ഉസ്മാൻ താമരത്ത്
വിശ്വമഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ മലയാളികൾ ഏറെ വായിച്ചിട്ടുണ്ട്. കവിയുടെ കാവ്യലോകം തുറന്നു വെച്ച ദാർശനികവും തത്വജ്ഞാനപരവുമായ ജ്ഞാന വിശകലനമാണ് മിക്ക മലയാള ഇഖ്ബാൽ പഠനങ്ങളിലും വിവർത്തനങ്ങളിലുമെല്ലാം കാണാനാവുന്നത്. കേരളീയ സാഹിത്യ സഹൃദയ ലോകത്ത് ഇഖ്ബാലറിവുകൾക്കിടയിൽ വന്നിട്ടുള്ള വിടവുകൾ നികത്താവുന്ന പ്രൗഢമായ ഒരു പഠനമാണ് വചനം ബുക്സ് പ്രസിദ്ധീകരിച്ച് ഈയടുത്ത ദിവസം പ്രകാശനം നിർവഹിക്കപ്പെട്ട ഇഖ്ബാൽ ചിന്തകൾ : മാനം മനനം എന്ന ഗ്രന്ഥം. വാണിയമ്പാടി ഇസ്ലാമിയാ കോളേജിലെ ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ച അരനൂറ്റാണ്ടു കാലത്തെ അധ്യാപന പരിചയമുള്ള എഴുത്തുകാരനും നിരൂപകനുമായ തലശ്ശേരിയിലെ പ്രൊഫ.എ.പി. സുബൈറാണ് ഇഖ്‌ബാലിന്റെ ചിന്താ സമൃദ്ധമായ ഈ പുസ്തകത്തിന്റെ രചയിതാവ്.
ആദ്യകാലത്ത് വക്കം മൗലവിയുടെ മകൻ വക്കം അബ്ദുൽ ഖാദറും പിന്നീട് ഇ.അഹമദ് സാഹിബുമാണ് ഇഖ്ബാൽ സാഹിത്യത്തെ പരിചയപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. ആധുനിക കാലത്ത് പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും കവിയുടെ ചിന്തകൾ മലയാളികൾക്ക് കൈമാറിയതിൽ എം.പി.അബ്ദുസ്സമദാനി എം.പി വലിയ പങ്ക് വഹിച്ചു. ദുർഗ്രാഹ്യമായിരുന്ന ഇഖ്ബാലിന്റെ കാവ്യപ്രപഞ്ചത്തെ അദ്ദേഹം നന്നായി ജനകീയവത്ക്കരിച്ചു.
മതം രാഷ്ട്രീയം ധർമ്മബോധം തത്വചിന്ത തുടങ്ങി സർവത്ര മേഖലകളിലും തന്റെ അസാധാരണമായ സർഗ വൈഭവം കൊണ്ട് കയ്യൊപ്പു ചാർത്തിയ വിശ്വകവിയുടെ പ്രശസ്തിയോടൊപ്പം തന്നെ പല സന്ദർഭങ്ങളിലും വിവാദങ്ങളും ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. സമഗ്ര തലത്തിൽ തന്നെ ഇതിനെയെല്ലാം വസ്തുനിഷ്ഠമായി ഈ പുസ്തകം വിലയിരുത്തുന്നു. പ്രത്യേകിച്ച് വ്യത്യസ്തനായൊരു ഇഖ്ബാൽ എന്ന അധ്യായം ഇൻസാൻ ഇ കാമിൽ (പരിപൂർണ്ണനായ മനുഷ്യൻ) എന്ന നിലയിലേക്കുള്ള കവിയുടെ പരിണാമത്തെ നിരീക്ഷിക്കുന്ന ഇഖ്ബാലിയ്യാത്താണ്. പുസ്തകത്തിന്റെ പ്രസക്ത ഭാഗമായിത്തന്നെ കവിയെ സോദാഹരണം പരിചയപ്പെടുത്തുന്ന ഈ അധ്യായത്തെ കാണാവുന്നതാണ്.
നീതി നിഷ്പക്ഷത കറ കളഞ മതേതര നിലപാട് പുരോഗമനാശയങ്ങളോടുള്ള അഭിനിവേശം മഹാമനസ്കതയും ദയാലുത്വവും സൂഫിസം തുടങ്ങി കവിയുടെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ ഇതിലൂടെ ചെയ്തിരിക്കുന്നത്.
ഇഖ്ബാലിന്റെ സമഗ്രവും വസ്തുനിഷ്ഠവുമായിട്ടുള്ള ജീവിതരേഖയോടെയാണ് ഒന്നാമധ്യായം ആരംഭിക്കുന്നത്. മലയാളത്തിലിറങ്ങിയ ഇഖ്ബാൽ രചനകളിൽ നിന്ന് ഈ പുസ്തകം വ്യത്യസ്തമാകുന്നത് ഇവിടെയാണ്.കുടുംബം പഠനം ജോലി വൈവാഹിക ജീവിതം എന്നിവയെക്കുറിച്ചല്ലാം വളരെ സൂക്ഷ്മതലത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് .കൂടാതെ കവിയുടെ സാഹിത്യ സപര്യയുടെ കാലഗണനപ്രകാരമുള്ള വികാസം ഈ അധ്യായത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും .വിഖ്യാതമായ രചനകൾ പ്രഭാഷണങ്ങൾ എന്നിവക്കൊപ്പം പുസ്തകം തുടർന്ന് ചർച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ തത്വചിന്താപരമായ കാഴ്ചപ്പാടുകളെ സംബന്ധിച്ചുള്ള ഒരാമുഖം എന്ന് വേണമെങ്കിൽ ഈ അധ്യായത്തെ വിശേഷിപ്പിക്കാവുന്നതാണ്.1930 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇംഗ്ലീഷിലുള്ള മത ചിന്തകളുടെ പുനർനിർമ്മാണം ഇസ്ലാമിൽ എന്ന കൃതിയെ ആഴത്തിൽ തന്നെ പഠന വിധേയമാക്കുന്നുണ്ട്.നിരവധി ആധുനിക ഇസ്ലാമിക ചിന്തകരെ സ്വാധീനിച്ച കൃതിയാണിത്.
ഇഖ്‌ബാലിന്റെ തത്വജ്ഞാനസംബന്ധിയായ നിരീക്ഷണങ്ങൾ അധികവും വിദ്യാഭ്യാസത്തെ കുറിച്ചായിരുന്നു. അതിനാലാവണം സാമാന്യം കൂടുതൽ ഗഹനമായിത്തന്നെ ഇഖ്ബാൽ കവിതകൾ പലതും ഉദ്ധരിച്ച് വായനക്കാരെ വിരുന്നൂട്ടാൻ വലിയൊരധ്യായം മാറ്റി വെച്ചിരിക്കുന്നു. ഇഖ്ബാൽ ദർശനങ്ങളുടെ മൂലപദമായ "ഖുദി " ഉത്പാദിപ്പിക്കുന്ന അർത്ഥതലങ്ങളെ ബാൽ ഇ ജിബ്രീൽ ,അസ്റാർ ഇ ഖുദി , പയാം ഇ മശ്രീഖ് എന്നീ കവിതകളിലെ വരികളിലൂടെ അവതരിപ്പിക്കുകയാണ്. സ്വത്വം എന്ന സങ്കീർണമായ മാനവ ഉണ്മയെ ഇഖ്ബാൽ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നത് ഗഹനമായ തലത്തിലാണ്. ഗ്രന്ഥകാരന്റെ ഉർദു ഭാഷയിലുള്ള ധാരണയും ഇഖ്ബാൽ വായനയും വായനക്കാരന് ആശയം ഗ്രഹിക്കാൻ സഹായകമായിരിക്കുന്നു. മലയാളത്തിലിറങ്ങിയ പല ഇഖ്ബാൽ രചനകളുമുണ്ടാക്കുന്ന ദഹനക്കേട് ഈ കൃതിയിൽ നിന്ന് ഉണ്ടാകാനിടയില്ല. വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യം അവനവന്റെ സ്വത്വത്തെ ശക്തിപ്പെടുത്തുക എന്നാണെന്ന് കവി ബോധിപ്പിക്കുകയാണ്. എല്ലാ കവിതകളിലും ഖുർആൻ വിഭാവനം ചെയ്യുന്ന ആന്തരാശയങ്ങളും പ്രവാചക സ്നേഹവും കവിയുടെ വിശ്വ മാഹാത്‌മ്യത്തെ പ്രോജ്ജ്വലമാക്കുന്നു.
ഭാരതീയത എന്ന ആശയത്തിൽ നിന്ന് ഇഖ്ബാലിനെ മുറിച്ചു മാറ്റാൻ ബോധപൂർവ്വമായ പ്രചരണങ്ങൾ നടത്തി തെറ്റിദ്ധാരണകൾ പരത്താൻ പലരും ശ്രമിച്ചതായി കാണാം .എന്നാൽ തരാനെ ഹിന്ദ്, ബാങ്കെ ദറ എന്നീ കാവ്യങ്ങളുടെ ആശയങ്ങളിലൂടെ എത്രമാത്രം ഭാരതീയ നായിരുന്നു ഇക്ബാലെന്ന് വായനക്കാർക്ക് ബോധ്യമാകും. ഭാരതമാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളെക്കാൾ മേന്മ നിറഞ്ഞ രാജ്യം എന്ന ആശയമാണ് തരാനെ ഹിന്ദ് പ്രകാശിപ്പിച്ചത് .ബാങ്കേദറ യിലും രാമന്റെ ജന്മം കൊണ്ട് അഭിമാനപൂരിതമായ ഭാരതത്തെ കുറിച്ചുള്ള വരികൾ ആണ് കാണാൻ കഴിയുന്നത്. ഭാരതത്തിന്റെ അവിഭാജ്യ ഭാഗമായ മുസ്ലീങ്ങൾ നേരിടുന്ന സ്വത്വ പ്രശ്നങ്ങൾക്ക് താത്വികമായ പരിഹാര നിർദേശം സമർപ്പിച്ച അദ്ദേഹത്തിന്റെ ആശയങ്ങളെ വലിയ തോതിലാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ പലരും തെറ്റിദ്ധരിച്ചത് .യൂറോപ്യൻ ജനാധിപത്യ വ്യവസ്ഥ ഭാരതത്തിന് അനുയോജ്യമല്ല ,സാമുദായികമായിട്ടാണ് ഭാരതത്തിൽ ജനങ്ങൾ വ്യത്യസ്തരായിരിക്കുന്നത് ,ഹിന്ദുസമൂഹം തന്നെ ഒരു ഏകീകൃത സംസ്കാര സമൂഹമല്ല തുടങ്ങിയ ആശയങ്ങൾ ഇഖ്ബാലിനെ ഭാരതീയ വിരുദ്ധനാക്കാൻ പലരും ഉപയോഗിച്ചിട്ടുണ്ടായിരുന്നു .എന്നാൽ കൃതികളുടെ സൂക്ഷ്മമായിട്ടുള്ള വായനയിൽ എന്തുമാത്രം രാജ്യസ്നേഹിയായിരുന്നു കവി എന്ന് വായനക്കാർക്ക് ഗ്രാഹ്യമാകും. ഇത് വളരെ ലളിതമായി അവതരിപ്പിക്കാനാണ് ഗ്രന്ഥകാരൻ ഈ കൃതിയിലൂടെ ശ്രമിച്ചിട്ടുള്ളത്.
അതുല്യ പ്രതിഭയായ ഇഖ്ബാലിന്റെ രാഷ്ട്രീയ നിലപാട് അധികമേറെ മലയാളത്തിൽ ചർച്ച ചെയ്തിട്ടില്ല. പൊതുധാരയിൽ നിന്ന് വ്യത്യസ്തമായതും ദാർശനികമായ ആഴത്തിലുള്ളതുമായ കവിയുടെ രാഷ്ട്രീയ ഇടപെടലുകൾ വലിയ തോതിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. 1927 ൽ പഞ്ചാബ് ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായത് തൊട്ട് 1930 ലെ മുസ്ലിം ലീഗ് സമ്മേളനം രണ്ടും മൂന്നും വട്ടമേശ സമ്മേളനം എന്നിവയിൽ പങ്കെടുത്തതും ഖിലാഫത്ത് പ്രസ്ഥാനം അടക്കമുള്ള പ്രധാന സമരമുന്നേറ്റങ്ങളിൽ സ്വീകരിച്ച നിലപാടുകളെല്ലാം പുസ്തകം പരിശോധിക്കുന്നുണ്ട്. കവിയുടെ തത്വചിന്തകൾ ഉൾക്കൊള്ളാൻ പലർക്കും കഴിയാത്ത സാഹചര്യമായിരുന്നു അദ്ദേഹത്തെ പല രീതിയിൽ തെറ്റായി അവതരിപ്പിക്കപ്പെടാൻ ഇടയാക്കിയതെന്നാണ് രചയിതാവ് അഭിപ്രായപ്പെടുന്നത്. കവിയുടെ രാഷ്ട്രീയം തുടർ പഠനം ആവശ്യപ്പെടുന്ന വിഷയമാണെന്ന് വായനക്കാർക്ക് ഉൾക്കൊള്ളാനാകും.
1930 ഡിസംബർ 29 തിങ്കളാഴ്ച അലഹബാദിൽ നടന്ന അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ വാർഷിക സമ്മേളനത്തിൽ മഹാകവി ഇഖ്ബാൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗമാണ് അദ്ദേഹത്തെ വിഭജന വാദിയായി അവതരിപ്പിക്കാൻ കാരണമായത്. ഈ പ്രസംഗത്തിന്റെ പദാനുപദ മലയാള വിവർത്തനം ആദ്യമായി നിർവഹിക്കപ്പെട്ട ഗ്രന്ഥമാണിത്. പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രാധാന്യവും സവിശേഷതയുമായി അലഹബാദ് പ്രഭാഷണത്തെ കാണാവുന്നതാണ്. ഇംഗ്ലീഷിലും ഉർദുവിലുമായി ലഭ്യമായ പ്രഭാഷണത്തിന്റെ പരിഭാഷക്ക് പുറമെ അതിന്റെ ആന്തരാർത്ഥവും ദാർശനിക ഗരിമയും വായനക്കാർക്ക് മനസ്സിലാക്കാനായി പ്രഭാഷണത്തോടൊപ്പംചേർത്തു വെച്ച ആഖ്യാനവും മലയാളത്തിലെ മികച്ച ജ്ഞാന സദ്യയാണ്.
കവിയുടെ രാഷ്ട്രീയ ചിന്തകളെ സ്വാധീനിച്ചത് ജനിച്ചു വളർന്ന പഞ്ചാബ് പ്രവിശ്യയിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മത സാഹചര്യങ്ങളുടെ പരിണിതി ആയിരുന്നു. സ്വസമുദായത്തെ കുറിച്ചുള്ള സ്വത്വബോധവും തിടം വെച്ചു വന്നിരുന്ന വർഗീയതയും അനുബന്ധ സാമൂഹ്യ സംഘർഷങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടിനെ സ്വാധീനിച്ചു. ബ്രിട്ടീഷിന്ത്യയിലെ ഹിന്ദു മുസ്‌ലിം പ്രശ്നങ്ങൾക്കുള്ള സ്ഥായിയായ പരിഹാര നിർദ്ദേശങ്ങളായിരുന്നു യഥാർത്ഥത്തിൽ അലഹബാദ് പ്രഭാഷണത്തിന്റെ കാതൽ. മുസ്ലിം ലീഗുകാരനായിട്ടല്ല ഇഖ്ബാൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയത്. മാറി മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ സ്വീകരിച്ച കവിയുടെ ഗാന്ധിജി മുഹമ്മദലി ജിന്ന എന്നിവരുമായുണ്ടായ വിയോജിപ്പുകൾ പരിശോധിക്കപ്പെടുന്നുണ്ട്. ഇഖ്ബാലിന്റെ ഭാവനയിൽ ഉണ്ടായിരുന്നത് കേവലം മതാധിഷ്ഠിതമായി സൃഷ്ടിക്കപ്പെടുന്ന ഒരു സംസ്ഥാനമായിരുന്നില്ല .ഭാഷയും വംശീയതയും ചരിത്രവും സാമ്പത്തിക താല്പര്യങ്ങളിലെ ഏകതയും ഇത്തരം ഒരു സംസ്ഥാന രൂപീകരണത്തിന് പരിഗണിച്ച സംഗതികളായിരുന്നു. ഇത്തരമൊരു ആശയം പ്രകടിപ്പിച്ചപ്പോൾ പാക്കിസ്ഥാൻ എന്നൊരു സംജ്ഞ ഉദയം ചെയ്തിട്ട് പോലുമില്ലായിരുന്നു . ഇഖ്ബാലിന്റേത് ഒരു അപകടകരമായ ആവശ്യമാണെന്ന് ഇന്ത്യയിലെ അന്നത്തെ രാഷ്ട്രീയ ചിന്തകരാരും കരുതിയിരുന്നില്ല .പ്രമുഖനായ ചരിത്രകാരൻ താരാചന്ദ് വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു. ഇക്ബാൽ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളാവുന്ന വിഭജനത്തിനല്ല പദ്ധതി നൽകിയത്. അത് ഭൂപ്രദേശങ്ങളുടെ ഒരു പുനർവിതരണമായിരുന്നു. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ അവരുടെ അഭിവാഞ്ചകൾക്കനുസൃതമായ പുനസംവിധാനം. പഞ്ചാബ് വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ സിന്ധ് ബലൂചിസ്ഥാൻ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സ്വയംഭരണ പ്രദേശമായി അംഗീകരിച്ചാൽ ഇന്ത്യയുടെ പ്രശ്നപരിഹാരത്തിനുള്ള പദ്ധതി ആയിട്ടാണ് ഇക്ബാൽ ഇത് നിർദ്ദേശിച്ചത്. അതിൽ രണ്ടു രാഷ്ട്ര ഉദ്ദ്യേശമോ ഹിന്ദു മുസ്ലിം സാംസ്കാരിക പൊരുത്തക്കേടുകളോ ഉണ്ടായിരുന്നില്ല. ഡോ : രാജേന്ദ്രപ്രസാദും ഇഖ്ബാൽ തന്റെ അസ്പഷ്ടമായ പദ്ധതിയിൽ ഇന്ത്യക്ക് പുറത്തുള്ള ഒരു തനി രാഷ്ട്രം സ്വപ്നം കണ്ടിരുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇഖ്ബാൽ പാക്കിസ്ഥാൻ ആശയത്തിനായിരുന്നു രൂപം കൊടുത്തത് എന്നത് ദുരധിഷ്ഠിതമായ ഒരു കുറ്റാരോപണമായിരുന്നു . ജവഹർലാൽ നെഹ്റു പോലും ഇഖ്ബാലിനെ പാക്കിസ്ഥാന്റെ ആദ്യകാല ഉപജ്ഞാതാവാക്കി എന്നത് അസംബന്ധമായിരുന്നു.ഇങ്ങനെയുള്ള ഗ്രന്ഥകാരന്റെ വിശകലനം അലഹബാദ് പ്രഭാഷണത്തിന്റെ ഉദ്ദ്യേശ ശുദ്ധിയെ വായനക്കാർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ സഹായകരമായിട്ടുണ്ട്.
ഇഖ്ബാലിന്റേത് ഒരിക്കലും ദ്വിരാഷ്ട്രവാദമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ മാതൃരാജ്യത്തിനുള്ളിൽ മുസ്ലിം ഭൂരിപക്ഷമുള്ള പ്രാവിശ്യകളുടെ രൂപീകരണം ആയിരുന്നു. മുസ്ലിം താല്പര്യത്തിന് ഉപരിയുള്ള വിഭജന ആശയം ഒരിക്കലും ഇക്ബാൽ കൊണ്ടു നടന്നിരുന്നില്ല.
ഇക്ബാലിനെ കുറിച്ച് പഠിക്കുന്തോറും പെരുകി വരുന്ന വൈരുദ്ധ്യവും വിപരീതങ്ങളുടെ സമന്വയവും ആണ് നമുക്ക് കാണാൻ കഴിയുന്നത്.കവിതകളിലും പ്രഭാഷണങ്ങളിലും ദാർശനിക വ്യവഹാരങ്ങളിലൊക്കെയും കവിയുടെ ചിന്താധാരകളുടെ മാറ്റം അനുഭവിക്കാനാകും. ഏതാനും ചില കൃതികളിലൂടെയുള്ള ഹൃസ്വമായ അവലോകനം ഈ പുസ്തകത്തിലുണ്ട് . വിശ്വദാർശനിക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ഇസ്ലാമിക ജ്ഞാനാനുഭവത്തെ കുറിച്ച് പുതിയ ചിന്തകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന മഹത്തായ കൃതിയാണ് റീ കൺസ്ട്രക്ഷൻ ഓഫ് റിലീജിയസ് തോട്ട്സ് ഇൻ ഇസ്ലാം( ഇസ്ലാമിലെ മത ചിന്തകളുടെ പുനർനിർമ്മാണം )മദ്രാസിലും ഹൈദരാബാദിലും അലിഗഡിലും നടത്തിയ ആറ് പ്രഭാഷണങ്ങൾ ആയിരുന്നു ആദ്യ പതിപ്പിന്റെ ഉള്ളടക്കം .പിന്നീട് 1934ൽ പ്രസിദ്ധീകരിച്ച ഓക്സ്ഫോർഡ് എഡിഷനിൽ 1932 ൽ ഇക്ബാൽ ലണ്ടനിലെ അരിസ്റ്റോട്ടിലിയൻ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണവും കൂടി ഉൾപ്പെടുത്തിയിരുന്നു.മദ്രാസ് മുസ്ലീം അസോസിയേഷൻ ആയിരുന്നു ആദ്യ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചത് . ഈ പ്രഭാഷണ കൃതിയിൽ ഏഴു വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . വിജ്ഞാനവും മതാനുഭവജ്ഞാനവും, മതാനുഭവ വിജ്ഞാന വെളിപാടുകളുടെ ദാർശനിക പരിശോധന, ദൈവ ആശയ സംഗ്രഹണവും പ്രാർത്ഥനയുടെ പൊരുളും , മനുഷ്യ അഹം ബോധം അവൻറെ സ്വാതന്ത്ര്യവും അനശ്വരതയും, മുസ്ലിം സംസ്കാരത്തിന്റെ ചൈതന്യം , പ്രസ്ഥാനത്തിൻറെ അടിസ്ഥാനതത്വം ഇസ്ലാമിക ഘടന വ്യവസ്ഥയിൽ ,മതം പ്രയോഗ ക്ഷമമാണോ എന്നിവയാണ് പ്രഭാഷണ വിഷയങ്ങൾ . സാമന്യം വിശദമായിത്തന്നെ ഇഖ്ബാലിൻറെ അഗാധതലത്തിലുള്ള ഈ പ്രഭാഷണങ്ങളെ പരിശോധിക്കുന്ന ഒരു കൃതിയാണ് ഇത്. തീർച്ചയായും ശ്രദ്ധാപൂർവ്വമുള്ള വായന ഈ പുസ്തകം ആവശ്യപ്പെടുന്നു.സമകാലിക സമസ്യകൾക്കുള്ള പരിഹാരം എന്ന നിലയിൽ കൂടി ഇഖ്ബാൽ ദർശനങ്ങളെ വിലയിരുത്താൻ കഴിയുന്നതിലൂടെ ഈ പുസ്തകം മൗലികമായ ഒരു കർത്തവ്യം കൂടി നിർവഹിക്കുകയാണ്.
ചരിത്രാന്വേഷകനും എഴുത്തുകാരനുമായ പരേതനായ ഇ. സാദിഖലിയെ പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നന്ദി വാചകങ്ങൾ അവസാനമായി ചേർത്തിട്ടുള്ളത് . രചനക്കാവശ്യമായ നിരന്തരമായ സമ്മർദ്ദവും സഹായവും സാദിഖലിയാണ് നല്കിയത്. ഈ പുസ്തകം രചിക്കാൻ പ്രചോദനമായി കൂടെ നിന്നിട്ടുള്ളത് അറിയപ്പെടുന്ന ഉർദു പണ്ഡിതൻ ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാടാണ്. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനവും പിന്തുണയും പ്രൊഫ.എ.പി. സുബൈർ പ്രത്യേകം എടുത്തു പറയുന്നു. ശംസുദ്ദീന്റെ നിർബന്ധമായിരുന്നു അലഹബാദ് പ്രഭാഷണത്തിന്റെ മലയാള വിവർത്തനം പുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നത് . അതുപോലെ ഈ പുസ്തകത്തിൻറെ ആമുഖം എഴുതിയിരിക്കുന്നത് കർണൂൽ ഉർദു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായിരുന്ന ഡോ: മുസഫർ ഷഹ് മീരി എന്ന ഉറുദു സാഹിത്യ രംഗത്തെ അതികായനാണ് .അദ്ദേഹത്തിന്റെ പ്രൗഢമായ അവതാരിക ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു .എല്ലാ അർത്ഥത്തിലും മലയാളികളായിട്ടുള്ള വായനക്കാർക്ക് ഇഖ്ബാലിന്റെ ചിന്താ വൈവിധ്യം കൊണ്ടുള്ള ഒരു സൽക്കാരമായി ഇഖ്ബാൽ ചിന്തകൾ മാനം മനനം എന്ന പുസ്തകം മാറിയിരിക്കുകയാണ്.
ചന്ദ്രിക

No comments:
Post a Comment