April 20, 2025

ഉർദു:ഭാഷാ വിരോധികൾക്ക് താക്കീതായ കോടതി വിധി

ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട്

ഇന്ത്യൻ സംസ്കാരത്തിൽ ഇഴുകിച്ചേർന്ന ഭാരതത്തിന്റെ മണ്ണിൽ പിറവിയെടുത്ത മതേതര ഇന്ത്യയുടെ ഭാഷയാണ് ഉർദു .എന്നാൽ ഈ ഭാഷ പലപ്പോഴും വർഗീയതയുടെ വക്താക്കളുടെ വിഷം ചീറ്റലിന്  വിധേയമായിട്ടുണ്ട് .കേരളം ഒഴികെ ഭൂരിഭാഗം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മുസ്ലിം സമുദായം മതപരമായ കാര്യങ്ങൾ പഠിക്കുന്നത് ഉർദു ഭാഷയിലൂടെയാണ് .കാരണം അവരുടെ മാതൃഭാഷ ഉർദു ആണ് .മറ്റൊന്ന് ഇന്ത്യാ രാജ്യം വിഭജനത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തപ്പോൾ പാക്കിസ്താൻ തങ്ങളുടെ രാഷ്ട്രഭാഷ ഉർദു ആയി പ്രഖ്യാപിച്ചു .സത്യത്തിൽ പാക്കിസ്താന് ഉർദു രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാൻ ഒരു അർഹതയും ഇല്ലായിരുന്നു .കാരണം അവിടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷ പശ്ത്തോ ,പഞ്ചാബി , സിന്ധി , എന്നിവയാണ് . അവിടെ നാലാം സ്ഥാനത്താണ് ഉർദു .  പാക്കിസ്താനിൽ ഉർദു സംസാരിക്കുന്നതിനേക്കാൾ ഉർദു സംസാരിക്കുന്നവരും ഉർദു സാഹിത്യകാരന്മാരും ഇന്ത്യയിലാണുള്ളത്.


വിഭജനാനന്തര ഇന്ത്യയിൽ ഉർദു ഭാഷയെ മഞ്ഞക്കണ്ണട വെച്ച് നോക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവർ അന്നു മുതൽ തന്നെ ഉർദുവിനെ ഒരു മുസ്ലിം ഭാഷയായി ചാപ്പ കുത്തിയിരുന്നു .കേരളത്തിൽ എസ് എം സർവർ സാഹിബ് ഉർദു ഭാഷയുടെ പുരോഗതിക്ക് വേണ്ടി പ്രചരണം നടത്തിവരുന്ന കാലത്ത് പാക്കിസ്താൻ ഭാഷക്ക് വേണ്ടി  വാദിക്കുന്നതെന്തിനെന്ന് ചോദിച്ചവർ ഉണ്ടായിരുന്നു .അദ്ദേഹം ഓൾ ഇന്ത്യ റേഡിയോ ഉർദു സർവീസിന്റെ വാർത്ത കേട്ടിരിക്കുമ്പോൾ പോലീസിൽ പരാതി കൊടുത്തവർ പോലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി, ഡോക്ടർ രാജേന്ദ്രപ്രസാദ് പോലെയുള്ള മുതിർന്ന രാഷ്ട്ര നേതാക്കന്മാർ  വാദിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. കൃഷൻ ചന്ദ് , രാജേന്ദ്ര സിംഗ് ബേദി ,ജഗന്നാഥ് ആസാദ് , ആനന്ദ് നാരായൺ മുല്ല ,മാലിക് റാം , ജംന പ്രശാദ് ,നരേഷ് കുമാർ ,ചന്ദ്ര ഭാൻ ഖയാൽ ,ഗോപി ചന്ദ്  നാരംഗ്, സോഹൻ രാഹി തുടങ്ങിയ ധാരാളം അമുസ്ലിം ഉർദു സാഹിത്യകാരന്മാർ തങ്ങളുടെ വ്യത്യസ്തമായ സാഹിത്യ രചന കളിലൂടെ വർഗീയവാദികൾക്കുള്ള മറുപടി നൽകിയിട്ടുണ്ട് .ഇന്ത്യയിലെ പരമോന്നത സാഹിത്യ അവാർഡായ ജ്ഞാനപീഠം പുരസ്കാരം നേടിയവരിൽ രഘുപതി സഹായ് , ഫിറാഖ് ഘോരഖ് പൂരി ,സമ്പൂർണ്ണ സിംഗ് ഗുൽസാറിനെ പോലെയുള്ള പ്രശസ്ത ഉർദു എഴുത്തുകാരുണ്ട് .


ഇങ്ങനെ മതഭേദമന്യേ ഇന്ത്യയിലെ അതിപ്രഗത്ഭരായിട്ടുള്ള എഴുത്തുകാരും ചിന്തകരും സാധാരണക്കാരായ ജനങ്ങളാകെയും ഉർദു ഭാഷയെ സ്നേഹിക്കുമ്പോഴാണ് ചിലർ കടുത്ത വർഗീയ വിദ്വേഷം ഉയർത്തി ഉർദുവിനെ എതിർക്കുന്നത് .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉർദു മീഡിയം സ്കൂളുകൾ ഉള്ള മഹാരാഷ്ട്രയിലെ ആക്കോല ജില്ലയിലെ പാത്തൂർ മുനിസിപ്പൽ കൗൺസിൽ തീരുമാനപ്രകാരം കെട്ടിടത്തിലും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ദിശാസൂചിക ബോർഡുകളിലും മറാഠിയോടൊപ്പം ഉർദുവിലും എഴുത്തുകളുണ്ട്. ഓഫീസിനു മുകളിൽ " ദഫ്ത്തരെ ബൽദിയ  പാത്തൂർ " എന്ന് എഴുതിയതാണ് അടിസ്ഥാന പ്രശ്നം. ഇതാണ് ഏറ്റവും പുതുതായി ഉർദുവിനെ കോടതിയിലേക്ക് വലിച്ചിഴക്കാൻ കാരണമായത്. 1956 മുതൽ പാത്തൂർ മുനിസിപ്പൽ കൗൺസിലിന്റെ കെട്ടിടത്തിലും ദിശ ബോർഡുകളിലും ഉർദു അക്ഷരത്തിൽ എഴുത്തുകളുണ്ട് .2014 വരെ ഇതേ ചൊല്ലി എന്തെങ്കിലും പ്രശ്നമോ എതിർപ്പോ ആരും ഉന്നയിച്ചിട്ടില്ല .2014ലെ ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ മറ്റെല്ലാതലങ്ങളിലും വർഗീയ വിദ്വേഷം വളർത്തിയത് പോലെ ഉർദുവിനെതിരെയും ആക്ഷേപങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ചിലർക്ക് പ്രചോദനമായി.2020 ൽ പാത്തൂർ മുനിസിപ്പൽ കൗൺസിലിന് പുതിയ കെട്ടിടം ഉണ്ടാക്കിയപ്പോൾ ഫെബ്രുവരി 14ന് നടന്ന മുനിസിപ്പൽ കൗൺസിലിന്റെ  തീരുമാനപ്രകാരം പുതിയ കെട്ടിടത്തിന് മറാഠിയിലും ഉർദുവിലും പേരെഴുതുന്നതിനു വേണ്ടി തീരുമാനിച്ചു എന്നാൽ ഈ തീരുമാനത്തിനെതിരായി അന്നത്തെ ബിജെപി കൗൺസിലർ വർഷാത്തായി സൻജെ ബാഗ്‌ഡെ ജില്ലാ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. അതിൻന്റെ അടിസ്ഥാനത്തിലായിരുന്നു  മറാഠിയിൽ മാത്രമേ എഴുതാവൂ എന്ന് ഉത്തരവിറക്കിയത്. അന്ന് അതിനെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതാവും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റുമായ സയ്യിദ് ബുർഹാൻ സയ്യിദ് നബിയാണ് നിയമ പോരാട്ടത്തിനിറങ്ങിയത്.


കളക്ടറുടെ ഏകപക്ഷീയമായ വിധിക്കെതിരായി സയ്യിദ് ബുർഹാൻ സയ്യിദ് നബിയും കൂട്ടരും അമരാവതി കമ്മീഷണർ കോടതിയിൽ അപ്പീൽ കൊടുത്തു. ഉർദുഭാഷക്ക് അനുകൂല വിധി വന്നു .ഇതിനെതിരായി വർഷാത്തായി തന്നെ നാഗ്പൂർ ഹൈക്കോടതിയിൽ ഹരജി നൽകിയെങ്കിലും അത് കോടതി തള്ളുകയായിരുന്നു.  പിന്നീടാണ് 2023 ൽ ഹൈക്കോടതി വിധിയ്ക്കെതിരായി സുപ്രീംകോടതിയിൽ കേസ് വരുന്നത്. ഇതിന്റെ അന്തിമ തീരുമാനമായാണ് ഇപ്പോൾ സുപ്രീംകോടതിയുടെ സുപ്രധാന വിധി  വന്നിട്ടുള്ളത് .ഭാഷ മതമല്ല സംസ്കാരമാണെന്നും ഉർദുഭാഷയെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്നുള്ള അവജ്ഞയർഹിക്കുന്ന വ്യതിചലനമാണെന്നും ഉർദു ഭാഷ ഈ മണ്ണിലാണ് ജനിച്ചതെന്നും തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി വിധിയിലെ വാചകങ്ങളിൽ കാണുന്നത്.


ഉർദുവിനെ ഒരു മുസ്ലിം ഭാഷയായി ചിത്രീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ബ്രിട്ടീഷുകാരായിരുന്നു .1947 നു ശേഷം ആ വിരോധം മറ്റു ചിലരുടെ മസ്തിഷ്കത്തിൽ കയറിക്കൂടി. അധികാരവും ചെങ്കോലും കയ്യിൽ വരുമ്പോൾ ന്യൂനപക്ഷത്തിനെതിരായി  അവരനുഭവിക്കുന്ന ഓരോ ആനുകൂല്യങ്ങളും ഇല്ലാതെയാക്കുന്ന പ്രവണതയ്ക്കെതിരായിരുന്നു സുപ്രീംകോടതിയുടെ വിധി .ബ്രിട്ടീഷുകാർ 1800 ൽ കൽക്കത്തയിലെ ഫോർട്ട് വില്യം കോളേജിൽ നിന്നാണ് ഹിന്ദി ഹിന്ദുക്കളുടെയും ഉർദു മുസ്ലിംകളുടെയും ഭാഷാ എന്ന വേർതിരിവ് ഉണ്ടാക്കി വച്ചത് .ഇന്ത്യയിൽ ഭാഷയുടെ പേരിൽ വർഗീയത ഉണ്ടാക്കിയതിൽ ബ്രിട്ടീഷുകാർക്ക് വലിയ പങ്കുണ്ട് . അവരുടെ ഭിന്നിപ്പിക്കൽ തന്ത്രമാണ് അവസാനമായി രാജ്യവിഭജനത്തിലേക്ക് വരെ എത്തിയത്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ വർഗീയതക്കും വിഭജനത്തിനുമെതിരെയാണ് സുപ്രീംകോടതിയുടെ പ്രഹരം ഏറ്റിരിക്കുന്നത്. ഭാഷകൾക്ക് മതത്തിന്റെ നിറം നൽകി ഇല്ലാതെയാക്കാനോ  പവിത്രമായ ഭരണഘടനയെ നിർവീര്യമാക്കാനോ അതിൽ വെള്ളം ചേർക്കാനോ പാർലമെന്റിലെ ഭൂരിപക്ഷം കൊണ്ട് മാത്രം കഴിയില്ല എന്ന പാഠമാണ് കോടതിയുടെ വിധി.പലതരത്തിലുള്ള നിയമനിർമ്മാണ ശ്രമങ്ങളാണ് നമ്മുടെ പാർലമെന്റിൽ നടന്നുകൊണ്ടിരിക്കുന്നത് .മഹാഭൂരിഭാഗം നിയമനിർമാണവും ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ പൊതുവിലും മുസ്ലീങ്ങളെ വിശേഷിച്ചും ലക്ഷ്യം വെച്ചുകൊണ്ടാണ് നടത്തിവരുന്നത് .ഒരു രാജ്യം ഒരു ഭാഷ എന്ന വർഗീയവാദികളുടെ മുദ്രാവാക്യം ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണ് ഉപകരിക്കുന്നത് .ഒരു ഇന്ത്യ ഒരു ഭാഷ എന്ന മുദ്രാവാക്യം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് .സംസ്ഥാനങ്ങളിൽ നിന്നാകെയും പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്ന് ഈ നിലപാടിനെതിരായി അതിശക്തമായ പ്രതിഷേധവും ചെറുത്തുനിൽക്കും ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ജനങ്ങൾക്ക് സംസാരിച്ചാൽ ഉൾക്കൊള്ളാൻ കഴിയുന്ന ഉർദു ഭാഷയെ ഇതോടെ ഇല്ലാതെയാക്കാൻ കഴിയും എന്നാണ് അവരുടെ നിരീക്ഷണം . ഉർദുവിലെ സംസാരത്തിന് ഹിന്ദി എന്ന പേര് കൊടുത്ത് ലിപി മാറ്റുന്നതോടെ  ഈ ഭാഷ ശവകുഴിയിലേക്ക് പോകും. അത് ഇന്ത്യൻ സംസ്കാരത്തിന്റെ കൂടി മരണമായിരിക്കും. ഇങ്ങനെയുള്ള മലിനമായ ചിന്തകൾക്കാണ് സത്യത്തിൽ സുപ്രീംകോടതി വിലങ്ങു വച്ചിരിക്കുന്നത്. സുപ്രീംകോടതി പറയുന്നത് ഹിന്ദു മുസ്ലിം സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഗംഗ യമുന തഹസീബിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഉർദു.


ഉർദു വാക്കുകളോ ഉർദുവിൽ നിന്ന്  ഉരുത്തിരിഞ്ഞ വാക്കുകളോ ഉപയോഗിക്കാതെ ഹിന്ദി സംസാരിക്കാൻ പറ്റില്ല . ഹിന്ദി എന്ന വാക്ക് തന്നെ ഹിന്ദവി എന്ന പേർഷ്യൻ പദത്തിൽ നിന്ന് ഉണ്ടായതാണെന്ന് ജഡ്ജിമാർ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ്മാരായ സുധാൻഷു ധൂലിയ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ വിധിയിലെ ഓരോ വരികളും നമ്മുടെ രാജ്യത്തിൻറെ മതേതര പാരമ്പര്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് .സിന്ധി ഹിന്ദുവിനെയോ ഉർദു മുസ്ലിമിനെയോ പ്രതിനിധീകരിക്കുന്നില്ല .ഭാഷ ഒരു സമൂഹത്തിന്റേതോ പ്രദേശത്തിന്റെതോ ജനതയുടെയോ സംസ്കാരത്തിന്റെയോ ഭാഗമാണ്.




No comments:

Post a Comment