February 11, 2025

ഉപഹാരങ്ങളുടെ ഉത്തുംഗതയിൽ ഉർദുവിന്റെ ഉപാസകൻ



✍️ നൗഷാദ് മണ്ണിശ്ശേരി  


         പ്രാദേശിക വാദമുയർത്തി മുംബൈ മഹാനഗരത്തിൽ മുടി അഴിച്ചാടുകയാണ് ശിവസേന. മഹാരാഷ്ട്ര മറാഠികൾക്ക് എന്നതാണ് അവരുടെ മുദ്രാവാക്യം. മദ്രാസികൾ എന്ന് പുച്ഛത്തോടെ വിളിക്കുന്ന ദക്ഷിണേന്ത്യക്കാരോടാണ് വെറുപ്പ് കൂടുതലും. ബാല്‍ ഠാക്കറെ എന്ന ശിവസേനക്കാരുടെ കൺകണ്ട ദൈവം ഓരോ ദിവസവും മുസ്‌ലിംകൾക്കെതിരെ വിഷം ചീറ്റുകയാണ്. ദസറയോടനുബന്ധിച്ച് ശിവാജി പാർക്കിൽ ഒരുക്കിയ പരിപാടിയിൽ വിഷം ചീറ്റി പ്രസംഗിച്ച ബാൽ ഠാക്കറെയെ പിടിച്ചു കെട്ടാൻ കഴിയാതെ ഭരണകൂടവും പോലീസും ഇരുട്ടിൽ തപ്പുമ്പോഴാണ് മലബാരിയായ ഒരു എട്ടാം ക്ലാസുകാരൻ 'എവിടെ ഇന്റലിജൻസ്' എന്ന ശീർഷകത്തിൽ അഖ്ബാറെ ആലം എന്ന ഉർദു ആഴ്ചപ്പതിപ്പിൽ ഒരു ലേഖനമെഴുതുന്നത്. ജീവനിൽ കൊതിയുള്ള ആരും മുതിരാത്ത സാഹസത്തിലേക്ക് എടുത്തുചാടാൻ മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശി ശംസുദ്ദീൻ എന്ന പതിമൂന്നുകാരനെ പ്രാപ്തനാക്കിയത് തന്റെ സിരകളിലോടുന്ന ഏറനാടൻ ശൗര്യം തന്നെയായിരുന്നു.


1921-ലെ സാമ്രാജ്യത്വ വിരുദ്ധ കലാപത്തിന്റെ ബാക്കിപത്രമായ പോലീസിന്റെയും പട്ടാളത്തിന്റെയും നരനായാട്ട് സഹിക്കവയ്യാതെയാണ് മങ്കട ചേരിയത്തുനിന്ന് കൊട്ടാരപ്പറമ്പിൽ അഹമ്മദ് എന്ന ബാലനെയുമായി അമ്മാവൻ നാടുവിടുന്നത്. എത്തിപ്പെട്ടത് ബോംബെ മഹാ നഗരത്തിൽ. അമ്മാവന്റെ പരിലാളനയിൽ പിച്ചവെച്ച് വളർന്ന അഹമ്മദ് പള്ളിയിലും മറ്റുമായി ജോലി നോക്കി. അഹമ്മദിന്റെ മകൻ മുഹിയുദ്ദീന്റെ നാലാമത്തെ പുത്രനാണ് വിഖ്യാത ഉർദു പണ്ഡിതനും ചരിത്ര ഗവേഷണങ്ങൾക്കായി ജീവിതം സമർപ്പിച്ച പോരാളിയുമായ ഡോ. കെ.പി ശംസുദ്ദീൻ തിരൂർക്കാട് എന്ന അസാധാരണ പ്രതിഭ.

         അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പിറക്കണം എന്ന് ആവശ്യപ്പെട്ട് ഇങ്ക്വിലാബ് എന്ന ഉർദു ദിനപത്രത്തിൽ എഴുതിയതാണ് ശംസുദ്ദീന്റെ രണ്ടാമത്തെ ലേഖനം. അതും ശ്രദ്ധിക്കപ്പെട്ടു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. അന്ന് തുടങ്ങിയ ഉർദു ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശവും തീരാത്ത പ്രണയവും ഇന്നും തുടരുകയാണ് കേരളത്തിന്റെ ഈ ഉർദു അംബാസഡർ. 


ശ്രുതിയും ലയവും താളവും ഭാവവും ഒത്തുചേർന്ന ഒരു കലയാണ് ഉർദു. നാദത്തിന്റെ ഭാഷയാണത്. വികാരം, സന്തോഷം,ദുഃഖം,അനുരാഗം, അനുകമ്പ, ശാന്തി എന്നിവയൊക്കെ ഏറ്റവും ഉന്നതമായ തലത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു മാധ്യമം ഉർദുവോളം മറ്റൊന്നില്ല. അനശ്വര ശബ്ദത്തിനുടമയായ ലോകപ്രശസ്ത പിന്നണി ഗായകൻ മുഹമ്മദ് റഫി അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും പ്രശസ്തിയുടെ കൊടുമുടി കയറിയത് ഉർദു ഗാനങ്ങളിലൂടെയാണ്‌ എന്നതിന്റെ കാരണവും മറ്റൊന്നല്ല.  


കോളേജിൽ പഠിക്കുമ്പോൾ ഹിന്ദുസ്ഥാൻ ഡെയ്ലിയിൽ പാർട്ട് ടൈം പ്രൂഫ് റീഡറായി തുടങ്ങിയ ശംസുദ്ദീൻ എന്ന പത്രപ്രവർത്തകൻ റിപ്പോർട്ടറും സബ് എഡിറ്ററുമായി വളർന്നു. നടൻ മോഹൻലാൽ, അധോലോക നായകൻ ഹാജിമസ്താൻ, ലോകപ്രശസ്ത സംഗീതസംവിധായകനും ഉർദു കവിയുമായ നൗഷാദ്അലി, ഷാഹിദ് റഫി, മഹേന്ദ്ര കപൂർ, ഷബ്ബിർ കുമാർ,മുഹമ്മദ് അസീസ്, മുസ്‌ലിംലീഗ് നേതാക്കളായ ജി.എം ബനാത്ത് വാല, ഇബ്രാഹിം സുലൈമാൻ സേട്ട്, അബ്ദുസമദ് സമദാനി, യു.എ ബീരാൻ തുടങ്ങി എത്രയെത്ര പ്രമുഖരെയാണ് ഹിന്ദുസ്ഥാൻ ഡെയ്ലിക്ക് വേണ്ടി അഭിമുഖം നടത്തിയിട്ടുള്ളത്. 


ജനിച്ചതും പഠിച്ചതും മുംബൈയിലാണെങ്കിലും വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാവൂ എന്ന് പിതാവിന് നിർബന്ധമായിരുന്നു. മുഹമ്മദലി ജിന്നയെ ഹൃദയത്തിൽ കൊത്തിവെച്ച നല്ല ലീഗുകാരനായിരുന്നു പിതാവ്. 1946-ൽ ചന്ദ്രിക തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയപ്പോൾ മുഹമ്മദലി ജിന്ന ആശംസകൾ നേർന്നുകൊണ്ട് ഉർദുവിൽ എഴുതി അയച്ച കത്തും ഇദ്ദേഹത്തിന്റെ അടുത്തുണ്ട്. മലയാളത്തിന്റെ സ്കൂളും കോളേജും സർവ്വകലാശാലയും മാതാവാണെന്ന് പറയും ശംസുദ്ദീൻ. 1992ലെ മുംബൈ കലാപത്തിന്റെ ഭീകരമായ നേർക്കാഴ്ചകൾ ക്ഷണിക്കാത്ത അതിഥിയെ പോലെ ഒരു പേക്കിനാവായി ഇപ്പോഴും കടന്നുവരും. സമയം കിട്ടുമ്പോഴൊക്കെ കേരളത്തിൽ വരുമായിരുന്നു. കേരളത്തെയും മലയാളത്തെയും അതിരറ്റ് സ്നേഹിച്ച ശംസുദ്ദീൻ കേരളത്തിൽ ഉർദു ഭാഷ പഠനം സ്കൂളുകളിലും കോളേജുകളിലും സജീവമായി നടക്കുന്നുണ്ട് എന്നറിഞ്ഞതോടെ തന്റെ കർമ്മഭൂമി ഇതുതന്നെ എന്ന് തീരുമാനിക്കുകയായിരുന്നു.


പിന്നെ ഒരു പോരാട്ടമായിരുന്നു കേരളവും ഉർദുവും തമ്മിലുള്ള ബന്ധത്തിന്റെ കടലാഴങ്ങളിലേക്ക് ഊളിയിട്ട് മുത്തും പവിഴവും തേടിയുള്ള വിശ്രമമില്ലാത്ത പോരാട്ടം. കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ ഉർദുവിന്റെ ചരിത്രമന്വേഷിച്ച് അലഞ്ഞു. വിദ്യാഭ്യാസ പ്രവർത്തകർ, പ്രൊഫസർമാർ, എഴുത്തുകാർ, ചരിത്രകാരന്മാർ അങ്ങനെ പലരെയും കണ്ട് സംസാരിച്ചു. കേരളത്തിന്റെ അകത്തും പുറത്തുമുള്ള ലൈബ്രറികൾ സന്ദർശിച്ച് കിട്ടാവുന്ന അറിവുകൾ മുഴുവൻ ശേഖരിച്ചു. 1990കളുടെ തുടക്കത്തിലാണ് ഈ യജ്ഞത്തിന് നാന്ദി കുറിക്കുന്നത്. കേരളത്തിലെ ചാരംമൂടി കിടന്നിരുന്ന ഉർദു സാഹിത്യ സംഭാവനകളെ പുറത്തുകൊണ്ടുവരാനും ഉർദു സാഹിത്യകാരന്മാരെയും കൃതികളെയും കൈരളിക്ക് പരിചയപ്പെടുത്താനും ജീവിതം തന്നെ മാറ്റിവെച്ചു. പത്തുവർഷം മുമ്പെങ്കിലും കേരളത്തിൽ സ്ഥിരതാമസമാക്കേണ്ടിയിരുന്നു എന്ന് ബോധ്യപ്പെട്ട സന്ദർഭങ്ങൾ നിരവധി. അപ്പോഴേക്കും പല ചരിത്രങ്ങളും വീണ്ടെടുക്കാൻ കഴിയാത്ത വിധം വിസ്മൃതിയിലായിരുന്നു. 


ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എയും തിരുപ്പതി എസ്.വി യൂണിവേഴ്സിറ്റിയിൽ നിന്ന് എസ്.എം സർവർ എന്ന വിഷയത്തിൽ എംഫിലും കരസ്ഥമാക്കി. മൈസൂർ സർവ്വകലാശാലയിലായിരുന്നു പി.എച്ച്.ഡി. വിഷയം കേരളത്തിലെ ഉർദു ഭാഷ സാഹിത്യചരിത്രം. 1995 ജൂലൈ 27-നാണ് തിരൂർക്കാട് എ.എം ഹൈസ്കൂളിൽ ഉർദു അധ്യാപകനായി ചാർജെടുക്കുന്നത്. ഒരു ഭാഷാധ്യാപകനായി ഒതുങ്ങിക്കൂടാതെ ആരുമറിയാത്ത ചരിത്രങ്ങൾ തേടിപ്പിടിച്ച് മലയാളത്തിലും ഉർദുവിലും നിരന്തരമായി എഴുതാൻ തുടങ്ങി. കേരളത്തിലെ ഉർദു അധ്യാപക സംഘടനയുടെ മുഖപത്രമായ ഉർദു ബുള്ളറ്റിനിലൂടെ മലയാളത്തിലെ തന്റെ ആദ്യ ലേഖനം പ്രകാശിതമായി. പിന്നെ ചന്ദ്രികയിൽ സ്ഥിരമായി എഴുതാൻ തുടങ്ങി. അതോടൊപ്പം ദേശീയതലത്തിൽ ഉർദുവിന്റെ പ്രചാരകനായി പ്രവർത്തിക്കുകയും പ്രമുഖ ഉർദു പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തന്റെ അന്വേഷണാത്മക രചനകൾ അഭംഗുരം തുടർന്നുകൊണ്ടിരിക്കുകയും ചെയ്തു. 


മലയാളവും ഉർദുവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അസാധാരണ പ്രതിഭയാണ് ഡോ. ശംസുദ്ദീൻ തിരൂർക്കാട്. വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയായ ശംസുദ്ദീൻ ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രൗഢമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു വരുന്നു. ചരിത്രാന്വേഷകർക്കും ഗവേഷകർക്കും വലിയ ആശ്രയമാണ് അപൂർവ്വ ഗ്രന്ഥങ്ങൾ അടങ്ങിയ ശംസുദ്ദീന്റെ ലൈബ്രറി. ഉർദു ഭാഷയിലുള്ള അഗാധ ജ്ഞാനവും അന്വേഷണാത്മകമായ ഗവേഷണ ചാതുരിയും ഈ അധ്യാപകനെ വ്യത്യസ്തനാകുന്നു. ഇന്ത്യയിലെ മിക്ക ഉർദു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും ഫീച്ചറുകളും എഴുതിവരുന്നു. കേരളത്തിലെ ഉർദുവിനെ കുറിച്ച് ഉർദു ഭാഷയിൽ ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയതും യു.ജി.സി കെയർ ലിസ്റ്റിലുള്ള മാഗസിനുകളിൽ ഏറ്റവും കൂടുതൽ ലേഖനങ്ങളെഴുതിയ മലയാളിയും ശംസുദ്ദീനായിരിക്കും. വർഷങ്ങൾക്കു മുമ്പ്

കെ.എം സീതി സാഹിബിന്റെ അപൂർവ ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്.


കേരളത്തിലെ ഉർദു സാഹിത്യചരിത്രം എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം.എ. ഉർദു സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉർദു ഡിപ്പാർട്ട്മെന്റ് ആരംഭിച്ചത് ശംസുദ്ദീന്റെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ്. സെനറ്റംഗമായ ഉസ്മാൻ താമരത്തിന്റെ നിർലോഭമായ പിന്തുണയും അതിനുണ്ടായിരുന്നു. ഡോ.ശംസുദ്ദീൻ തിരൂർക്കാടിന്റെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് ജെ.ഡി.ടി ഇസ്‌ലാം യതീംഖാനയുമായി ബന്ധപ്പെട്ട ഒരു തെറ്റിദ്ധാരണ തിരുത്തി എന്നതാണ്. ജെ.ഡി.ടി ഇസ്‌ലാം യതീംഖാന കോഴിക്കോട് സ്ഥാപിതമായതിനെ സംബന്ധിച്ച് മലയാളത്തിൽ എഴുതപ്പെട്ട മിക്ക ലേഖനങ്ങളിലും സ്വാതന്ത്രസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ചുള്ള പരാമർശങ്ങൾ കാണാം. എന്നാൽ ജെ.ഡി.ടി.ഐ സംഘം മലബാറിൽ എത്താനുള്ള കാരണം ഉർദു പത്രങ്ങളായിരുന്നു. പഞ്ചാബ് മുസ്‌ലിംലീഗിന്റെ പ്രഗൽഭ നേതാവ് സഫറലി ഖാന്റെ സമീന്ദാർ അടക്കം പ്രമുഖ ഉർദു പത്രങ്ങൾ മലബാറിലെ ദുരിതാവസ്ഥയെ കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിന്നു. 83 ലേഖനങ്ങളാണ് സമീന്ദാറിൽ പ്രസിദ്ധീകരിച്ചത്. ഇതാണ് മുസ്‌ലിംലീഗ് പാർലമെന്റി ബോർഡ് അംഗം കൂടിയായ മൗലാന അബ്ദുൽ ഖാദർ കസൂരി തൻ്റെ മക്കളെ മലബാറിലേക്ക് അയക്കാനുള്ള പ്രധാന കാരണമായി തീർന്നത്. എന്നാൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങൾക്ക് മലബാറിലെ സ്ഥിതിവിവരം സംബന്ധിച്ച് കത്തയക്കുകയും അതിനെ തുടർന്നാണ് ജെ.ഡി.ടി ഇസ്‌ലാം സംഘം കോഴിക്കോട് എത്തിയതെന്നുമാണ് പലരും എഴുതിയിട്ടുള്ളത്. ഈ കഥകളെ വസ്തുതകൾ നിരത്തി ഖണ്ഡിക്കുകയാണ് ഡോ.ശംസുദ്ദീൻ. അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് ഗവേഷണം നടത്തിയവർക്ക് പോലും ഇങ്ങനെ ഒരു കത്തോ ലേഖനമോ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് ശംസുദ്ദീൻ പറയുന്നു. അഥവാ അങ്ങനെ ഒന്നുണ്ടെങ്കിൽ തന്നെ അത് 1921 സെപ്റ്റംബറിൽ ആവാനാണ് സാധ്യത. കാരണം ഒൿടോബർ 21നാണ് അബ്ദുറഹ്മാൻ സാഹിബിനെ പട്ടാള കോടതി അറസ്റ്റ് ചെയ്തത്. അങ്ങനെ വരുമ്പോൾ ആ സമയം മലബാർ പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ഏറനാട്, വള്ളുവനാട് താലൂക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണത്തിൻ കീഴിലായിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് അങ്ങനെയൊരു കത്തെഴുതാൻ ഒരു നിലക്കും സാധ്യത കാണുന്നില്ല. രണ്ടു വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ് 1923 ആഗസ്റ്റ് ഒമ്പതിന് അബ്ദുറഹ്മാൻ സാഹിബ് ജയിൽ മോചിതനാകുന്നതിന്റെ ഒരുവർഷം മുമ്പ് ജെ.ഡി.ടി.ഐ സ്ഥാപിതമായി കഴിഞ്ഞിരുന്നു. ദേശീയ പ്രസ്ഥാനത്തിൽ ശക്തമായ സാന്നിധ്യമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കേരളത്തിന്റെ വീരപുത്രനാണ്. പക്ഷെ 1922 മേയിൽ കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം സ്ഥാപിതമായതിന് അബ്ദുറഹ്മാൻ സാഹിബ് പ്രേരണയായി എന്ന വ്യാഖ്യാനത്തിൽ വൈരുദ്ധ്യമുണ്ട്.


ശംസുദ്ദീന്റെ കൂടെയുള്ള യാത്രകളെ കുറിച്ച് പറയാതെ ഈ കുറിപ്പ് പൂർത്തിയാക്കാനാവില്ല. ഒരിക്കൽ ഹൈദരാബാദിൽ പോയപ്പോൾ എ.ഐ.എം.ഐ.എമ്മിന്റെ മുഖപത്രമായ ഇഅ്ത്തിമാദിന്റെ ഓഫീസ് സന്ദർശിക്കാൻ ഇടയായി. അവിടെ പത്രാധിപരും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിക്കാൻ നിൽക്കുന്ന രംഗം കണ്ട് അത്ഭുതപ്പെട്ടുപോയി. അസദുദ്ദീൻ ഉവൈസി അദ്ദേഹത്തിന്റെ വീട്ടിൽ ഒരു വിരുന്നും ഏർപ്പാട് ചെയ്തിരുന്നു. ഇതൊന്നും യാത്രാമധ്യേ ഞങ്ങളോട് പങ്കുവെച്ചിട്ടില്ലായിരുന്നു. അപ്പോഴാണ് ഈ മനുഷ്യന്റെ വലിപ്പം ഞങ്ങൾ മനസ്സിലാക്കുന്നത്. ഈയടുത്ത് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രകാരൻ ബി.ശൈഖ് അലിയെ കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ പോയതും ഹൃദ്യമായ ഓർമ്മയാണ്. 


പുരസ്കാരത്തിന്റെ തോഴനാണ് ശംസുദ്ദീൻ. ഞാൻ പ്രസിഡണ്ടും ഉസ്മാൻ താമരത്ത് ജന:സെക്രട്ടറിയുമായ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത്ലീഗിന്റെ കെ.എം സീതി സാഹിബ് അവാർഡ്, ദുബായ് കെ.എം.സി.സിയുടെ പ്രഥമ അല്ലാമ ഇഖ്ബാൽ അവാർഡ്, യാമ്പു കെ.എം.സി.സിയുടെ എസ്.എം സർവർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അംഗീകാരങ്ങളും പുരസ്കാരങ്ങളും വാരിക്കൂട്ടിക്കൊണ്ടിരിക്കുന്നു.മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന തർയാഖ് ഉർദു മാസികയുടെ 2022 ജൂൺ ലക്കം വാർഷിക പതിപ്പ് ശംസുദ്ദീൻ തിരൂർക്കാടിന്റെ രചനകളെയും സാഹിത്യ ഉദ്യമത്തേയും വിശകലനം ചെയ്യുന്ന സ്പെഷ്യൽ പതിപ്പാക്കി പുറത്തിറക്കിയത് വലിയ അംഗീകാരമാണ്.

ഡോ.കെ.പി ശംസുദ്ദീൻ തിരൂർക്കാട് രചിച്ച "കേരളത്തിലെ ഉർദു ഭാഷ സാഹിത്യ ചരിത്രം" എന്ന പുസ്തകത്തിന് ഉത്തർപ്രദേശ് ഉർദു അക്കാദമിയുടെ 25,000 രൂപ അവാർഡും പ്രശസ്തി പത്രവും ലഭിച്ചത് അദ്ദേഹത്തിന് മാത്രമല്ല മലയാള ഭാഷക്കും കേരളത്തിനും കൂടിയുള്ള അംഗീകാരവും അഭിമാനവുമായി മാറിയിരിക്കുകയാണ്.

ഇന്ത്യൻ സംസ്കാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഉർദു ഭാഷയോടുള്ള മാഷിന്റെ അനുരാഗത്തിലൂടെ ഒരു യഥാർത്ഥ രാജ്യസ്നേഹിയെ അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിയും. കേരളത്തിലെ ഉർദുവിന്റെ പിതാവായ എസ്.എം സർവർക്ക് ശേഷം കേരളത്തിൽ ഉർദു പരിപോഷണത്തിനുവേണ്ടി ഇത്രയേറെ ത്യാഗം സഹിക്കുന്ന മറ്റൊരാളെ നമുക്ക് കാണാൻ കഴിയില്ല.



1 comment: