുനികഹിന്ദി (സംസ്‌കൃത) പദവും നോക്കാം.
ദിൽ - ഹൃദയം - ഹൃദയ്
മൊഹബ്ബത്ത് - പ്രണയം - പ്രേം
ഖ്വാബ് - സ്വപ്നം - സപ്‌ന
ഖുദാ - ദൈവം - ഈശ്വർ
നസർ - കാഴ്ച/നോട്ടം - ദൃഷ്ടി
സിന്ദഗി - ജീവിതം - ജീവൻ
ദുനിയ - ലോകം - വിശ്വ/സംസാർ
ചില ഗാന വരികൾ നോക്കാം.
"കഭി കഭി മേരെ ദിൽ മേ ഖയാൽ ആതാ ഹേ..." എന്ന ഗാനം ശുദ്ധ ഹിന്ദിയിലേക്ക് മാറ്റിയാൽ "കദാചിത് മേരെ ഹൃദയ് മേം വിചാർ ആതാ ഹേ..." എന്നാവും. ഇതിലെ 'വിചാർ' എന്നത് തലച്ചോറിലെ ഒരു ചിന്തയാണ്, എന്നാൽ 'ഖയാൽ' എന്നത് ഒരു അനുഭൂതിയാണ്. ശുദ്ധ ഹിന്ദിയിൽ ആ വരിയുടെ ആത്മാവ് നഷ്ടപ്പെടുന്നു.
പ്യാർ കിയാ തോ ഡർനാ ക്യാ, ഇഷ്ഖ് കിയാ തോ..." എന്ന വരിയിലെ 'പ്യാർ', 'ഡർ', 'ഇഷ്ഖ്' തുടങ്ങിയ പദങ്ങൾ ഹിന്ദുസ്ഥാനി ശൈലിയിലുള്ളതാണ്. ഇത് ശുദ്ധ ഹിന്ദിയിലേക്ക് മാറ്റിയാൽ "പ്രേം കിയാ തോ ഭയ് ക്യാ, അനുരാഗ് കിയാ തോ..." എന്നാവും'പ്രേം' എന്നത് ഭക്തിയോടോ ആദരവോടോ ചേർന്ന് നിൽക്കുന്ന ഒന്നാണെങ്കിൽ, 'പ്യാർ' അല്ലെങ്കിൽ 'ഇഷ്ഖ്' എന്നത് പ്രണയത്തിന്റെ തീവ്രതയെയും ഉന്മാദത്തെയും പ്രതിനിധീകരിക്കുന്നു. ഗാനത്തിന് 'പ്യാർ' നൽകുന്ന ഒരു ലയവും ഒഴുക്കും 'പ്രേമിന്' നൽകാൻ കഴിയില്ല.
"ഹുസ്ൻ പഹാഡോ കാ, ഓ സാഹേബ..." എന്ന വരി ശുദ്ധ ഹിന്ദിയിലേക്ക് മാറ്റിയാൽ "സൗന്ദര്യ പർവതോം കാ, ഓ മഹോദയ്..." എന്നാവും. ഇതിലെ വ്യത്യാസം എന്താണെന്നാൽ 'ഹുസ്ൻ' എന്നത് കാണുന്നവന്റെ കണ്ണുകളിലെ തിളക്കത്തെ കൂടി സൂചിപ്പിക്കുന്നു. 'സൗന്ദര്യ' എന്നത് അല്പം കൂടി ഔദ്യോഗികമായ അല്ലെങ്കിൽ പുസ്തകങ്ങളിൽ ഉപയോഗിക്കുന്ന വാക്കായി തോന്നും.
ആദ്യ കാലത്ത് 'ഹിന്ദുസ്താനി ഫിലിം' എന്നായിരുന്നു ഇന്ത്യൻ സിനിമകൾക്ക് പറഞ്ഞിരുന്നത് (ഇന്ത്യക്ക് ഹിന്ദുസ്താൻ എന്നും പേരുണ്ടല്ലോ).പിന്നീടത് 'ഹിന്ദി ഫിലിം' ആയിമാറി. ഹിന്ദി ഫിലിം എന്ന വാക്ക് കൊണ്ടുള്ള ഉദ്ദേശ്യം ഇന്ത്യൻ ഫിലിം എന്നാണ്. അല്ലാതെ 'ഹിന്ദിഭാഷാ ഫിലിം' എന്ന അർഥത്തിൽ അല്ല.
ഇന്ന് ആളുകൾ ഉർദുവിനെ വിമർശിക്കുന്നു. വിദേശിയെന്ന് മുദ്രകുത്തുന്നു. പക്ഷേ ഈ വിമർശനത്തിനും ആളുകൾ ഉപയോഗിക്കുന്നത് ഉർദു പദങ്ങളും. തങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് ഉർദുവിലാണ് എന്ന അറിവു പോലും ഇല്ലാത്ത അവസ്ഥയിലേക്ക് സാഹചര്യങ്ങൾ മാറ്റിയെഴുതപ്പെട്ടു!
ആദിൽ മൻസൂരിയുടെ വരികളുണ്ട്.
"മുസീബത്ത് യേ ഹൈ കി ഉർദു മേ ഹി സബ് ലിഖ് രഹേ ഹൈ,
വർനാ കഹ്‌നേ കോ തോ സബ് ഉർദു കേ ഖിലാഫ് ഹൈ."
(ഗതികേട് എന്തെന്നാൽ, എല്ലാവരും ഉർദുവിൽ തന്നെയാണ് എഴുതുന്നത്, പക്ഷേ, പറയുന്നതൊക്കെയും ഉർദുവിന് എതിരാണതാനും!)
കെ പി ശരീഫ് കണ്ടക്കൈ
Humsafar Urdu Blog
Super ✨
ReplyDeleteبہت خوب
ReplyDeleteയഥാർഥ്യങ്ങൾ 👍
ReplyDelete