ഉർദു ഭാഷയെക്കുറിച്ച് ബുധനാഴ്‌ച സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ അടിവരയിടേണ്ടതാണ്. “ഭാഷകൾക്ക് മതമില്ല. ഹിന്ദിക്കും ഉർദുവിനും . ഭരണഘടനാപരമായി തുല്യപരിഗണനയാണ്. ഒരു സംസ്‌കാരമാണ് ഭാഷ. ഒരു ജനതയുടെ നാഗരിക മുന്നേറ്റത്തെ അളക്കുന്നതിനുള്ള അളവുകോലുമാണ്. ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളുകയും ഹിന്ദി ഹിന്ദുവിൻ്റേതും ഉർദു മുസ്‌ലിമിന്റേതുമെന്ന വേർതിരിവ് ഉപേക്ഷിക്കുകയും വേണം” ജസ്റ്റിസുമാരായ സുധാൻഷൂ ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പാടൂർ മുനിസിപൽ കൗൺസിൽ കെട്ടിടത്തിന്റെ സൈൻ ബോർഡിൽ ഉർദു ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത്‌ത് സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഉർദു ഇന്ത്യക്ക് അന്യമല്ലെന്നും ഇന്ത്യയിലാണ് അത് ജനിച്ചതെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിന് കൊളോണിയൽ ശക്തികളാണ് ഹിന്ദിക്കും ഉർദുവിനും മതപരമായ വേർതിരിവ് നൽകിയതെന്നും വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.
മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചാപ്പകുത്തി ഉർദുവിനെ നിഷ്കാസനം ചെയ്യാൻ രാജ്യത്ത് ഭരണകൂടങ്ങളുടെ ഒത്താശയോടെ സംഘടിതമായ ശ്രമം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഈ നിരീക്ഷണം. ഉത്തരേന്ത്യയിൽ ബി.ജെ.പി ഭരണത്തിൽ ഔദ്യോഗിക മേഖലകളിൽ നിന്നെല്ലാം ഉർദുവിനെ തഴഞ്ഞു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിക്കുന്ന എല്ലാ ഭാഷകളെയും പരാമർശിച്ചപ്പോൾ ഉർദുവിനെ മാത്രം ഒഴിവാക്കി. കസ്തൂരിരംഗൻ കമ്മിറ്റി നേരത്തേ സമർപ്പിച്ച കരടു വിദ്യാഭ്യാസ നയത്തിലും ഇതുതന്നെ സംഭവിച്ചു. കമ്മിറ്റിയുടെ ആദ്യ കരട് നയത്തിൽ ഉർദുവുണ്ടായിരുന്നു. എന്നാൽ അന്തിമ കരടിൽ ഉർദു അപ്രത്യക്ഷമായി. ഇത് യാദ്യച്ഛികമല്ല. പൂർണമായും ഇന്ത്യയിൽ രൂപപ്പെടുകയും വളരുകയും വികാസം പ്രാപിക്കുകയും ചെയ്ത ഭാഷയാണ് ഉർദു. ഡൽഹിയാണ് ഉർദുവിൻ്റെ ജന്മദേശം. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിൽ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഈ ഭാഷ ജന്മമെടുക്കുന്നത്. പേർഷ്യയിൽ നിന്നെത്തിയ വ്യാപാരികളും കുടിയേറ്റക്കാരും സംസാരിച്ചിരുന്ന അറബി, തുർക്കി, പേർഷ്യൻ ഭാഷകളിൽ നിന്നുള്ള വാക്കുകൾ അന്നത്തെ ഉത്തരേന്ത്യൻ തദ്ദേശീയ സംസാര ഭാഷയുമായി കൂടിച്ചേർന്നാണ് ഉർദു ഉടലെടുത്തത്. ആഗോള തലത്തിൽ അമ്പത് കോടി പേർ സംസാരിക്കുന്ന ഉർദു, ഇന്ത്യയിൽ ഹിന്ദി കഴിച്ചാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയാണ്. ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷയും ഡൽഹി, ബിഹാർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയുമാണ് ഉർദു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട് ഉർദുവിനെ.
ഉർദുവിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു. ഉർദുവായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെ ഭാഷ. ലാഹോറുകാരി യായിരുന്ന നെഹ്റുവിൻ്റെ മാതാവ് സ്വരൂപ് റാണി ദേവി ഉർദു നന്നായി കൈകാര്യം ചെയ്യുമായിരുന്നു. പിതാവ് മോത്തിലാൽ നെഹ്റുവിനുമുണ്ടായിരുന്നു ഉർദുവിൽ അഗാധ ജ്ഞാനം. 1907ൽ യു.പി യിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മോത്തിലാലിൻ്റെ പ്രസംഗം ഉർദുവിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്ര ഭാഷയായി ഉർദുവിനെ അംഗീകരിക്കണമെന്നായിരുന്നു നെഹ്റുവിൻ്റെ താത്പര്യം. മറ്റു മിക്ക സ്വാതന്ത്ര്യ സമര നേതാക്കളും ഇതിനോട് അനുകൂലഭാവം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. 1947ലെ വിഭജനത്തെ തുടർന്ന് പാകിസ്താൻ നിലവിൽ വരികയും ഉർദുവിനെ ദേശീയ ഭാഷയായി പാകിസ്താൻ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇത് നടക്കാതെ പോയത്.
ഗാന്ധിജിയും അംഗീകരിച്ചിരുന്നു ഉർദുവിൻ്റെ പ്രാധാന്യം. 'ഉർദു ഇല്ലാത്ത ഇന്ത്യ അപൂർണമാണെ'ന്നാണ് 1918ൽ ഇൻഡോറിൽ സാഹിത്യ സമ്മേളനത്തിൽ സംസാരിക്കവെ ഗാന്ധിജി പറഞ്ഞത്. 1999 ജൂലൈ 29ന് നടന്ന അഖിലേന്ത്യാ ഉർദു എഡിറ്റേഴ്‌സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യവെ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ ഉർദുവിൻ്റെ പ്രാധാന്യവും ജനകീയതയും എടുത്തു പറയുകയുണ്ടായി. “മുസ്‌ലിം ഭാഷയല്ല ഉർദു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിന്ദുക്കളും മറ്റു മതസ്ഥരും ധാരാളമുണ്ട് ഉർദു സംസാരിക്കു ന്നവരിൽ. ഹൈന്ദവ ഭക്തകവി സന്ത് തുക്കുറാം ഉർദുവിലാണ് അദ്ദേഹത്തി ൻ്റെ ഒട്ടേറെ ഭക്തിഗാനങ്ങൾ എഴുതിയത്. പ്രമുഖ സാഹിത്യകാരനായിരുന്ന മുൻഷി പ്രേംചന്ദിൻ്റെ ആദ്യകാല കൃതികൾ ഉർദുവിലാണ് ” എന്നും കെ.ആർ നാരായണൻ ചൂണ്ടിക്കാട്ടി. ആശയ വിനിമയത്തിൻ്റെ മാത്രമല്ല, സാമുദായിക ഐക്യത്തിൻ്റെയും ദേശീയ അന്തർദേശീയ ഏകീകരണത്തിൻ്റെയും മാധ്യമമായാണ് ഉർദുവിനെ ആദ്യ കാല നേതാക്കളെല്ലാം കണ്ടത്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ് വിരുദ്ധ വികാരവും ദേശീയ ബോധവും ഉണർത്തുന്നതിൽ ഉർദു വലിയ പങ്കുവഹിച്ചു. അച്ചടി മാധ്യമങ്ങൾ രംഗത്തു വന്നിട്ടില്ലാത്ത കാലഘട്ടത്തിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം ധ്വനിപ്പിക്കുന്ന നിരവധി ഉർദു കൈയെഴുത്ത് പത്രങ്ങൾ ഡൽഹിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആളുകളെ ഒരുമിച്ചു കൂട്ടി ഉർദു പത്രങ്ങൾ ഉറക്കെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ രംഗത്തിറക്കുന്നതിൽ ഉർദു പത്രങ്ങൾ വലിയ പങ്കാണ് വഹിച്ചത്. ദില്ലി അഖ്ബാർ, സാദിഖുൽ അഖ്ബാർ തുടങ്ങിയ ഉർദു പത്രങ്ങൾ ദേശീയ സമരത്തിൻ്റെ തീച്ചൂളയിലേക്ക് എടുത്തുചാടാൻ ജനങ്ങൾക്ക് പ്രചോദനമേകി. ഈ പശ്ചാത്തലത്തിൽ, മുസ്‌ലിമേതരരെ ഉർദുവുമായി അകറ്റി രാജ്യത്ത് സാമൂഹിക വിഭജനം സൃഷ്ടിക്കുന്നതിന് ബ്രിട്ടീഷുകാരാണ് ഉർദു മുസ്‌ലിംകളുടെ ഭാഷയാണെന്ന പ്രചാരണത്തിന് തുടക്കമിട്ടത്. കൊളോണിയലിസത്തിൻ്റെ ഈ കുതന്ത്രത്തിൽ അകപ്പെടുകയായിരുന്നു ഹിന്ദുത്വർ. ഈ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് സുപ്രീം കോടതി നിരീക്ഷണം.
കടപ്പാട് : സിറാജ് എഡിറ്റോറിയൽ

No comments:
Post a Comment