September 12, 2024

ഡയറ മൊഹല്ല അഥവാ ഡയറാ സ്ട്രീറ്റ്..!

ശഫീഖ് കല്ലാംകുഴി


               കാർഷിക വൈവിധ്യങ്ങളുടേയും സാംസ്കാരിക തനിമയുടേയും കലവറയായ പാലക്കാടിന്റെ നഗര ഹൃദയത്തിൽ ഉത്തരേന്ത്യൻ ഗല്ലികളെ അനുസ്മരിപ്പിക്കും വിധം പിഞ്ചു കുഞ്ഞുമുതൽ വയോധികർ വരെ ഉറുദു സംസാരിക്കുന്ന ഒരു തെരുവ്.


വീട്ടിലും തെരുവിലും ബന്ധു സംഗമങ്ങളിലും ഉർദുവിൽ സംസാരിക്കുന്ന ഇവിടുത്തുകാർ ഉത്തരേന്ത്യയിൽ നിന്ന് ആദ്യം ശ്രീരംഗപട്ടണത്തേക്കും പിന്നീട് ഹൈദരാലിയുടേയും ശേഷം ടിപ്പുവിന്റെയും കുതിരപ്പടയാളികളായി പാലക്കാട് ചുരം വഴി പാലക്കാട് എത്തിയവരുടെ പിന്ഗാമികളാണ്.

അകത്തെ തറ മഹാരാജാവ് താമസിക്കാൻ പ്രത്യേഗം പതിച്ചു നൽകിയ ഇന്നത്തെ ഡയറ സ്ട്രീറ്റിലാണവർ കുടില് കെട്ടി താമസമാരംഭിക്കുന്നത്, 1831ലാണ് അവിടെ കൂട്ടമായ ആരാധനാ കർമങ്ങൾക്ക് വേണ്ടി അവർ പള്ളി നിർമിക്കുന്നത്. കേരളത്തിലെ ഏക ഉറുദു പള്ളിയും ഇതാണെന്നാണ് എന്റെ പരിമിതമായ ധാരണ. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്തുബക്ക് മുമ്പ് ഉറുദുവിലാണ് ഇമാമിന്റെ പ്രസംഗം.

മതപരമായ മറ്റു വ്യവഹാര ഭാഷയും ഉറുദുവാണ്. ഉത്തരേന്ത്യൻ മക്തബയെ അനുസ്മരിപ്പിക്കുന്ന ഒരു മതപഠന കേന്ദ്രവും പള്ളിയോടനുബന്ധിച്ചുണ്ട്. മുമ്പ് ഒരു ഉറുദു വിദ്യാലയം ഇവിടെ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് സർക്കാർ ഏറ്റെടുത്ത് ജനറൽ സ്കൂളാക്കി മാറ്റുകയായിരുന്നു. ഭാഷപോലെ തന്നെ വേഷം, രുചി, ആഘോഷങ്ങൾ തുടങ്ങിയവയിലെ പൂർവ്വിക തനിമ തലമുറകളിലൂടെ നൂറ്റാണ്ടുകൾക്കിപ്പുറവും അവരത് കാത്തു സൂക്ഷിക്കുന്നു.


No comments:

Post a Comment