ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട്
ഈയിടെ അന്തരിച്ച പ്രശസ്ത ഉർദു സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. ഡോ: ശാറിബ് റുദോൽവി ഒരിക്കൽ ഇങ്ങനെ പറഞ്ഞു " എസ്.എം. സർവറിന്റെ കവിതകളും വിവർത്തന കൃതികളും അവയിലൂടെ വികസിച്ചു വന്ന കേരളത്തിലെ ഉർദു ഭാഷാ പ്രചരണ പ്രവർത്തനങ്ങളും വിലയിരുത്തുമ്പോൾ തീർച്ചയായും എസ്.എം. സർവറിനെ കേരളത്തിലെ ഉർദുവിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്."
1916 ജൂൺ 13 ന് തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ച അദ്ദേഹം സർഗ ധന്യമായ കർമ്മം കൊണ്ട് മലപ്പുറത്തുകാരനായിട്ടാണ് ജീവിച്ചത്. സ്വാതന്ത്ര്യത്തോടൊപ്പം സംഭവിച്ച വിഭജനം ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത് ഉർദു ഭാഷക്കായിരുന്നു. കേരളത്തിലും ഉർദു ഭാഷ നല്ല നിലയിൽ വളർന്നുകൊണ്ടിരിക്കെ സംഭവിച്ച ദുരന്തം ചെറുതായിരുന്നില്ല. ഈ തകർച്ചയിൽ നിന്ന് ഉർദുവിനെ കരകയറ്റുന്നതിൽ മുന്നിൽ നിന്ന് പോരാടിയ മഹദ് വ്യക്തി സർവർ സാഹിബായിരുന്നു.
ഇന്ത്യയിൽ പിറന്ന ഈ നാടിന്റെ തനിമയുള്ള ഉർദുവിനെ വർഗീയതയുടെ ഉപകരണമാക്കാനാണ് ചിലർ ശ്രമിച്ച് വന്നത്.1944 മുതൽ1971 വരെ മലപ്പുറം ഗവൺമെന്റ് സ്കൂളിൽ ഉർദു അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കാലത്ത് പൊതുജനങ്ങൾക്കിടയിൽ ഭാഷാ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ സർവർ സാഹിബിന് സാധിച്ചു. മലയാള മാധ്യമങ്ങളും ആനുകാലികങ്ങളും ഇതിനായി അദ്ദേഹം സമർത്ഥമായി ഉപയോഗിച്ചു. ഇതിൽ ചന്ദ്രിക ദിനപത്രവും ആഴ്ചപ്പതിപ്പും നിർവഹിച്ച പങ്ക് സവിശേഷമായി എടുത്തു പറയേണ്ടതുണ്ട്. നിരവധി ഉർദു രചനകളും ലേഖനങ്ങളും ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പിൽ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളും ഫീച്ചറുകളും സാധാരണക്കാരിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു.
അതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഉർദു ആനുകാലികങ്ങളിലേക്ക് കവിതകൾ അയച്ചു കൊടുത്തിരുന്നു. അങ്ങനെയാണ് എസ്.എം. സർവർ എന്ന മലയാളിയായ ഉർദു കവി കേരളത്തിന് പുറത്ത് പ്രശസ്തനായിത്തീർന്നത്. മലയാള സാഹിത്യത്തിലെ മുൻ നിര എഴുത്തുകാരായ എം.ടി. പൊൻകുന്നം വർക്കി , പോഞ്ഞിക്കര റാഫി , വൈക്കം മുഹമ്മദ് ബഷീർ, എന്നിവരുടെ കഥകൾ ഉർദുവിലേക്ക് വിവർത്തനം ചെയ്ത് വിവിധ ഉർദു മാസികകളിൽ പ്രസിദ്ധീകരിച്ചു. ഇതു വഴി സാധ്യമായ ഉർദു മലയാളം സാഹിത്യ സാംസ്കാരിക സമന്വയത്തിന്റെ വാക്താവ് കൂടിയായി സർവർ മാറുകയായിരുന്നു.
1942 മുതൽ ഉർദു കവിതകൾ, ലേഖനങ്ങൾ, വിവർത്തനങ്ങൾ, എന്നിങ്ങനെ ധാരാളമായി അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ രണ്ട് കവിതാ സമാഹാരങ്ങൾ" അർമഗാനെ കേരള","നവായെ സർവർ", എന്നിവ പ്രസിദ്ധീകൃതമായി.1988 ൽ പ്രസിദ്ധീകരിച്ച "നവായെ സർവർ"( സർവറിന്റെ ശബ്ദം) എന്ന സമാഹാരത്തിന് ഉത്തർപ്രദേശ് ഉർദു അക്കാദമിയുടെ പ്രത്യേക പുരസ്കാരവും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി. അല്ലാമാ ഇഖ്ബാലിന്റെ കവിതകളിൽ അതീവ ആകൃഷ്ടനായിരുന്നു അദ്ദേഹം. ആദ്യകാല രചനകളിൽ ഇഖ്ബാൽ കവിതകളുടെ സ്വാധീനം കൂടുതൽ പ്രകടമാണ്. പിന്നീടുള്ള രചനകൾ തനി സർവർ ശൈലിയിലേക്ക് പരിണമിക്കുകയായിരുന്നു." അർമഗാനെ കേരള"(കേരളത്തിന്റെ ഉപഹാരം) എന്ന കവിതാ സമാഹാരം അല്ലാമാ ഇഖ്ബാലിന്റെ പുത്രൻ ജാവേദ് ഇഖ്ബാലിന് ലഭിച്ച പ്പോൾ അദ്ദേഹം സർവറിനെ പ്രശംസിച്ചു കൊണ്ട് കത്തയച്ചത് അമൂല്യമായൊരു അംഗീകാരമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്.
1942 ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഉർദു പഠനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം ആദ്യമായി ഉർദു അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് തലശ്ശേരിയിലെ ഒരു വിദ്യാലയത്തിലായിരുന്നു. രണ്ട് വർഷക്കാലത്തെ തലശ്ശേരി താമസത്തിനിടയിൽ പല ദിവസങ്ങളിലും വൈകുന്നേരം കെ.എം. സീതിസാഹിബ് അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയും ശിബിലി നുഅ്മാനിയുടെ പ്രശസ്ത ഉർദു ഗ്രന്ഥമായ" സീറത്തുന്ന ബി" പാരായണം ചെയ്ത് മലയാള അർത്ഥം മനസ്സിലാക്കിയിരുന്നതായി സർവർ സ്മരിച്ചിരുന്നു.1947 ന് ശേഷം മദ്രാസ് സർവകലാശാലയുടെ അദീബെ ഫാസിൽ കോഴ്സ് കേരള സർവകലാശാലയിലേക്ക് മാറ്റിയത് സീതീ സാഹിബ് ആയിരുന്നു. കെ.എം.സീതീ സാഹിബിനോടുള്ള അടുപ്പവും സ്നേഹവുമാണ് സീതീ സാഹിബിന്റെ നിര്യാണത്തിന് ശേഷം " കെ.എം. സീതി" എന്ന സുദീർഘമായ ഉർദു കവിത സർവർ സാഹിബിന്റെ തൂലികയിൽ നിന്ന് പിറക്കാൻ കാരണമായത്.
1967 ൽ നിലവിൽ വന്ന സപ്തകക്ഷി മുന്നണി മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളായ സി.എച്ചും. ബാപ്പു കുരിക്കളുമായി സർവർ സാഹിബിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. മാത്രമല്ല കുരിക്കളെ അദ്ദേഹം ഉർദു പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കേരളത്തിൽ കേവലം അഞ്ച് വിദ്യാലയങ്ങളിൽ മാത്രമായിരുന്നു അന്ന് ഉർദു പഠനം ഉണ്ടായിരുന്നത്. സർവറിന്റെ നിരന്തരമായ ഇടപെടൽ കാരണം ഇത് 1971 - 72 കാലം മുതൽ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിച്ചു. ഇക്കാര്യത്തിൽ സി.എച്ചിന്റെയും ബാപ്പു കുരിക്കളുടെയും സഹായം അവിസ്മരണീയമാണ്. അതുകൊണ്ടാണ് സർവർ കുരിക്കളെ കുറിച്ച് ഉർദുവിൽ കവിത രചിക്കുകയും സി.എച്ച്. മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തെ കുറിച്ച് അനുസ്മരണ ലേഖനവും എഴുതിയത്. കേരള സർവകലാശാലയിൽ നിന്ന് അദീബെ ഫാസിൽ കോഴ്സ് കലിക്കറ്റ് സർവകലാശാലയിലേക്ക് മാറ്റിയതും സി.എച്ച്. ആയിരുന്നു.
കെ.പി.എ.മജീദ് എം.എൽ എ സർവറിന്റെ ശിഷ്യനാണ്. ഡോ: എം.പി.അബ്ദുസ്സമദ് സമദാനി എം.പി.ക്ക് സർവറുമായി ചിരകാല സൗഹൃദമാണുണ്ടായിരുന്നത്.
1971 ൽ അദ്ദേഹം താമസിച്ചിരുന്ന മലപ്പുറം മുണ്ടുപറമ്പ് പ്രദേശത്തിന്" ഉർദു നഗർ" എന്ന് പേരിട്ട് ഒരു മഹാ സമ്മേളനം സംഘടിപ്പിച്ചു. ഈജിപ്തിലെ കൈറോവിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആദ്യമായി പങ്കെടുത്ത പൊതുപരിപാടി ഈ സമ്മേളനമായിരുന്നു. ഉദ്ഘാടകനായിരുന്നു തങ്ങൾ. മുൻ മന്ത്രിയായിരുന്ന യു.എ.ബീരാൻ ഉൾപ്പെടെ പല നേതാക്കളും ഇതിൽ പങ്കെടുത്തിരുന്നു. 1984 ൽ മലപ്പുറം ഗവ: കോളേജിൽ വെച്ച് നടന്ന അഖിലേന്ത്യാ യൂണിവേഴ്സിറ്റി ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സമ്മേളനത്തിലെ കവിയരങ്ങിൽ സർവർ ചൊല്ലിയ കവിതകൾ എല്ലാവരെയും ഹഠാദാകർഷിച്ചു. 1991 ൽ അബ്ദുസ്സമദ് സമദാനിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചുമൻ തറഖി ഉർദു(ഹിന്ദ്) കേരള ഘടകം രൂപീകരണ വേളയിലും സർവർ രചിച്ച് ആലപിച്ച കവിതകൾ കേട്ട് ഉത്തരേന്ത്യയിൽ നിന്നെത്തിയ പ്രതിനിധികൾ ആശ്ചര്യപ്പെടുകയുണ്ടായി.
ഇങ്ങനെ എസ്.എം. സർവറിന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അക്ഷരാർത്ഥത്തിൽ നമുക്ക് അദ്ദേഹത്തെ കേരളത്തിലെ ഉർദുവിന്റെ പിതാവ് എന്ന് വിളിക്കേണ്ടിവരും.1994 സപ്തംബർ 4 ന് മുണ്ടുപറമ്പിലെ (ഉർദു നഗർ) വസതിയിൽ വെച്ചായിരുന്നു മരണം. അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് തൃശൂർ കാട്ടൂർ ജൂമാമസ്ജിദ് ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം.
മലപ്പുറത്ത് ജീവിച്ച് അതുല്യമായ സാഹിത്യ സപര്യയിലൂടെ ഉർദു ഭാഷക്ക് മഹാ സംഭാവനകൾ സമർപ്പിച്ച സർവർ സാഹിബിന് ഇവിടെ ഒരു സ്മാരകമില്ലെന്നതാണ് ഏറ്റവും ഖേദകരമായത്. കേരളത്തിലെ ഉർദു അധ്യാപകരുടെയും ഭാഷാ പ്രേമികളുടെയും എഴുത്തുകാരുടെയും എക്കാലത്തെയും അഭിലാഷമാണ് സർവർ സ്മാരകം. മലപ്പുറത്തെ ജനപ്രതിനിധികളും സാംസ്കാരിക സമൂഹവും ഇക്കാര്യത്തിൽ ഇനിയെങ്കിലും കണ്ണ് തുറക്കുമെന്നാണ് ഉർദു ഭാഷാ സ്നേഹികളുടെ പ്രതീക്ഷ.

Good
ReplyDelete