July 25, 2024

എം.ജി. പട്ടേൽ ദേശീയ അധ്യാപക പുരസ്കാരം 2023 : കേരളത്തിൽ നിന്ന് മൂന്നു പേർ ജേതാക്കൾ

മഹാരാഷ്ട്രയിലെ ജയ്സിംഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാൻദാർ ഗ്രൂപ്പിന്റെ രാജ്യത്തെ

മികച്ച ഉർദു അധ്യാപകർക്കുള്ള എം.ജി. പട്ടേൽ നാഷണൽ അവാർഡ് ഫോർ ബെസ്റ്റ് ടീച്ചർ 2023 ന് കേരളത്തിലെ മൂന്ന് അധ്യാപകർ ജേതാക്കളായി.
സെക്കണ്ടറി വിഭാഗത്തിൽ പാലക്കാട് മണ്ണാർക്കാട് ഉപജില്ലയിലെ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കണ്ടറി സ്കൂളിലെ ലെഫ്റ്റനന്റ് 
പി. ഹംസ മാസ്റ്റർ, പ്രൈമറി വിഭാഗത്തിൽ മലപ്പുറം മഞ്ചേരി ഉപജില്ലയിലെ പാപ്പിനിപ്പാറ എച്ച്.എസ്.എ.യു.പി. സ്കൂളിലെ കെ. അജ്മൽ തൗഫീഖ് മാസ്റ്റർ, കോഴിക്കോട് ചേവായൂർ ഉപജില്ലയിലെ മായനാട് എ.യു.പി. സ്കൂളിലെ എൻ.കെ. റഫീഖ് മാസ്റ്റർ എന്നിവരെയാണ് 2023 ലെ അവാർഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
2022 ലാണ് ആദ്യമായി ഈ പുരസ്കാരം തുടങ്ങിവച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഉർദു ഭാഷ പഠിപ്പിക്കുന്ന മികച്ച പ്രൈമറി, സെക്കണ്ടറി അധ്യാപകരെയാണ് ഈ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. 2022ൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 11 അധ്യാപകരെയാണ് ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരുന്നത്
ഫൈസൽ വഫ 
പ്രഥമ വർഷം കേരളത്തിൽ നിന്ന് പുരസ്കാരത്തിന് അർഹനായത് പാലക്കാട് തൃത്താല ഉപജില്ലയിലെ ചാലിശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ഫൈസൽ വഫയാണ്.2024 ലെ അവാർഡിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള അവസാന തീയതി ആഗസ്റ്റ് 15 ആണ്. 2023 ലെയും 2024 ലെയും അവാർഡുകൾ സെപ്തംബർ 14 ന് ശനിയാഴ്ച മഹാരാഷ്ട്ര കോലാപൂർ ജില്ലയിലെ ജയ്സിംഗ്പൂരിൽ വെച്ച് സമ്മാനിക്കും.1995 ൽ ദേശീയ അധ്യാപക അവാർഡ്
ജേതാവായ ഉർദു അധ്യാപകൻ മുഹമ്മദ് ശഫീഅ് ഗൗസ് സാഹബ് പട്ടേലിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിൻ്റെ മക്കളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് കാൽനൂറ്റാണ്ട് മുമ്പ് രൂപീകരിച്ച ശാൻദാർ സ്പോർട്സ് & എജ്യൂക്കേഷൻ അസോസിയേഷൻ (ശാൻദാർ ഗ്രൂപ്പ്) 2022 ൽ ഈ പുരസ്കാരം ആരംഭിച്ചത്. രാജ്യത്തെ ഉർദു അധ്യാപകർക്കുള്ള പ്രോത്സാഹനമാണ് ഈ പുരസ്കാരം.

2 comments: